തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കവാടത്തില്‍ ശങ്കരന്റെ പ്രതിമ മറച്ച് സ്ഥിരം സമര പന്തല്‍ തീര്‍ത്ത് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ നടത്തി വന്നിരുന്ന സമര പരിപാടികള്‍ തിങ്കളാഴ്ച മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് നേതാക്കള്‍ മുങ്ങി. ഒക്ടോബര്‍ 25 മുതല്‍ സര്‍വ്വകലാശാലയുടെ എംസി റോഡിലുള്ള മുഖ്യകവാടത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നടത്തി വന്നിരുന്ന സമരമാണ് പൊടുന്നനെ നിര്‍ത്തിയത്. രാവിലെ സര്‍വ്വകലാശാലയിലെത്തി ഹാജര്‍ രേഖപ്പെടുത്തിയായിരുന്നു ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നത്.
പത്രവാര്‍ത്തകളുടെയും ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് സര്‍വ്വകലാശാല രജിസ്ട്രാറോട് വിശദീകരണം ചോദിച്ചപ്പോഴാണ് സമരക്കാര്‍ സമരം അവസാനിപ്പിച്ചത്. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുവാന്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സംഘടനകള്‍ക്ക് രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണന് രേഖാമൂലം അനുമതി നല്‍കിയത് തെളിവ് സഹിതം പുറത്ത് വന്നിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സി എല്ലാ ദിവസങ്ങളിലെയും സമരപരിപാടികളുടെ വീഡിയോ പകര്‍ത്തിയിരുന്നതായാണ് അറിയുന്നത്. അതനുസരിച്ച് സമരത്തില്‍ പങ്കെടുത്ത അധ്യാപക-അനധ്യാപക ജീവനക്കാരുടെ ലിസ്റ്റ് രാജ്ഭവന് ശേഖരിച്ചിരുന്നു. ഡോ. സുനില്‍ പി. ഇളയിടം, ഡോ. ബിജു വിന്‍സന്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സി എം മനോജ്കുമാര്‍, ഡോ. ബിച്ചു എക്സ്. മലയില്‍, സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ ഡോ. പി. ഉണ്ണികൃഷ്ണന്, ഡോ. കെ. എം. സംഗമേശന്, ഡോ. സുനിത ഗോപാലകൃഷ്ണന്, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍, സുനില്‍കുമാര്‍ ഒതയോത്ത്, മംഗള്‍ദാസ്, പി വി സിയുടെ െ്രെപവറ്റ് സെക്രട്ടറി പി ഡി റേച്ചല്‍, വൈസ് ചാന്‍സലറുടെ ഓഫീസിലെ ജീവനക്കാരായ സന്ധ്യ കെ., വത്സന് വി. കെ., രജിസ്ട്രാറുടെ െ്രെപവറ്റ് സെക്രട്ടറി റെജി കമലം എന്നിവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് വിവിധ പരാതികള്‍ ചാന്‍സലര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷം രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇതിനിടെ വൈസ് ചാന്‍സലറെ നീക്കം ചെയ്യുമ്പോള്‍ പകരം ചുമതല തങ്ങളുടെ സംഘടനയിലെ അംഗങ്ങളായ പ്രൊഫസര്‍മാരായ ഡോ. ശ്രീകല എം. നായര്‍, ഡോ. ലിസി മാത്യു, ഡോ. മണിമോഹനന്‍ എന്നിവരിലാര്‍ക്കെങ്കിലും ലഭിക്കാനുള്ള സാധ്യതകള്‍ക്കും സി പി എം നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാസര്‍ഗോഡ് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, പാലക്കാട് ഐ ഐ ടിയിലെ അന്യസംസ്ഥാനക്കാരായ മുതിര്‍ന്ന പ്രൊഫസര്‍മാര്‍ എന്നിവരിലാര്‍ക്കെങ്കിലും വൈസ് ചാന്‍സലറുടെ ചുമതല നല്‍കാനാണ് സാധ്യത. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത നിലവിലെ വി സി, പി വി സി, രജിസ്ട്രാര്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: