തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജ് എന്ന യുവാവിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ കേസില്‍ കാമുകി ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി. ആത്മഹത്യാശ്രമത്തിന് ഗ്രീഷ്മയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും. അമ്മ സിന്ധുവും അമ്മാവന് നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയിൽ എടുത്തിരുന്നു . അതേസമയം ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പോലീസ് പറയുന്നു.
ചോദ്യം ചെയ്യാനായി ഞായറാഴ്ച പുലര്‍ച്ചെ നെടുമങ്ങാട് ഡിവൈഎസ്പിഓഫീസില് എത്തിച്ച ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ എട്ടരയോടെ ശുചിമുറിയില്‍ വച്ച് അണുനശീകരണ ലായനി കുടിക്കുകയായിരുന്നു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പോലീസുകാര്‍ ഗ്രീഷ്മയെ സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഛര്‍ദ്ദിച്ച ഗ്രീഷ്മയെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
സുരക്ഷാ വീഴ്ച വരുത്തിയ പോലീസുകാരായ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. തീവ്രപരിചണവിഭാഗത്തില്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് എത്തി റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി അനുസരിച്ച് നെയ്യാറ്റിന്‍കര ജയിലിലേക്ക് മാറ്റും. നടപടികള്‍ പൂര്‍ത്തിയായാല്‍ കസ്റ്റഡി അപേക്ഷ നല്‍കും.
ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അച്ഛന്, അമ്മാവന്, ബന്ധുവായ യുവതി എന്നിവരെ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. ഷാരോണിന്റെ മൊബൈലില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉണ്ടെന്നും അത് ഡിലീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. ഗ്രീഷ്മയുടെ വിവാഹ നിശ്ചയത്തിന് മുമ്പേ ഇരുവരും അകല്‍ച്ചയിലായിരുന്നു. നിശ്ചയത്തിന്ശേഷം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുതവരനെ കാണിക്കുമെന്നുള്ള ഭയത്തിലാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതേസമയം ഷാരോണും ഗ്രീഷ്മയും വീട്ടില്‍ നിന്നും താലി കെട്ടിയതിന് ശേഷമുള്ള വീഡിയോ ഷാരോണിന്റെ കുടുംബം പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: