പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ആ ഭാഷ അടിച്ചേല്പിക്കില്ലെന്ന് ഔദ്യോഗിക ഭാഷാ സമിതിയിലെ അംഗങ്ങളും വിശദീകരിക്കുകയുണ്ടായി. 1963ലെ ഔദ്യോഗിക ഭാഷാനിയമത്തിനൊപ്പം 2020ല്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയവും പരിഗണിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്. ഹിന്ദി നിര്‍ബന്ധമാക്കിയ നിര്‍ദ്ദേശം, ഹിന്ദി കാര്യമായി ഉപയോഗത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ബാധകമാവില്ലെന്നും ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അംഗങ്ങള്‍ പറയുന്നു. പുതിയ ദേശീയവിദ്യാഭ്യാസ നയം മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ തുടരട്ടെ. ഇവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന കേരളത്തിലെ ഭരണകൂടം മാതൃഭാഷയുടെ ഉന്നമനത്തിനുവേണ്ടി എന്തുചെയ്യുന്നു എന്നാലോചിക്കുന്നത് നന്നായിരിക്കും. ഭരണ, വിദ്യാഭ്യാസ തലങ്ങളില്‍ മാതൃഭാഷ ഇത്രയേറെ അവഗണിക്കപ്പെടുന്ന മറ്റൊരു സംസ്ഥാനം ഉണ്ടോ? സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളം അക്ഷരമാല വീണ്ടും ഉള്‍പ്പെടുത്താന്‍ നടപടിയായത് അടുത്തകാലത്താണ്. ഭരണഭാഷ എല്ലാതലങ്ങളിലും മലയാളമാക്കുമെന്ന പ്രഖ്യാപനത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും അതിനിയും പൂര്‍ണമായി നടപ്പായിട്ടില്ല. ഉന്നതോദ്യോഗസ്ഥ സമൂഹത്തില്‍ ഒരുവിഭാഗം മലയാളത്തെ പുച്ഛിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവരാണ്. മാതൃഭാഷയുടെ കാര്യത്തില്‍ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. സര്‍ക്കാരാകട്ടെ ഇത്തരം വീഴ്ചകളെ ഗൗരവമായി കാണാറുമില്ല. എല്ലാ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിയമം പോലും നടപ്പാക്കിയിട്ടില്ലാത്ത നാടാണിത്. മലയാളത്തിന് ‘അയിത്ത’മുള്ള സ്കൂളുകളും കുറവല്ല. മാതൃഭാഷാ പോഷണത്തിന്റെയും ഭാഷാഭിമാനം വളര്‍ത്തുന്നതിന്റെയും കാര്യത്തില്‍, തമിഴ്നാട് അടക്കമുള്ള അയല്‍സംസ്ഥാനങ്ങള്‍ കാണിക്കുന്ന ആര്‍ജവം ഇവിടത്തെ ഭരണാധികാരികള്‍ക്ക് പാഠമായെങ്കില്‍!
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”സ്വകാര്യവ്യവസായങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം അനുവദിച്ച് വര്‍ഷത്തില്‍ ആയിരം അപ്രന്റീസുമാരെ നിയമിക്കുന്നതടക്കം ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന ഉറപ്പുകള്‍ പ്രത്യേകം എടുത്തുപറയണം.”
‘പ്രത്യേകം’, ‘എടുത്തു’ എന്നിവയിലൊന്നുമതി.
‘പ്രത്യേകം പറയണം’, അല്ലെങ്കില്‍ ‘എടുത്തുപറയണം’.
ഒക്ടോബര്‍ 24ന് ഈ വര്‍ഷത്തെ ദീപാവലിനാളില്‍ എല്ലാ വീട്ടിലും ലഹരിവിരുദ്ധദീപം തെളിയിക്കുകയും കേരളപ്പിറവിദിനത്തില്‍ എല്ലാവിദ്യാലയത്തിലും ലഹരിവിരുദ്ധശൃംഖല തീര്‍ത്ത് പ്രതിജ്ഞയെടുക്കലും നടത്തുന്നതോടെ ആദ്യഘട്ടകാമ്പയിന് സമാപിക്കും.”
‘…ലഹരിവിരുദ്ധ ദീപം തെളിയിക്കുകയും… ലഹരിവിരുദ്ധ ശൃംഖലതീര്ത്ത് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതോടെ…’ എന്നുവേണം.
‘എല്ലാ വീടുകളിലും’ ‘എല്ലാ വിദ്യാലയങ്ങളിലും’ ശരി.
‘ഓരോ വീട്ടിലും’ ‘ഓരോ വിദ്യാലയത്തിലും’ ശരി.
”കാര്‍ഷികക്ഷേമം ഉറപ്പാക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളും അവിടെ നടന്നു.”
‘നടന്നു’വിനുപകരം ‘ഉണ്ടായി’ ആണ് നല്ലത്.
വാര്‍ത്തകളില്‍ നിന്ന്:
”സെപ്തംബര്‍ അവസാനവാരം വരെ കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന പൈനാപ്പിള്‍ പഴത്തിന് വില 35 രൂപയായി കുറഞ്ഞു.”
‘കുറഞ്ഞു’ ഒഴിവാക്കാം.
”ഇലന്തൂരിലെ ഇരട്ടക്കൊലയുടെ വാര്‍ത്ത കേട്ട് സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി.”
”ലോകത്തിലെവിടെയുമുള്ള മനുഷ്യസ്നേഹികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണീ വാര്‍ത്ത”
രണ്ടുവാക്യങ്ങളില്‍ നിന്നും ‘അക്ഷരാര്‍ത്ഥത്തില്‍’ ഒഴിവാക്കാം.
”ചൊവ്വാഴ്ച പകല്‍ 12ന് കടവന്ത്രയിലെ ഫഌറ്റില്‍ എത്തിയാണ് സ്പീക്കര്‍ സാഹിത്യകാരന് എന്‍.എസ്.മാധവനെ സന്ദര്‍ശിച്ചത്.”
ഇവിടെ ‘സന്ദര്‍ശിച്ച’തിനുപകരം ‘കണ്ടത്’ ആണ് നല്ലത്.
”…നഗരസഭാ ഭരണാധികാരികള്‍ ആലംഭാവം കാട്ടുന്നതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി”
‘…അലംഭാവം കാട്ടുന്നതില്‍…പ്രതിഷേധമുയര്‍ത്തി’- അനുകൂലമായ പ്രതിഷേധം ഇല്ലല്ലോ.
പിന്കുറിപ്പ്:
എത്ര എഴുത്തുകാരെ ഒഴിച്ചുനിര്‍ത്താം എന്നല്ല, പുരോഗമന സാഹിത്യസംഘടനകളും സാഹിത്യചിന്തകരും ആലോചിക്കേണ്ടത്. എത്രമാത്രം വലിയ എഴുത്തുകാരെ നമ്മുടെ പക്ഷത്തുനിര്ത്താം എന്നാണ്- സച്ചിദാനന്ദന്.
ചെറിയ ഓഫറുകള്‍ മതി. വലിയ എഴുത്തുകാരെക്കൊണ്ട് നമ്മുടെപക്ഷം നിറയും!
എസ്.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: