കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാന ങ്ങളിലൊന്നായ കേരളത്തില്‍ പ്രമേഹാനുബന്ധ പാദ രോഗങ്ങളും വര്‍ധിച്ചു വരുന്നതായി ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി. ഇതു സംബന്ധിച്ച് രാജ്യത്തുടനീളം പൊതുജനങ്ങളേയും ആരോഗ്യ പ്രവര്‍ത്തകരേയും ബോധവല്‍ക്കരിക്കുന്നതിനായി ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി നവംബര്‍ 2 ദേശീയ തലത്തില്‍ പാദരോഗ ബോധവല്‍ക്കരണ ദിനമായി (ഫൂട്ട് ആന്റ് ആങ്കിള്‍ ഡേ) ആചരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദിനാചരണത്തിന് സൊസൈറ്റി തുടക്കമിടുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ ബോധവല്‍ക്കരണ, പ്രചരണ പരിപാടികള്‍ ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കും.
ഷാര്‍ക്കോട്ട് ഫൂട്ട് എന്ന രോഗമാണ് ഈ വര്‍ഷത്തെ പാദരോഗ ബോധ വല്‍ക്കരണ ദിനത്തില്‍ പ്രധാന പ്രചരണ വിഷയമെന്ന് ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റിയുടെ ദേശീയ അധ്യക്ഷനും ഫൂട്ട് ആന്റ് ആങ്കിള്‍ വിദഗ്ധനുമായ ഡോ. രാജേഷ് സൈമണ്‍ പറഞ്ഞു. കാല്‍പ്പാദങ്ങളിലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയും വേദന തിരിച്ചറിയാന്‍ സാധിക്കാതി രിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഷാര്‍ക്കോട്ട് ഫൂട്ട് രോഗം ബാധിക്കുന്നത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ മൂലം നാഡികള്‍ക്ക് ഹാനി സംഭവിക്കുകയും കാലക്രമേണ പാദങ്ങളിലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാദങ്ങളിലെ സംവേദന ക്ഷമത നഷ്ടപ്പെട്ട പ്രമേഹ രോഗികളിലാണ് ഷാര്‍ക്കോട്ട് ഫൂട്ട് രോഗം ഏറിയ പങ്കും കണ്ടു വരുന്നത്. സ്പര്‍ശന ശേഷി നഷ്ടപ്പെടുന്നതിനാലും വേദന അനുഭവ പ്പെടാത്തതിനാലും പാദങ്ങളിലുണ്ടാകുന്ന മുറിവുകളോ പരിക്കുകളോ രോഗികള്‍ അറിയാതെ പോകുന്നത് ഷാര്‍കോട്ട് ഫൂട്ടിന് സാധ്യത ഏറ്റുന്നു. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍ വേണ്ടത്ര അവബോധമില്ലാത്തത് രോഗം സങ്കീര്‍ണമാകാനും കാല്പാദം മുറിച്ചു മാറ്റേണ്ട സ്ഥിതിവിശേഷത്തിലേക്കും എത്തിക്കുന്നു. ജീവനു തന്നെ ഭീഷണിയായി മാറുന്ന ഈ രോഗാവസ്ഥയെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്നും ഡോ. രാജേഷ് സൈമണ്‍ പറഞ്ഞു. ഇതോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടമാര്‍ക്കും വിവിധ പരിശീലന പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രമേഹ രോഗികളില്‍ 7.5 ശതമാനം പേര്‍ക്കു വരെ ഷാര്‍ക്കോട്ട് ഫൂട്ട് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി സീനിയര്‍ ഫൂട്ട് ആന്റ് ആങ്കിള്‍ കണ്‍സള്‍ട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് പറഞ്ഞു. നാഡീ പ്രശ്നങ്ങളുള്ള പ്രമേഹ രോഗികളില്‍ ഷാര്‍ക്കോട്ട് ഫൂട്ട് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധന ഉള്ളതായും കണക്കാക്കപ്പെടുന്നു.
പാദരോഗ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ അഞ്ചിന് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ സൗജന്യ ഫഌറ്റ് ഫൂട്ട് പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഷാര്‍ക്കോട്ട് ഫൂട്ട് രോഗികളുടേയും ചികിത്സ തേടുന്നവരുടേയും ഒരു കൂട്ടായ്മയ്ക്കും ഇതിന്റെ ഭാഗമായി രൂപം നല്‍കും. കൂടാതെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫൂട്ട് ആന്റ് ആങ്കിള്‍ കോഴ്സുകളും പരിശീലനങ്ങളും ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: