കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹര്‍ജിയുമായി വീണ്ടും സര്‍വ്വകലാശാല വിസിമാര്‍ ഹൈക്കോടതിയില്‍. ചട്ട വിരുദ്ധമായി നിയമന നേടിയെടുത്തതില്‍ ഗവര്‍ണര്‍ വിസിമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്നും, അതിനാല്‍ നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പരിഗണിക്കും. നിയമ വിരുദ്ധ നിയമനം നേടിയവരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അംഗങ്ങളുടെ അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. വിസിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നുമാണ് മുമ്പ് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചത്.
അതേസമയം നവംബര്‍ 4 ന് ചേരുന്ന സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍വ്വകലാശാല അറിയിക്കണം. ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് നവംബര്‍ 4 ന് ചേരുന്ന സെനറ്റില്‍ പങ്കെടുക്കാനാകുമോയെന്നും കോടതി തീരുമാനമെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: