തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി ചുമതല ഏറ്റെടുക്കാനെത്തിയ ഡോ.സിസ തോമസിനെ തടഞ്ഞ് എസ്എഫ് ഐ. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് സംഘര്‍ഷം നടത്തുന്നത്. പ്രതിഷേധം പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഡോ. സിസ പ്രതികരിച്ചു.
ഒപ്പിടാനുള്ള രജിസ്റ്റർ നൽകാത്തതിനാൽ ചുമതലയേൽക്കാൻ ഡോ. സിസയ്ക്കായിട്ടില്ല. ഡെപ്യൂട്ടി രജിസ്ട്രാർ ഉൾപ്പടെയുള്ളവർ സമരത്തിലാണ്. രാവിലെ ക്യാമ്പസിൽ കാറിൽ എത്തിയ ഡോ. സിസയെ കവാടത്തിൽ വച്ച് എസ് എഫ് ഐയും ജീവനക്കാരും തടയുകയായിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെ ഇവർ ക്യാമ്പസിൽ പ്രവേശിക്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിസി ചുമതല നൽകുക എന്ന സർക്കാർ ശുപാർശ പാടെ അവഗണിച്ച് കൊണ്ടാണ് കേരള ഗവർണർ തന്റെ ചാൻസലർ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവിറക്കിയത്. മുൻ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടർ സിസ തോമസിന് പുതിയ വിസിയായി ചുമതല നൽകിക്കൊണ്ടുള്ള നടപടി രാജ്ഭവൻ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: