1956ല്‍ രൂപീകൃതമായ കേരളം 66 വര്‍ഷം ആഘോഷിക്കുമ്പോള്‍ അരിക്കായി ആന്ധ്രാപ്രദേശിനു നേരെ കൈ നീട്ടുകയാണ്. അരി മാത്രമല്ല പച്ചക്കറിക്കും പല വ്യജ്ഞനങ്ങള്‍ക്കും-ഉപ്പു തൊട്ട് കര്‍പ്പൂരം വരെ- പൂര്‍ണമായും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സപ്തതിയിലേക്ക് കടക്കുന്ന കേരളം. കൂടാതെ മൂന്നര ലക്ഷം കോടി രൂപ കടവും.
കേരളത്തിന്റെ മുഖ്യ ആഹാരം അരിയാണ്. നെല്‍ക്കൃഷിയില്‍ നമ്മുടെ കേരളം വളരെ മുന്നിലായിരുന്നു. പൂര്‍ണമായും സ്വയം പര്യാപ്തമായ സംസ്ഥാനം. നമുക്ക് ആവശ്യമുള്ള അരി നാം ഉല്‍പ്പാദിപ്പിക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്,
പിന്നെ പാലക്കാട് തുടങ്ങി കേരളത്തില്‍ എല്ലായിടങ്ങളിലും നെല്‍ക്കൃഷി ഉണ്ടായിരുന്നു. നെല്‍ വയലുകള്‍ നാം സംരക്ഷിച്ചിരുന്നു. നെല്‍കൃഷി പ്രധാനമായും ചെയ്തിരുന്നു. അവിടെ നിന്നാണ് നമ്മുടെ തന്നെ കുറ്റംകൊണ്ട് 66 വര്‍ഷത്തിന് ശേഷം കേരളം ഇന്ന് ഉണ്ണാനുള്ള അരിമണികള്‍ക്കായി അന്യരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നത്. അയല്‍വാസി തന്നില്ലെങ്കില്‍ അന്നം മുട്ടുന്ന ഗതികേടിലായി മലയാളി.
1957 മുതല്‍ ഭരണത്തില്‍ വന്ന സര്‍ക്കാരുകളാണ് കേരളത്തെ ഈ അധ:പതനത്തില്‍ എത്തിച്ചത്. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ പട്ടിണിക്കാരാക്കി. വലിയ നെല്‍പ്പാടങ്ങള്‍ കൂടാതെ ഒരു പറ, രണ്ടു പറ കണ്ടം തുടങ്ങി ചെറുകിടക്കാര്‍ കൃഷി ചെയ്തിരുന്നു. അതാണ് ആസൂത്രിതമായി തകര്‍ത്തത്. രാഷ്ട്രീയക്കാരുടെ തൊഴിലാളി യൂണിയനുകള്‍ക്കതില്‍ വലിയ പങ്കുണ്ട്. കര്‍ഷക തൊഴിലാളികളെ കര്‍ഷകര്‍ക്ക് എതിരെ തിരിച്ചതായിരുന്നു ആദ്യ പടി. അതോടെ ഗത്യന്തരമില്ലാതെ ചെറുകിട കര്‍ഷകര്‍ കൃഷി നിര്‍ത്താന്‍ നിര്‍ബ്ബന്ധിതരായി. അതു കഴിഞ്ഞ് വന്‍കിട കര്‍ഷകര്‍ക്ക് എതിരെയായി തൊഴിലാളികളുടെ നീക്കം. ആയിരക്കണക്കിന് ഏക്കറുള്ള മൂന്നു കായല്‍ കൃഷി ചെയ്തിരുന്ന മുരിക്കന്റെ കൃഷി ഇവര്‍ അവസാനിപ്പിച്ചു. അങ്ങിനെ കേരളത്തില്‍ നെല്‍ കൃഷി നാശത്തിലായി. കൃഷിചെയ്യാനുള്ള സാഹചര്യമില്ലാതായപ്പോള്‍ വന്‍കിട കര്‍ഷകര്‍ പിന്‍വാങ്ങി. വലിയ നെല്‍പ്പാടങ്ങള്‍ തരിശായി. ഇതിനെയെല്ലാം അതിജീവിച്ച് കുറെ ആളുകള്‍ കൃഷി തുടര്‍ന്നു. എന്നാല്‍ കൃഷിചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കാനുള്ളതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. പ്രത്യേകിച്ച് നെല്‍കൃഷിയെ സര്‍ക്കാര്‍ പാടേ മറന്നു. പകരം നെല്‍വയലുകള്‍ നികത്താനുള്ള ഒത്താശ ചെയ്തു കൊടുത്തു.
നമുക്ക് സംസ്ഥാനത്ത് കൃഷിമന്ത്രിയുണ്ട്. മന്ത്രാലയമുണ്ട്. നൂറു കണക്കിന് കൃഷി ഭവനുകളും. കൊയ്ത്തു യന്ത്രങ്ങള്‍ കിട്ടാത്തതിനാല്‍, മെതിയന്ത്രങ്ങള്‍ കിട്ടാത്തതിനാല്‍ നെല്ല് നശിച്ചു എന്ന വാര്‍ത്ത സ്ഥിരം കാണാറുണ്ട്. മില്ലുകള്‍ എടുക്കാത്തത് കൊണ്ടും ധാരാളം നെല്ല് നശിക്കുന്നു. കൃത്യസമയത്ത് നെല്ല് സംഭരിക്കാതിരിക്കുകയും വയലുകളില്‍ കൂട്ടിയിട്ടിരിക്കുന്ന നല്ല് മഴപെയ്ത് നശിച്ചു പോകുന്നതും നിത്യസംഭവമായി. നെല്ല് കൃത്യമായി ഏറ്റെടുക്കുന്നതില്‍ എല്ലാ വര്‍ഷവും സര്‍ക്കാരിന് അലംഭാവമാണ്. കേരളത്തില്‍ എത്ര ഏക്കര്‍ വയല്‍ ഉണ്ട്, എത്ര കൃഷി ചെയ്യുന്നു, എത്ര തരിശ് കിടക്കുന്നു, എത്ര നെല്‍ ഉല്‍പ്പാദനം എന്നൊന്നും കൃഷി മന്ത്രിക്കോ കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല.
അരി തരാന്‍ ആന്ധ്ര തയ്യാര്‍. അവര്‍ക്ക് ലാഭമാണല്ലോ. അവിടത്തെ കൃഷിക്കാരെ സഹായിക്കാന്‍ കഴിയുമല്ലോ. ആന്ധ്ര മന്ത്രി പറഞ്ഞതാണ് വളരെ രസകരം- ‘അരി തരാം അല്പം ക്ഷമിക്കൂ ഒരു അഞ്ചു മാസം, ആവശ്യമുള്ള മുഴുവന്‍ അരിയും തരാം.’- എന്തിനാണെന്നോ ഈ അഞ്ചു മാസം, കേരളത്തിന് ആവശ്യമുള്ളത് പുതുതായി കൃഷി ചെയ്ത് വിളവെടുത്തു തരാന്‍! കേരള മന്ത്രി തല കുലുക്കി സമ്മതിച്ചു. കേരള കൃഷി മന്ത്രിയോട് ഒരു ചോദ്യം, ആന്ധ്രക്കാര്‍ക്ക് 5 മാസം കൊണ്ട് കൃഷി ചെയ്ത് അരി തരാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കേരളത്തിന് അത് കഴിയില്ല? എത്ര ഏക്കര്‍ നെല്‍ വയല്‍ കൃഷി ചെയ്യാതെ തരിശായി കിടക്കുന്നു? കാശ് കൊടുത്താണല്ലോ കേരളം ആന്ധ്രയില്‍ നിന്നും വാങ്ങുന്നത്. ആ പണം മുടക്കി കേരളത്തില്‍ കൃഷി നടത്തിക്കൂടെ? അതിനാവശ്യമായ സഹായം സര്‍ക്കാരിന് നല്കിക്കൂടെ? അങ്ങിനെയാണെങ്കില്‍, കേരളം രക്ഷപ്പെടും. കേരളത്തിലെ കൃഷിക്കാര്‍ രക്ഷപ്പെടും.
കേരള സര്‍ക്കാര്‍ അതു ചെയ്യില്ല. കോണ്‍ഗ്രസ്സോ ഇടതുപക്ഷമോ വന്നാലും അതിനു തുനിയില്ല. കാരണം അവര്‍ക്ക് നാടിനോടോ നാട്ടുകാരോടോ കൃഷിക്കാരോടോ ഒരു സ്നേഹവുമില്ല, പ്രതിബദ്ധതയുമില്ല. ഇതെളുപ്പ വഴി. കാശ് കൊടുത്തു അരി വാങ്ങുക, കാശ് ആയിരക്കണക്കിന് കോടികള്‍ ഇനിയും കടമെടുക്കാമല്ലോ. പിന്നെ കമ്മീഷന് എന്ന ആകര്‍ഷണവും. കൊവിഡ് സാധനം വാങ്ങാന്‍ വരെ കമ്മീഷന് അടിച്ചവരാണ്. ആന്ധ്രക്കാര് കൂടുതല്‍ ഉപയോഗിക്കുന്ന സോന മസൂരി അരി ഏതാണ്ട് 40 രൂപ കിലോ എന്ന് പറയുന്നു. അവര്‍ അധികം ഉപയോഗിക്കാത്ത ജയ അരിയാണ് നമ്മള് വാങ്ങുന്നത്. ഇനി ജയ അരി എത്രക്ക് കിട്ടുമോ ആവോ? എത്രയ്ക്ക് കിട്ടിയാലും കുഴപ്പമില്ല. വില കൂടുന്നതിനനുസരിച്ച് കമ്മീഷനും കൂടും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: