ആലത്തൂര്‍: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സ്കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ത്ഥം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കാവശ്ശേരി കലാമണി പിസിഎഎല്‍പി സ്കൂളില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. സ്കൂളിലെ പ്രധാനധ്യാപിക പാലക്കാട് യാക്കര സ്വദേശി ജെസിമോള്‍ മാത്യു(56), അധ്യാപികയായ കാവശ്ശേരി ചുണ്ടക്കാട് റഫീഖിന്റെ ഭാര്യ ഷാജിത(34), രണ്ടാം ക്ലാസ് വിദ്യാര്‍ഥി തോണിപ്പാടം അഞ്ചങ്ങാടി നാരായണന്റെ മകള്‍ അക്ഷര (ഏഴ്), മൂന്നാം ക്ലാസ് വിദ്യാര്‍ഥി പാലത്തൊടി ഷാജിയുടെ മകള്‍ അര്‍ച്ചന (എട്ട്), അര്‍ച്ചനയുടെ മുത്തശ്ശി പാലത്തൊടി ചാമിയാരുടെ ഭാര്യ ദേവു (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ പ്രധാനാധ്യാപിക ജെസിമോള്‍ മാത്യുവിനെയും അക്ഷരയെയും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷരയെ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രയിലേക്കും മാറ്റി. ഷാജിതയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അര്‍ച്ചനയേയും ദേവുവിനെയും ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ലഹരിവിരുദ്ധ ശൃംഖല തീര്‍ത്തശേഷം സിഗരറ്റിന്റെ മാതൃക കത്തിക്കുകയായിരുന്നു. സാനിറ്റൈസര്‍ പുരട്ടിയ തുണിയിലാണ് സിഗരറ്റിന്റെ മാതൃക നിര്‍മിച്ചിരുന്നത്. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെങ്കിലും നന്നായി കത്താത്തതിനെ തുടര്‍ന്ന് വീണ്ടും മണ്ണെണ്ണ ഒഴിച്ചതോടെ തീ ആളിപടര്‍ന്നാണ് ചുറ്റും കൂടി നിന്നവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എംഎല്‍എമാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ഡിഎംഒ കെ. റീത്ത, ആലത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബുഷ്റ, കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍, പ്രധാനധ്യാപക ഫോറം സെക്രട്ടറി പവിത്രന് എന്നിവര്‍ സന്ദര്‍ശിച്ചു. ആലത്തൂര്‍ എസ്ഐ: എം.ആര്. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളില്‍ പരിശോധന നടത്തി. കത്തിയ പേപ്പറും കത്തിക്കാന്‍ ഉപയോഗിച്ച ദ്രാവകം വീണ മണ്ണും പരിശോധനയ്ക്കായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: