വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെ ഉയര്‍ന്ന സംശയങ്ങള്‍ ഓരോന്നായി ശരിവയ്ക്കപ്പെടുകയാണ്. അടിസ്ഥാനരഹിതവും സാങ്കല്‍പ്പികവുമായ കാരണങ്ങള്‍ കണ്ടുപിടിച്ച് തുറമുഖ നിര്‍മാണം എങ്ങനെയെങ്കിലും നിര്ത്തിവയ്പ്പിക്കുകയെന്ന അജണ്ടയാണ് സമരസമിതിക്കുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും പുതിയ ആവശ്യങ്ങളും നിബന്ധനകളും അവകാശവാദങ്ങളും ഉന്നയിച്ച് സമരം നീട്ടിക്കൊണ്ടുപോവുകയാണ്. വള്ളവും വലയുമൊക്കെ കത്തിച്ചും പോലീസിനെ പ്രകോപിപ്പിച്ചും മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിച്ചും കലാപം കുത്തിപ്പൊക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള സമരത്തിന്റെ ദുഷ്ടലാക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനിടെ ആരോഗ്യം മോശമായി ചികിത്സയില്‍ കഴിയുന്ന ഒരു മതമേധാവിയെ സമരത്തിലേക്ക് വലിച്ചിഴച്ച് അന്തരീക്ഷം വഷളാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. സമരം സമാധാനപരമായിരിക്കണമെന്നും, നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നുമുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. നിര്‍മാണത്തിന് സംരക്ഷണമൊരുക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന നിര്‍ദേശവും കോടതി നല്കുകയുണ്ടായി. കോടതിയില്‍ വന്ന് പല ഉറപ്പുകളും കൊടുക്കുന്ന സമരക്കാര്‍ പുറത്തുപോയി യാതൊരു കൂസലുമില്ലാതെ അവയൊക്കെ ലംഘിക്കുകയാണ്. കോടതിയുടെ മുന്നറിയിപ്പുകള്‍ തരിമ്പും വകവയ്ക്കുന്നില്ല. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.
ഒരു ക്രൈസ്തവ സഭയുടെ നേതൃത്വത്തില്‍ നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് വിഴിഞ്ഞം സമരം നടത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരക്കാര്‍ ഉന്നയിക്കുന്ന വാദഗതികളെല്ലാം പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും തള്ളിക്കളഞ്ഞതാണ്. ഇവിടങ്ങളില്‍നിന്ന് പരാജയം ഏറ്റുവാങ്ങി തിരിച്ചുവന്നവരാണ് ഒരു ഇടവേളക്കുശേഷം അതേ വാദഗതികളുന്നയിച്ച് വീണ്ടും സമരരംഗത്തെത്തിയത്. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാവുമെന്ന ആരോപണം ശരിയല്ലെന്ന് ശാസ്ത്രീയമായും സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്. പക്ഷേ ഇത് അംഗീകരിക്കില്ലെന്ന പിടിവാശിയാണ് സമര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി കടലില്‍ നടക്കുന്ന ഡ്രഡ്ജിങ് മൂലം തങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുന്നു എന്ന അസത്യപ്രചാരണവും സമരക്കാര്‍ നടത്തുകയുണ്ടായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മുന്നോട്ടുപോയശേഷം സമരത്തിന് തുടക്കമിട്ടത് രഹസ്യ അജണ്ടയുടെ ഭാഗമാണ്. പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരെ സര്‍ക്കാര്‍ ഭൂമിയില്‍ പുനരധിവസിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും, തങ്ങള്‍ക്ക് കടപ്പുറത്തുതന്നെ കഴിയണമെന്നുമുള്ള വാശി സംഘടിത മതശക്തികളുടെ സ്ഥാപിതതാല്‍പ്പര്യം കൊണ്ടാണ്. ഏറ്റവുമൊടുവില്‍, ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന അതേ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സമരക്കാരുടെ ആവശ്യം ആര്‍ക്കും അംഗീകരിക്കാനാവാത്തതാണ്. സമരം നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വം തന്നെയാണ് ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സമരത്തെ അനുസ്മരിപ്പിക്കുന്നതാണ് വിഴിഞ്ഞം സമരവും. കൂടംകുളം സമരത്തിനു പിന്നില്‍ ഇന്ത്യയുടെ വികസനം തടയുന്ന വിദേശകരങ്ങളാണെന്ന് തെളിയുകയുണ്ടായി. വിഴിഞ്ഞം സമരത്തിനു പിന്നിലും ഇത്തരം ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പുറത്തുവരുന്ന വിവരങ്ങള്‍ അസ്വാസ്ഥ്യജനകമാണ്. ഒരു മദര്‍പോര്‍ട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. ആ കുറവാണ് വിഴിഞ്ഞം നികത്താന്‍ പോകുന്നത്. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തില്‍ വന്‍കുതിപ്പാണ് ഉണ്ടാവുക. പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ലഭിക്കും. എന്നാല്‍ ഈ സാധ്യത മനസ്സിലാക്കി വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവരുത് എന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുന്ന ചില വിദേശ ശക്തികളാണ് സമരക്കാര്‍ക്ക് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. നിലവില്‍ ശ്രീലങ്കയിലെ കൊളംബോ, ഹമ്പന്തോട്ട തുറമുഖങ്ങള്‍ മദര്‍പോര്‍ട്ടുകളാണ്. ചൈനയാണ് ഇവ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ ലങ്കന്‍ തുറമുഖങ്ങളുടെ വരുമാനം നഷ്ടമാവും. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ജനങ്ങളെ മതപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളെ വിലയ്ക്കെടുത്ത് വിഴിഞ്ഞം സമരം ശക്തിപ്പെടുത്തിയതെന്നു വേണം മനസ്സിലാക്കാന്‍. സമരത്തിന് നേതൃത്വം നല്കുന്ന ചിലരുടെ സന്നദ്ധസംഘടനകള്‍ക്ക് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായുള്ള വാര്‍ത്തകള്‍ ഇത് ശരിവയ്ക്കുന്നു. ദുബായ് വഴിയും സമരത്തിന് പണമൊഴുകുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. സമരത്തിന്റെ മറവില്‍ തികഞ്ഞ രാജ്യദ്രോഹം തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ അരങ്ങേറുന്നതെന്ന സത്യം ഇനി മൂടിവയ്ക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: