തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടി അനുയായികളായിട്ടുള്ളവരെ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തുവരികയും ഇത് വിവാദമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന് ആനാവൂര്‍ നാഗപ്പന് അയച്ച വിശദീകരണ കത്തില്‍ പറയുന്നുണ്ട്. താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ആനവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന് എഴുതിയത് എന്ന നിലയില്‍ കഴിഞ്ഞ ദിവസമാണ് കത്ത് പുറത്തിറങ്ങിയത്.
കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്തില്‍ പ്രതിപാദിച്ചിരുന്നത്. നവംബര്‍ ഒന്ന് തിയതില്‍ മേയറുടെ ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്സാപ്പ് ഗ്രൂപ്പുകള്വഴിയാണ് കത്ത് പുറത്തായത്.
അതിനിടെ എസ്എടി ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്പ്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലും ആനാവൂര്‍ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ കത്തും താന്‍ നല്‍കിയതല്ലെന്നാണ് അനിലും പ്രതികരിച്ചത്. സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും അനില്‍ അറിയിച്ചു. അതേസമയം കത്ത് സംബന്ധിച്ച് മേയര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: