തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിലെ ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടിയുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയതെന്ന് തുറന്ന് സമ്മതിച്ച് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍.
മേയറുടെ കത്ത് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് എസ്എടി ആശുപത്രിയിലെ ഒന്‍പത് ഒഴിവുകളില് ആളെത്തേടി പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിയ അനിലിന്റെ കത്തും പുറത്തുവന്നത്. സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പിസമാണ് കത്ത് പുറത്തെത്തിച്ചതെന്ന് പറയപ്പെടുന്നു. മെഡിക്കല്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഡി.ആര്‍. അനില്‍. അനിലിന്റെ ഒപ്പ് ഉള്‍പ്പെടെയുള്ള കത്ത് വ്യാജമാണെന്ന് പറഞ്ഞ് തള്ളാനാകാതെ പാര്‍ട്ടി കുഴയുമ്പോഴാണ് കത്ത് തന്‍റേത് തന്നെയെന്ന് അനില്‍ തുറന്നു സമ്മതിക്കുന്നത്.
എന്നാല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കത്തെഴുതിയതെന്ന് അനിലും അനിലിന്റെ കത്തില്‍ തെറ്റില്ലെന്ന് ആനാവൂര്‍ നാഗപ്പനും വാദിക്കുകയാണ്. എന്നാല്‍ കത്ത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റേത്.
മേയറുടെ കത്ത് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം വരെ വാദിച്ച അനില്‍ ഇപ്പോള്‍ മേയറുടെ കത്തിന് പിന്നിലെ നിജസ്ഥിതി പുറത്തുവരണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: