തിരുവനന്തപുരം : മ്യൂസിയം പരിസരത്ത് പ്രഭാതസവാരിക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിതും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ സന്തോഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു. അറസ്റ്റിലായ സന്തോഷിനെ തിരിച്ചറിയല്‍ പരേഡില്‍ യുവതി തിരിച്ചറിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മ്യൂസിയം കേസിലും മലയിന്‍കീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് മലയിന്‍കീഴ് സ്വദേശി സന്തോഷ്. വാട്ടര്‍ അതോറിട്ടിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഇതാണ് സന്തോഷിനെ കുടുക്കിയത്. ജല അതോറിറ്റിയുടെ ഇന്നോവ കാറിലാണ് പ്രതി രക്ഷപെടുന്നതെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു.
കുറവന്‍കോണത്തെ വീട്ടില്‍ ഈ കാറിലെത്തിയാണ് അതിക്രമിച്ച് കയറിയതെന്ന് സന്തോഷും സമ്മതിച്ചിട്ടുണ്ട്. മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമം നടന്ന സമയത്തും ഈ കാര്‍ മ്യൂസിയം പരിധിയില്‍ ഉണ്ടായിരുന്നതായി സിസിടിവിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടറെ പോലീസ് തിരിച്ചറിയല്‍ പരേഡിനായി വിളിപ്പിക്കുകയായിരുന്നു. പിടിയിലായ സന്തോഷിന് അക്രമിയുമായി രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയായ സന്തോഷിനെ പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഇയാളെ പുറത്താക്കാനുള്ള നിര്‍ദ്ദേശം ഓഫീസിന് നല്‍കിയതായി റോഷി അഗസ്റ്റിന് വ്യക്തമാക്കി. ഇയാള്‍ വകുപ്പ് ഉദ്യോഗസ്ഥനോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ അല്ല. കരാര്‍ തൊഴിലാളി മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: