ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ജമ്മു കശ്മീര്‍ തൊഴില്‍മേളയെ അഭിസംബോധനചെയ്തു.
സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമര്‍ഥരായ യുവാക്കള്‍ക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളില്‍ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകള്‍ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യപൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസംസാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളില്‍ സേവനംചെയ്യാന്‍ ഈ യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളില്‍ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകള്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ 21ാം നൂറ്റാണ്ടിലെ ഈ ദശകത്തിന്റെ പ്രാധാന്യത്തിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘പഴയ വെല്ലുവിളികള്‍ ഉപേക്ഷിച്ചു പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്. ജമ്മു കശ്മീരിലെ യുവാക്കള്‍ തങ്ങളുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായി വന്‍തോതില്‍ മുന്നോട്ടുവരുന്നതില്‍ എനിക്കു സന്തോഷമുണ്ട്’. ജമ്മു കശ്മീരിലെ വികസനത്തിന്റെ പുതിയ കഥ എഴുതുന്നതു നമ്മുടെ യുവാക്കളാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തു സംഘടിപ്പിക്കപ്പെട്ട തൊഴില്‍മേള ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും മോദി വ്യക്തമാക്കി.
നവീനവും സുതാര്യവും സംവേദനക്ഷമവുമായ ഭരണത്തിലൂടെ ജമ്മു കശ്മീരിലുണ്ടാകുന്ന തുടര്‍ച്ചയായ വികസനത്തെക്കുറിച്ചു പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘വേഗത്തിലുള്ള വികസനത്തിന്, നവീനസമീപനത്തോടെ, നവീനമനോഭാവത്തോടെ നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്’. 2019 മുതല്‍ മുപ്പതിനായിരത്തോളം ഗവണ്മെന്റ് തസ്തികകളിലേക്കു നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഇരുപതിനായിരത്തോളം ജോലികള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും സംസ്ഥാനഭരണസംവിധാനവും നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ”കാര്യക്ഷമതയിലൂടെ തൊഴില്‍’ എന്ന സന്ദേശം സംസ്ഥാനത്തെ യുവാക്കളില്‍ പുതിയ ആത്മവിശ്വാസം പകരുന്നു’ മോദി കൂട്ടിച്ചേര്‍ത്തു.
തൊഴിലും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ 8 വര്‍ഷമായി കേന്ദ്രഗവണ്മെന്റ് സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒക്ടോബര്‍ 22 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ‘തൊഴില്‍മേള’ അതിന്റെ ഭാഗമാണെന്നും പറഞ്ഞു. ‘ഈ ക്യാമ്പയിനുകീഴില്‍, ആദ്യഘട്ടത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷത്തിലധികം നിയമനക്കുറിപ്പുകള്‍ കേന്ദ്രഗവണ്മെന്റ് നല്‍കും’ പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷത്തിന്റെ വ്യാപ്തി ഗവണ്മെന്റ് വിപുലീകരിച്ചതായി അദ്ദേഹം അറിയിച്ചു. പുതിയ വ്യാവസായികനയവും വ്യാവസായികപരിഷ്കരണ പ്രവര്‍ത്തനപദ്ധതിയും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ടെന്നും ഇത് ഇവിടെ നിക്ഷേപത്തിനു വലിയ പ്രചോദനമേകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘വികസനവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നടക്കുന്ന വേഗത ഇവിടത്തെ സമ്പദ്വ്യവസ്ഥയെയാകെ മാറ്റിമറിക്കും’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രെയിനുകള്‍മുതല്‍ അന്താരാഷ്ട്രവിമാനങ്ങള്‍വരെ, കശ്മീരിലേക്കുള്ള സമ്പര്‍ക്കസൗകര്യം വര്‍ധിപ്പിക്കുന്ന പദ്ധതികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്കി. ശ്രീനഗറില്‍നിന്നു ഷാര്‍ജയിലേക്കുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇതിനകം ആരംഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കയക്കുന്നത് ഇപ്പോള്‍ എളുപ്പമായതിനാല്‍ ഇവിടെയുള്ള കര്‍ഷകര്‍ക്കും സമ്പര്‍ക്കസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതില്‍നിന്നു വലിയ നേട്ടമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രോണുകള്‍വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരികളുടെ എണ്ണത്തിലെ റെക്കോര്‍ഡ് വര്‍ധനയ്ക്കു ജമ്മു കാശ്മീര്‍ സാക്ഷ്യംവഹിച്ചതിലേക്കു വെളിച്ചംവീശി, അടിസ്ഥാനസൗകര്യവികസനവും വര്‍ധിച്ച സമ്പര്‍ക്കസൗകര്യങ്ങളും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം പകര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ഗവണ്മെന്റ്പദ്ധതികളുടെ പ്രയോജനങ്ങള്‍ വിവേചനമേതുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതിനാണു ഞങ്ങളുടെ പരിശ്രമം’ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ നേട്ടങ്ങള്‍ തുല്യമായി എല്ലാ വിഭാഗങ്ങള്‍ക്കും പൗരന്മാര്ക്കും എത്തിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പുതിയ എയിംസ്, 7 പുതിയ മെഡിക്കല്‍ കോളേജുകള്‍, 2 സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, 15 നഴ്സിങ് കോളേജുകള്‍ എന്നിവ തുറക്കുന്നതിലൂടെ ജമ്മു കശ്മീരിലെ ആരോഗ്യവിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ സുതാര്യതയ്ക്ക് ഊന്നല്‍ നല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതെങ്ങനെയെന്നു സംസാരിക്കവേ, ഗവണ്മെന്റ് സേവനങ്ങളിലേക്കു വരുന്ന യുവാക്കളോട് അക്കാര്യത്തിനു മുന്‍ഗണന നല്‍കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ‘ഞാന്‍ മുമ്പു ജമ്മു കശ്മീരിലെ ജനങ്ങളെ കാണുമ്പോഴെല്ലാം അവരുടെ വേദന എനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു. വ്യവസ്ഥിതിയിലെ അഴിമതിയുടെ വേദനയായിരുന്നു അത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ അഴിമതിയെ വെറുക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയുടെ ദൂഷ്യവശങ്ങള്‍ പിഴുതെറിയാന്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെയും സംഘത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇന്നു നിയമനക്കത്തു ലഭിക്കുന്ന യുവാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ അര്‍പ്പണബോധത്തോടെയും സമര്‍പ്പണത്തോടെയും നിര്‍വഹിക്കുമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ഉറപ്പുനല്‍കി. ‘ജമ്മു കശ്മീര്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമുക്കൊരുമിച്ചു ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. 2047ലെ വികസിത ഇന്ത്യ എന്ന വലിയൊരു ലക്ഷ്യവും നമുക്കുണ്ട്. അതു പൂര്‍ത്തിയാക്കാന്‍ ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെ രാഷ്ട്രനിര്‍മാണത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്’ പ്രധാനമന്ത്രി ഉപസംഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: