തിരുവനന്തപുരം: വരുന്ന നാലു വര്‍ഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സര്‍വേ ചെയ്ത് കൃത്യമായ ഭൂസര്‍വേ റെക്കോഡുകള്‍ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റല്‍ റീസര്‍വേ പദ്ധതിക്കു തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായും തെറ്റുകളില്ലാതെയും കാലതാമസമില്ലാതെയും ഭൂസംബന്ധമായ വിവരങ്ങള്‍ സേവനങ്ങളും ജനങ്ങള്‍ക്കു ലഭ്യമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തുകയാണു ഡിജിറ്റല്‍ റീസര്‍വേ പദ്ധതിവഴി നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 55 വര്‍ഷത്തിനിടെ സംസ്ഥാനത്തെ 55 ശതമാനം വില്ലേജുകളില്‍ മാത്രമാണു സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുള്ളത്. നിലവിലെ രീതിയില്‍ സര്‍വേ തുടര്‍ന്നാല്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ ഇനിയും 50 വര്‍ഷമെങ്കിലും എടുക്കും. ഈ വലിയ കാലതാമസം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതു മറികടക്കുന്നതിനാണു ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 1,666 വില്ലേജുകളില്‍ 1,550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ അടുത്ത നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. കൃത്യമായ രേഖകളും തയാറാക്കും. ഇതിന് ആവശ്യമായ വരുന്ന സാങ്കേതികവിഭാഗം ജീവനക്കാരെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 1500 സര്‍വേയര്‍മാര്‍, 3200 ഹെല്‍പ്പര്‍മാര്‍ എന്നിവരടക്കം 4700 ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഡിജിറ്റല്‍ റീസര്‍വേയ്ക്കായി റവന്യൂ വകുപ്പിന് ആവശ്യമുള്ള വിവരങ്ങള്‍ക്കു പുറമേ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി എല്ലാ വകുപ്പുകള്‍ക്കും പ്രയോജനകരമാകുന്ന ഡാറ്റ ബേസ് തയാറാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി തെളിച്ചിടുക, കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുക, അടയാളങ്ങള്‍ ഇല്ലാത്തവര്‍ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അതിര്‍ത്തി തര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കാനായുള്ള സെറ്റില്‍മെന്റ് പദ്ധതികൂടി ‘എന്റെ ഭൂമി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ റീസര്‍വേയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിച്ച് പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍വേ സഭകളും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളിലാണു സര്‍വേ സഭകള്‍ സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യവും അതു നടപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കും വിശദീകരിക്കുന്ന മാര്‍ഗരേഖയും ഇതിന്റെ ഭാഗമായി വരും. ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലകളിലെ ജനകീയ ഇടപെടലുകളിലൂടെ കേരളം രാജ്യത്തിനു നല്കിയ മാതൃക ഡിജിറ്റല്‍ റീസര്വേയിലുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടത്രയും അളവ് ഭൂമി ഇല്ലാത്ത നാടാണു കേരളം. ആകെ ഭൂവിസ്തൃതിയുടെ 30 ശതമാനം വനമാണ്. ബാക്കിയുള്ളതില്‍ ഉപയോഗയോഗ്യമായതില്‍നിന്നുവേണം മറ്റ് ആവശ്യങ്ങള്‍ക്കു ഭൂമി കണ്ടെത്തേണ്ടത്. ഭൂവിനിയോഗത്തിനു കൃത്യമായ രൂപരേഖ തയാറാക്കി മുന്നോട്ടുപോകണം. അതിന്റെ ഭാഗായാണു ഡിജിറ്റല്‍ റീസര്‍വേ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വലിയ തോതില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പട്ടയവിതരണത്തില്‍ കൈവരിക്കാനായ നേട്ടം ഇതിന്റെ ഉദാഹരണമാണ്.
ആറു വര്‍ഷത്തിനിടെ 2.25 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. കേരളത്തിലെ ഭൂരഹിതരുടെ എണ്ണം 3,41,095 ആണെന്നാണു ലൈഫ് മിഷനുവേണ്ടിയുള്ള കണക്കെടുപ്പില്‍ വ്യക്തമായത്. ഇത്രയും കുടുംബങ്ങള്‍ക്കു മൂന്നു സെന്റ് ഭൂമിയെങ്കിലും വേണമെന്നു കണക്കാക്കിയാല്‍ 10,500 ഏക്കര്‍ ഭൂമി ആവശ്യമായിവരും. വിവിധ ലാന്‍ഡ് ബോര്‍ഡുകളിലെ കേസുകള്‍ തീര്‍പ്പാക്കിയാല്‍ 8,210 ഏക്കര്‍ വിതരണത്തിനു തയാറാകും. നിലവിലുള്ള മിച്ചഭൂമി കേസുകള്‍കൂടി തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്യാനുള്ള ഭൂമി ലഭ്യമാകുമെന്നാണു കണക്കാക്കുന്നത്. അതിനുള്ള സത്വര നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കു ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളിലൊന്നാണു റവന്യൂ വകുപ്പ്. ഇത്തരം വകുപ്പുകളില്‍നിന്നു ജനങ്ങള്‍ക്കു പരാതി രഹിതമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയണം. ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പാക്കിയത് ഇതിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥര്‍ ജനോന്മുഖ പ്രവര്‍ത്തനരീതി സ്വീകരിക്കണം. കാലം മാറിയതിനൊപ്പം ഉദ്യോഗസ്ഥ സംവിധാനത്തിലും മാറ്റമുണ്ടായി. മെച്ചപ്പെട്ട സേവനമാണു സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍, ഒറ്റപ്പെട്ട ചില വ്യക്തികള്‍ ഈ സംസ്കാരം ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പ്രവണതകള്‍ക്കെതിരേ സ്വാഭാവിക വിമര്‍ശനം ഉയരും. ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ഇത്തരം ഒറ്റപ്പെട്ട രീതികള്‍പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല.
എല്ലാം ഡിജിറ്റലാക്കിയും ഓണ്‍ലൈനാക്കിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഒറ്റപ്പെട്ട വ്യത്യസ്തതകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റപ്പെട്ട വ്യത്യസ്തതകള്‍ സ്വീകരിക്കുന്നവരെ സംരക്ഷിക്കേണ്ടകാര്യം ഒരു വകുപ്പിനുമില്ല. സര്‍ക്കാരും നാടും ജനങ്ങളും ആഗ്രഹിക്കുന്ന പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ടു മാത്രമേ മുന്നോട്ടു പോകാനാകൂ. അതില്‍നിന്നു വ്യത്യസ്തമായേ ചെയ്യൂ എന്ന നിര്‍ബന്ധമുള്ള ചുരുക്കം ചില വ്യക്തികളെ സംരക്ഷിക്കാന്‍ ഒരു വകുപ്പും തയാറാകേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. അവര്‍ ഇതിന്റെ ഭാഗമാകാന്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ തുടര്‍ന്ന് ഇതിന്റെ ഭാഗമാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണു നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു വര്‍ഷം കൊണ്ടു കേരളത്തിന്റെ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമെന്നും അതോടെ രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ഡിജിറ്റല്‍ റീസര്‍വേയുമായി ബന്ധപ്പെട്ടു സര്‍വേയും ഭൂരേഖയും വകുപ്പ് തയാറാക്കിയ തീം സോങ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. കോള്‍ സെന്ററിന്റെ ലോഞ്ചിങ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് പ്രൊഫ. വി.കെ. രാമചന്ദ്രന് നിര്‍വഹിച്ചു.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്. അനില്‍, എം.ബി. രാജേഷ്, വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജു, സര്‍വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു, തിരുവന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അര്ജുന് പാണ്ഡ്യന്, പ്ലാനിങ് ബോര്‍ഡ് അംഗം വി. നമശിവായം, സര്‍വെ ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ മഹേഷ് രവീന്ദ്രനാഥന്‍, എന്‍ഐസി സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി.വി. മോഹന്‍ കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: