പാലക്കാട്: രജിസ്ട്രാര്‍ ഓഫീസുകള്‍ ‘മാമൂല്’ പിരിവ് കേന്ദ്രമാകുന്നതായി വ്യാപക പരാതി ഉയരുന്നു. ഓരോ ദിവസവും നൂറിലേറെ രജിസ് ട്രേഷനുകളാണ് ഇത്തരം ഓഫീസുകളില്‍ നടക്കുന്നത്. ഭൂ രജിസ്ട്രേഷനുകള്‍ സ്വയം നടത്താമെന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആധാരം എഴുത്തുകാര്‍ മുഖേന തന്നെയാണ് പലരും ഭൂമി രജിസ്ട്രേഷന് നടത്തുന്നത്.
ഇപ്രകാരം രജിസ്ട്രേഷന് നടന്നുകഴിഞ്ഞാല്‍ ആധാര വിലയുടെയും ഭൂമിയുടെ അളവിന്റെയും അടിസ്ഥാനത്തില്‍ ആയിരം രൂപ മുതല്‍ മുകളിലോട്ടാണ് മാമൂല് കണക്ക്. ആധാരം എഴുത്തുകാരായ എജന്റുമാര്‍ ഇടനിലക്കാരായി നിന്നാണ് മാമൂല് സംഖ്യകള്‍ ഈ ഓഫീസിലെ സ്റ്റാഫുകളെ എല്പ്പിക്കുന്നതത്രെ.
ഒരു ദിവസം തന്നെ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സംഖ്യ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്ന് അനധികൃതമായി കൈപ്പറ്റുന്നതായാണ് അറിവ്. പണമായോ മറ്റു തരത്തിലോ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണെന്നുള്ള ബോര്‍ഡ് ഇതുപോലുള്ള ഓഫീസുകളുടെ മുന്നില്‍ ഉണ്ടാകുമെങ്കിലും നടപടി സ്വീകരിക്കേണ്ട വിജിലന്‍സ് വകുപ്പ് കാര്യക്ഷമമല്ലാത്തതാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ വര്‍ധിക്കുന്നതിന് കാരണമായി ആളുകള്‍ അഭിപ്രായപ്പെടുന്നത്.
പിഴിയല്‍ ഇങ്ങനെയും…
രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം രജിസ്ട്രേഷന്റെ മറവില്‍ മറ്റൊരു ‘നിര്‍ബന്ധിത പിരിവ്’ കൂടി പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഈ ഓഫീസുകളില്‍ എത്തുന്നവരെ ആധാരം രജിസ്റ്റര്‍ വിലയ്ക്കനുസരിച്ചു 50 രൂപ മുതല്‍ 100 രൂപ വരെയുള്ള ശിശുദിന സ്റ്റാമ്പുകള്‍ നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ സ്റ്റാമ്പുകളാണ് ഇപ്രകാരം വിതരണത്തിനുവേണ്ടി ഓഫീസുകള്‍ക്കു നല്‍കിയിട്ടുള്ളത് എന്നാണ് അറിയാന്‍ സാധിച്ചത്. ഭൂ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിന്റെ അധികഭാരം പേറുന്ന പൊതുജനത്തിന് ഇത്തരം രഹസ്യപ്പിരിവുകള് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് പരാതി. കെട്ടിക്കിടക്കുന്ന ഇത്തരം സ്റ്റാമ്പുകളും മറ്റും വില്‍ക്കുന്നതിന് ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടെന്ന് ജീവനക്കാരും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: