ന്യൂദൽഹി: കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും കണ്ണൂർ എസ്പിക്കും കമ്മിഷൻ നിർദേശം നൽകി. മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ ആണ് നോട്ടീസ് നൽകിയത്.
കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ അറിയിച്ചു. എന്താണ് സംഭവിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കി വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ ആവശ്യം. എഫ്ഐആറിന്റെ കോപ്പി അടക്കം ഉൾപ്പെടുത്തി വേണം റിപ്പോർട്ട് നൽകാൻ.
രാജസ്ഥാന് സ്വദേശികളുടെ മകനായ ഗണേഷിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: