സോള്‍: ഉത്തരകൊറിയന്‍ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ദക്ഷിണകൊറിയയും ജപ്പാനും. കഴിഞ്ഞദിവസം പത്തോളം മിസൈലുകളാണ് ദക്ഷിണകൊറിയന്‍ സമുദ്രപരിധിയില്‍ പതിച്ചത്. ഒരു ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ഇന്ന് തൊടുത്തതായി സോള്‍ സൈന്യം അറിയിച്ചു.
പ്യോങ്യാങ്ങിലെ സുനന് പ്രദേശത്ത് രാവിലെ 7:40 മുതലാണ് മിസൈല്‍ വിക്ഷേപിച്ചത്. ജപ്പാന്റെയും ദക്ഷിണകൊറിയയുടെ സമുദ്രാതിര്‍ത്തിയായ കിഴക്കന്‍ കടലിലേക്കാണ് ആക്രമണം നടന്നത്. ദക്ഷിണ പ്യോംഗന്‍ പ്രവിശ്യയിലെ കെച്ചോണില്‍ നിന്ന് ഉത്തരകൊറിയയുടെ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി.
കുറച്ചു കാലമായി ദക്ഷിണ കൊറിയയുടെ സൈന്യം യുഎസുമായി അടുത്ത് സഹകരിക്കുകയും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസങ്ങള്‍ നിര്‍ത്തണമെന്ന് പ്യോങ്യാങ് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിസൈല്‍ വിക്ഷേപിച്ചതെന്നത് ശ്രദ്ധേയമാണ്.
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ ദ്വീപായ ഉല്ലുങ്തോയില് വ്യോമാക്രമണത്തിനുള്ള സൈറണുകള്‍ മുഴങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മിസൈലാക്രമണം നടന്നതായി ദക്ഷിണകൊറിയയ്ക്ക് പുറമേ ടോക്കിയോയും സ്ഥിരീകരിച്ചു. പ്രദേശവാസികളോട് വീടിനുള്ളില്‍ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജപ്പാന് നിര്‍ദേശം നല്കി.
ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് കടലിന് മുകളിലൂടെ പറന്നത് ആശങ്കാജനകമാണെന്ന് പ്രതിരോധ മന്ത്രി യസുകസു ഹമാദ പറഞ്ഞു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തര കൊറിയ അപകടകരമായ കളിക്കാണ് ഒരുങ്ങുന്നതെന്ന് വാഷിങ്ടണും സോളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അതേസമയം വരാനിരിക്കുന്ന ആണവ പരീക്ഷണത്തിന് മുന്നോടിയായുള്ള ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമാണിതെന്ന് മാധ്യമപ്രവര്‍ത്തകനായ അഹ്ന് ചാന്-ഇല് പറഞ്ഞു. ഒക്ടോബര്‍ നാലിന്, ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്തുവിട്ടിരുന്നു. 2017ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: