തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ തെറ്റായ രീതിയില്‍ വായ്പ എടുത്താല്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. സൗജന്യങ്ങള്‍ നല്കാന് വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. മൂലധന ആസ്തി വളര്‍ത്തുന്നതിനു പകരം ആനുകൂല്യങ്ങള്‍ നല്‍കാനും ദൈനംദിന ചെലവുകള്‍ നടത്താനും വായ്പയെടുത്തു പണം ചെലവഴിക്കാനുള്ള പ്രലോഭനം ചില സംസ്ഥാനങ്ങള്‍ക്കുണ്ട്. അതു വരുംതലമുറകള്‍ക്കു കൂടി വലിയ ബാധ്യത സൃഷ്ടിക്കും. .’സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള പാത’ എന്ന വിഷയത്തില്‍ പി.പരമേശ്വരന് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി .
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്. സംസ്ഥാനങ്ങള്‍ക്ക് 32 ശതമാനം വിഹിതം നല്‍കിയിരുന്നത് 42 ശതമാനമായി ഉയര്‍ത്തി. റോഡ് മുതല്‍ സ്കൂളുകള്‍ വരെ പണിയാനാണ് കേന്ദ്രവിഹിതത്തിലെ തുക നല്‍കുന്നത്. ഇത് ചെലവഴിക്കുന്നത് സംസ്ഥാനങ്ങള്‍ വഴിയുമാണ്. എന്ത് ആവശ്യത്തിനായിട്ടാണൊ നികുതി പിരിക്കുക ആ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പരിശോധനയും ഉണ്ടാകും. ആ തുക എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ കേന്ദ്രം ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്നും മന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങളാണ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രസംസ്ഥാന ബന്ധത്തെ ചിലര്‍ വിമര്‍ശിക്കുന്നത്.
ഒരു രൂപ കേന്ദ്രം നല്കിയാല് പതിനഞ്ച് പൈസ മാത്രമെ ഒരു പൗരന്റെ കൈയ്യിലെത്തുന്നുള്ളൂ എന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞ പോലെയല്ല ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാര്‍ ഒരു രൂപ നല്‍കുമെന്ന് പറഞ്ഞാല്‍ അത് നല്കിയിരിക്കും.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് കോവിഡിനെ നേരിടാനായത്. മോദി സര്‍ക്കാര്‍ ആത്മനിര്ബര്ഭാരതിലൂടെ ഭാരതത്തിന് പുതുജീവന്‍ നല്കി.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയ്ക്ക് കീഴില്‍ എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പരിപാലിക്കുന്നുണ്ട്. രാഷ്ട്രീയ വിജയം നേടാന്‍ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ വിടാന്‍ ചില സംസ്ഥാനങ്ങള്‍ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു
ഉല്പാദിപ്പിക്കാന് സംസ്ഥാനങ്ങളും കേന്ദ്രങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് ഒരു ജില്ല ഒരു ഉല്പന്നം എന്ന പദ്ധതി കൊണ്ടുവന്നതെന്ന് നിര്‍മ്മല സീതരാമന് പറഞ്ഞു. ഉല്പാദനത്തില് സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാകണം.
ചില ഉദ്യോഗസ്ഥര്‍ രാജ്യ താല്പര്യത്തിനെക്കാള് സ്വന്തം താല്പര്യത്തിനായി സംരംഭകരെ ബുദ്ധിമുട്ടിക്കുന്നതു മനസ്സിലാക്കിയാണ് ഏകദേശം 1500 നിയമങ്ങള്‍ എടുത്തു മാറ്റിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു രാജ്യ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാതൃകാ സ്ഥാപനമായി ജിഎസ്ടി കൗണ്‍സില്‍ മാറി. അടുത്ത മാസം ജി-20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കും. ലോകത്തെ 20 പ്രധാന രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒന്നോ രണ്ടോ തവണയെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കും. അതു സംസ്ഥാനങ്ങള്‍ക്കു സ്വയം വളരാനുള്ള അവസരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് അധ്യക്ഷത വഹിച്ചു. ശ്രീരാമ കൃഷ്ണ മിഷന് സന്യാസി സ്വാമി മോക്ഷവൃതാനന്ദ ദീപം തെളിയിച്ചു. രേഖ വി.നായര്‍ സരസ്വതി വന്ദനം ആലപിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്, ഒ.രാജഗോപാല്‍, ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ ബാബു, പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ്, ജനറല്‍ കണ്‍വീനര്‍ എസ്.രാജന്‍പിള്ള, ജില്ലാ പ്രസിഡന്റ് ഡോ.സി.വി.ജയമണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: