രാജ്യം ഏറെ ഉറ്റുനോക്കിയ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളാണ് പൂര്‍ത്തിയായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ്, ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന പരീക്ഷണം കൂടിയായിരുന്നു. ആറു സംസ്ഥാനങ്ങളിലേക്കുള്ള ഏഴു നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ നാലിടത്തും ഉജ്വല വിജയം കരസ്ഥമാക്കി പ്രതിപക്ഷ ഐക്യ നീക്കത്തെ ഒരിക്കല്‍ക്കൂടി ദയനീയമായി പരാജയപ്പെടുത്താന്‍ ബിജെപിക്കായി. മിക്ക മണ്ഡലങ്ങളിലും അമ്പതു ശതമാനത്തിലേറെ വോട്ടുകള്‍ കരസ്ഥമാക്കിയുള്ള വിജയത്തിലേക്ക് ബിജെപി മുന്നേറുന്ന കാഴ്ചയും ദൃശ്യമായി.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ശിവസേന സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ അവിടുത്തെ ഫലം മുന്‍കൂട്ടിത്തന്നെ ഉറപ്പിച്ചതാണ്. എന്നാല്‍ ബീഹാറിലും യുപിയിലും ഹരിയാനയിലും തെലങ്കാനയിലും ഒഡീഷയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ നല്‍കിയാണ് ഹരിയാനയിലും യുപിയിലും ഒഡീഷയിലും ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ വിജയിപ്പിച്ചത്. എത്ര പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയാലും ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്ന് ജനം ഉറക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാര്‍ത്ഥി വിജയിച്ച തെലങ്കാനയിലെ മുനുഗോഡ് നിയമസഭാ മണ്ഡലത്തിലെ ബിജെപി-ടിആര്‍എസ് പോരാട്ടമായിരുന്നു ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2018ല്‍ കോണ്‍ഗ്രസ് എംഎല്‍എയായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ. രാജ് ഗോപാല്‍ റെഡ്ഡി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ സ്ഥാനം ഒഴിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ടിആര്‍എസ് മുതിര്‍ന്ന നേതാവ് കെ. പ്രഭാകര്‍ റെഡ്ഡിയെ തന്നെ മത്സര രംഗത്തിറക്കി. 14 സംസ്ഥാനമന്ത്രിമാരും 60 ടിആര്‍എസ് എംഎല്‍എമാരുമാണ് മുനുഗോഡ് മണ്ഡലത്തില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനും പ്രചാരണ രംഗത്തേക്ക് വിനിയോഗിച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ ടിആര്‍എസിന് 97,006 വോട്ടുകളും ബിജെപിക്ക് 86,485 വോട്ടുകളും നേടാനായി. സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് 23,864 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2018ലെ പന്ത്രണ്ടായിരം വോട്ടില്‍ നിന്ന് മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണ് ബിജെപി മണ്ഡലത്തിലുണ്ടാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയില്‍ മുഖ്യപ്രതിപക്ഷമായി ബിജെപി വളര്‍ന്നുകഴിഞ്ഞു. പ്രാദേശിക പാര്‍ട്ടിയായ ടിആര്‍എസും ദേശീയ പ്രസ്ഥാനമായ ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് അടുത്ത വര്‍ഷം തെലുങ്കുനാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായതിന്റെ സൂചനകള്‍ കൂടി തെലങ്കാനയിലെയും ഹരിയാനയിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്നു. ഒരു കാലത്ത് അവിഭക്ത ആന്ധ്ര പതിറ്റാണ്ടുകളോളം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രത്തിലേ ഇല്ല. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പോലും യാതൊരു പ്രഭാവവും ഉപതെരഞ്ഞെടുപ്പില്‍ അവിടെയുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോണ്‍ഗ്രസിന് മുനുഗോഡില്‍ നഷ്ടമായത് അമ്പതിനായിരത്തിലേറെ വോട്ടുകളാണ്. സമാന സ്ഥിതിയാണ് ഹരിയാനയിലെ അധംപൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും കോണ്‍ഗ്രസ് നേരിട്ടത്. 1968 മുതല്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള മണ്ഡലമായ അധംപൂരാണ് ഇത്തവണ പാര്‍ട്ടിക്ക് നഷ്ടമായത്. ഇതാദ്യമായി അധംപൂരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. 16,000ത്തിലേറെ വോട്ടുകള്‍ക്കാണ് കുല്‍ദീപ് ബിഷ്ണോയിയുടെ മകന് ഭവ്യ ബിഷ്ണോയ് ഇവിടെ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രിയും ഹരിയാനയിലെ മുതിര്‍ന്ന നേതാവുമായ ഭജന്‍ലാലിന്റെ മണ്ഡലമായിരുന്ന അധംപൂരില്‍ ഭജന്‍ലാലിന് ശേഷം അദ്ദേഹത്തിന്റെ മകനും മുതിര്‍ന്ന നേതാവുമായ കുല്‍ദീപ് ബിഷ്ണോയി തുടര്‍ച്ചയായ നാലു തവണ എംഎല്‍എയായി. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടിയില്‍നിന്ന് കുല്‍ദീപ് രാജിവെയ്ക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ശക്തനായ ജാട്ട് നേതാവിനെ തന്നെ കോണ്‍ഗ്രസ് മത്സരത്തിനിറക്കിയെങ്കിലും ഭവ്യ മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി മണ്ഡലം പിടിച്ചെടുത്തു.
വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പരീക്ഷണങ്ങള്‍ നടന്ന മണ്ഡലങ്ങളാണ് ബീഹാറിലെ ഗോപാല്‍ഗഞ്ച്, മൊകാമ, വടക്കന്‍ യുപിയിലെ ഗൊല ഗോരഖ്നാഥ് എന്നിവ. ബിജെപിക്കെതിരെ ജെഡിയു, ആര്‍ജെഡി, എസ്പി, കോണ്‍ഗ്രസ്, സിപിഎം, മറ്റ് ഇടതു പാര്‍ട്ടികള്‍ തുടങ്ങി പ്രതിപക്ഷ നിര മുഴുവനും അണിനിരന്നപ്പോഴും ഗോപാല്‍ഗഞ്ചും ഗൊല ഗോരഖ് നാഥും നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. മൊകാമയില്‍ മാത്രമായി പ്രതിപക്ഷ മോഹങ്ങള്‍ ഒതുങ്ങി. ഗോപാല്‍ഗഞ്ചില്‍ ബിഎസ്പി, എഎംഐഎം പാര്‍ട്ടികള്‍ വിശാല സഖ്യത്തിനൊപ്പം നില്‍ക്കാതെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ഗോപാല്‍ഗഞ്ചില്‍ വിശാല പ്രതിപക്ഷത്തിന് തിരിച്ചടിയായത്. ഗൊല ഗോരഖ്നാഥില്‍ 56 ശതമാനം വോട്ടോടെയാണ് ബിജെപിയുടെ അമന് ഗിരി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. എസ്പി സ്ഥാനാര്‍ത്ഥി വിനയ് തിവാരിക്ക് കോണ്‍ഗ്രസ് അടക്കമുള്ള മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണ നല്‍കിയിട്ടും നാല്‍പ്പതു ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
ഒഡീഷയില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ധാംനഗര്‍ നിലനിര്‍ത്താനായത് സംസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റത്തിന്റെ തെളിവായി. അമ്പതു ശതമാനത്തോളം വോട്ടുകള്‍ നേടിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി സൂര്യവംശി സൂരജ് വിജയിച്ചത്. ബിജെഡി സ്ഥാനാര്‍ത്ഥി അബന്തി ദാസിനെ പരാജയപ്പെടുത്താനായത് ഒഡീഷ സര്‍ക്കാരിനും ബിജെഡിക്കുമുള്ള ശക്തമായ മുന്നറിയിപ്പുകൂടിയായി. ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പിന് മുമ്പ് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് പറഞ്ഞതിപ്രകാരമാണ്. ‘മത്സരം നടക്കുന്ന ആറു മണ്ഡലങ്ങളിലും ബിജെപിയുമായാണ് മറ്റുള്ളവരുടെ പോരാട്ടം. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി വ്യക്തമാക്കുന്ന കാഴ്ചയാണിത്’. ബിജെപി ദേശീയ നേതൃത്വത്തിന്റെ ആ കണക്കുകൂട്ടല്‍ കൃത്യമായിരുന്നുവെന്ന് മത്സരം നടന്ന ആറില്‍ നാലിടത്തെയും ബിജെപി വിജയങ്ങള്‍ തെളിയിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും പ്രധാനമന്ത്രി മോദിക്ക് പിന്നില്‍ ജാതി-മത ഭേദഭാവങ്ങളില്ലാതെ അവര്‍ അണിനിരക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: