വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചുമൊക്കെ വലിയതോതില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. മാധ്യമങ്ങളെല്ലാം അരയും തലയും മുറുക്കി ലഹരിക്കെതിരായ യുദ്ധപ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ വഴിയും സാമൂഹ്യസ്ഥാപനങ്ങള്‍ വഴിയും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് സേന വഴിയുമൊക്കെയായി വ്യാപകമായ ബോധവത്കരണ ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. വിവിധ സര്‍ക്കാരിതര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതേപാതയിലുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളും യുവജന സംഘടനകളുമൊക്കെ യുദ്ധസന്നാഹങ്ങളുമായി ലഹരിയെന്ന വിപത്തിനെതിരെ നിലയുറപ്പിച്ചുകഴിഞ്ഞു. നിയമപാലകര്‍ പലയിടങ്ങളിലായി ബോധവത്കരണ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചുവരുന്നു. തീര്‍ച്ചയായും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സംവിധാനങ്ങള്‍ ചെയ്തുവരുന്നത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. യുവതലമുറയെയാണ് പ്രധാനമായും ഈയൊരു വിപത്ത് കാര്‍ന്ന് തിന്നുന്നതെന്നത് ഏറെ ആശങ്കാജനകവുമാണ്.
ലഹരി ഉപയോഗം ഇന്നത്തെ സമൂഹത്തില്‍ ഇത്രയധികം പിടിമുറുക്കാന്‍ കാരണമെന്തെന്ന് ചിന്തിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഏകദേശം ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നടന്നൊരു സാമാന്യവത്കരണ മാമാങ്കമാണ്. ചുംബനസമരമെന്ന് പേരിട്ടൊരു ആഭാസനാടകം നമ്മുടെ നാട്ടില്‍ ഏറെ ആഘോഷിക്കപ്പെട്ടത് അധികമാരും മറന്നിട്ടുണ്ടാവില്ലെന്ന് തോന്നുന്നു. ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത, വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ, മുല്ലപ്പൂ വിപ്ലവത്തിന്റെ മലയാളി പതിപ്പ് എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ആയൊരു ആഭാസം അരങ്ങേറിയ സമയത്ത് ചില സാമ്പത്തിക ശാസ്ത്രചിന്തകരും നിരീക്ഷകരുമൊക്കെ ഒരു സന്ദേഹം മുന്നോട്ടുവെച്ചിരുന്നു. ഏതൊക്കെയോ അദൃശ്യകരങ്ങളുടെ പിന്തുണയില്ലാതെ ഇത്തരമൊരു ആഭാസ നാടകത്തിന് അത്രയധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കില്ലെന്നും വിപണി ലക്ഷ്യമാക്കിയുള്ള ഒരു വന്‍ ആസൂത്രണത്തിന്റെ ഫലമായി സംഘടിപ്പിക്കപ്പെട്ടതാണതെന്നുമായിരുന്നു ആ സന്ദേഹം. ഈ ലേഖകനും ഒരു വാരികയില്‍ ഇതേ ആശങ്കയോടെ ചുംബന സമരത്തിന്റെ കാണാച്ചരടുകള്‍ എന്നപേരില്‍ ഒരു ലേഖനമെഴുതിയിരുന്നു. ഏത് ഉല്‍പ്പന്നമാണ് നമ്മുടെ യുവതലമുറയുള്‍പ്പെടുന്ന വിപണി ലക്ഷ്യമാക്കി വരാന്‍പോകുന്നത് എന്നേ തിരിച്ചറിയാനായി ഉണ്ടായിരുന്നുള്ളൂ. ലഹരിയുടെ സാമാന്യവത്കരണമല്ലാതെ മറ്റൊന്നുമാകാന്‍ വഴിയില്ലെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടിരുന്നു.
മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിയുല്‍പ്പന്നങ്ങളുടെ ഉപയോഗം നമ്മുടെ നാട്ടില്‍ പുതുമയല്ലായിരുന്നെങ്കിലും വ്യാപകമായ തോതില്‍ വിദ്യാര്‍ത്ഥികളുടെയും പുതുതലമുറയുടെയുമിടയില് വിപണി കണ്ടെത്താന്‍ സാധിക്കണമെങ്കില്‍ അതിനുള്ള സാമൂഹ്യ സ്വീകാര്യത വര്‍ദ്ധിപ്പിക്കേണ്ടത് ഇത്തരം ലോബികളുടെ ആവശ്യമായിരുന്നു. ചെറിയതോതില്‍ ലഹരി ഉപയോഗിക്കുന്നത് അത്രവലിയ തെറ്റല്ലെന്നും അത് പുതുതലമുറയുടെ ജീവിത രീതിയാണെന്നും പുരോഗമനചിന്തയാണെന്നുമുള്ള ഒരു പൊതു അഭിപ്രായം സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യമായിരുന്നു. അതിന് പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നത് സമൂഹത്തിലെ മൂല്യബോധവും സാംസ്കാരിക ചിന്തയുമാണെന്ന തിരിച്ചറിവാണ് ഇവയെ തകര്‍ക്കാനുള്ള ശ്രമത്തിലേക്ക് ലഹരിമാഫിയയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സുഗമമായ തങ്ങളുടെ ലഹരി വിപണിക്ക് തടസ്സമാകുന്ന സാമൂഹ്യ മൂല്യബോധത്തെ തകര്‍ക്കുക. അതിനായി സാംസ്കാരിക ബിംബങ്ങള്‍ക്കെതിരെ ആക്രമണം നടത്തുക. അതിനായി പുരോഗമനവാദത്തെ കൂട്ടുപിടിക്കുക. അതായിരുന്നു അന്ന് നടന്ന ചുംബനസമര ആഭാസത്തിലൂടെ അരങ്ങേറിയത്. ഒരുതരം മണ്ണൊരുക്കല്‍ പ്രക്രിയ എന്ന് പറയാം.
ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നുവെന്ന് മാത്രമാണ് പറയാന്‍ സാധിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി അധിനിവേശമായിരുന്നു ചൈനയില്‍ നടന്ന കറുപ്പുവ്യാപാരമെന്ന് പറയപ്പെടുന്നു. കോളനിവത്കരണ കാലഘട്ടത്തില്‍ ചൈനയില്‍ ആധിപത്യം നേടാന്‍ വേണ്ടി യൂറോപ്യന്മാര് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അവിടുത്തെ യുവാക്കളെ ദുര്‍ബ്ബലരാക്കുകയും അതോടൊപ്പം വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിത്തരികയും ചെയ്യുന്ന ഓപ്പിയം അഥവാ കറുപ്പ് ചൈനയിലേക്ക് കള്ളക്കടത്ത് നടത്തുകയെന്നത്. അതിനായി അന്ന് യൂറോപ്യന്‍ ശക്തികള്‍ മയക്കുമരുന്ന് വ്യാപാരത്തിന് മണ്ണൊരുക്കുന്നതിനായി ചൈനയില്‍ നടപ്പിലാക്കിയ തന്ത്രം ഇവിടെ നടന്ന മൂല്യനിരാസ സമരാഭാസങ്ങളുടെ മറ്റൊരു പതിപ്പായിരുന്നുവെന്നത് ചരിത്രം. ബൗദ്ധ-കണ്‍ഫ്യൂഷ്യസ്-താവോ ആശയങ്ങളാല്‍ ചൈനയില്‍ നിലനിന്നിരുന്ന സാംസ്കാരിക മൂല്യങ്ങള്‍ ഇല്ലാതാക്കുകയും അധാര്‍മ്മിക ചിന്തകള്‍ വളര്‍ത്തുകയും അതുവഴി അല്പം ലഹരി ഉപയോഗിക്കുന്നതിലും അധാര്‍മ്മിക ജീവിതം നയിക്കുന്നതിലും തെറ്റില്ലെന്നുമുള്ള ചിന്ത സമൂഹത്തിലുണ്ടാക്കിയെടുക്കുകയും ചെയ്യുകയെന്നത്. ലോകത്തെവിടെയും ലഹരിമാഫിയകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സുഗമമായ വിപണനത്തിനായുള്ള മണ്ണൊരുക്കുന്നതിനായി ഉപയോഗിച്ച തന്ത്രം ഇതേ മൂല്യനിരാസമായിരുന്നു. എവിടെയും പുരോഗമനക്കുപ്പായമണിഞ്ഞു കൊണ്ടാണ് ഈ തന്ത്രം നടപ്പിലാക്കിയതും.
നമുക്കറിയാം അന്ന് ചുംബന സമരാഭാസത്തിന് നേതൃത്വം നല്കിയ പലരും പല അസാന്മാര്ഗ്ഗിക വ്യാപാരങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്ന സാഹചര്യം പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞതാണല്ലോ. ചുംബന സമര ആഭാസത്തിന് പിന്നാലെ, അതിന്റെ തുടര്‍ച്ചയെന്നോണം അത്തരം ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്ന വിധത്തില്‍ വ്യാപകമായി പുത്തന്‍ തലമുറ സിനിമകള്‍ പുറത്തിറങ്ങിയതും നമ്മള് കണ്ടു. മലയാള സിനിമാരംഗത്തുള്ള പലരും വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇതിന്റെയെല്ലാം മേമ്പൊടിയായി വിതറിയിരുന്ന സംഘപരിവാര്‍ വിരുദ്ധതയും പുരോഗമനവാചാടോപങ്ങളും കേരളത്തിലെ വ്യാജ ഇടതുപക്ഷ ലിബറലുകളുടെ പിന്തുണ ഇവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്തു. ലഹരി മാഫിയക്ക് വേണ്ടിയിരുന്നതും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഭരണം കയ്യാളുന്ന ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. സംഘപരിവാര്‍ വിരുദ്ധത പറയുന്നതിലൂടെ അവര്‍ക്കത് എളുപ്പത്തില്‍ നേടിയെടുക്കാനും സാധിച്ചു. ഇടതുപക്ഷമെന്ന് വിളിക്കപ്പെടുന്ന യുവജനപ്രസ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും വളരെയെളുപ്പം അവരുടെ കെണിയില്‍ വീഴുകയും ചെയ്തു. ഈയൊരപകടം മുന്നില്‍ക്കണ്ട് ഈ ആഭാസപ്രകടനത്തെയും അവരുടെ ഗൂഢോദ്ദേശങ്ങളെയും എതിര്ത്തിരുന്നവരുടെയൊക്കെ ശബ്ദങ്ങളെ പുരോഗമന വിരുദ്ധമെന്ന മുദ്രകുത്തി എളുപ്പം പാര്‍ശ്വവത്കരിക്കാനും അവര്‍ക്ക് സാധിച്ചു.
ചുംബന സമരം പോലുള്ള വ്യാജനാമങ്ങളില്‍ വന്ന ആഭാസങ്ങള്‍ നമ്മുടെ പുതുതലമുറയില്‍ സൃഷ്ടിച്ചെടുത്ത മൂല്യനിരാസവും എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി മുന്നില്‍വന്ന ലൈംഗിക വ്യാപാരവും ഇവയെയൊക്കെ സാമാന്യവത്കരിക്കുന്ന സിനിമകളും ഒക്കെ ചേര്‍ത്ത് നമ്മുടെ കൊച്ചുകേരളത്തില്‍ വ്യാപകമായ ലഹരിവിപണിക്കുള്ള മണ്ണൊരുക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമെന്നോണം ഇതിനൊക്കെ കുടപിടിച്ചുകൊടുത്തിരുന്ന ഇടത് യുവജനസംഘടനകള്‍ ഇപ്പോള്‍ ലഹരിക്കെതിരെ ബോധവത്കരണത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നത് ആത്മാര്‍ത്ഥമായാണോ എന്ന് തോന്നിപ്പിക്കുന്നവിധം അവരുടെയിടയില്ത്തെന്നെ ലഹരിവ്യാപാര സംഘങ്ങള്‍ അനുദിനം വെളിച്ചത്ത് വരുന്ന സ്ഥിതിയുണ്ട്.
ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെയിടയിലും യുവജനങ്ങളുടെയിടയിലും മൂല്യബോധമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നുവെന്ന ആവശ്യമുയരുന്നത് അല്പമെങ്കിലും ആശാവഹമായ കാര്യമാണ്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കുകയും അതുവഴി ലഹരിമാഫിയയുടെ കെണിയില്‍ പെട്ടുപോകുന്ന നമ്മുടെ കുട്ടികളെ രക്ഷിച്ചെടുക്കുകയും സാധിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെത്തന്നെ പ്രധാനമാണ് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുരോഗമനക്കുപ്പായമിട്ടുകൊണ്ട് വരുന്ന മൂല്യനിരാസത്തിന്റെതായ ആഭാസപ്രകടനങ്ങള്‍ ഇനിയുമുണ്ടാകുമ്പോള് അവ തുടക്കത്തിലേ ചെറുക്കുകയെന്നത്. ലഹരി വ്യാപാരത്തിന്റെ പിന്നണിയിലുള്ളവര്‍ നമ്മുടെ നാട്ടില്‍ മാത്രമല്ലെന്നതും അന്താരാഷ്ട്രതലത്തില്‍ വേരുകളുള്ളതാണെന്നതും ആഗോള ഭീകരവാദത്തിന്റെ വക്താക്കള്‍ തന്നെയാണിവര്‍ എന്നതിനാലും ഇനിയും പല രൂപത്തിലും ഭാവത്തിലും വീണ്ടും വന്നേക്കാം. നമുക്ക് ചെയ്യാവുന്നത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ ഇല്ലാതാക്കുന്നതും സാമൂഹ്യനന്മകളെ വെല്ലുവിളിക്കുന്നതുമായ പ്രവണതകള്‍ എവിടെനിന്ന് ഉയര്‍ന്നുവന്നാലും അതിനെ മുളയിലേ നുള്ളാനുള്ള കരുത്തും കരുതലുമാണ്. ഭയമല്ല വേണ്ടത്. ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: