ന്യൂദല്‍ഹി: വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 13 വൈസ്ചാന്‍സലര്‍മാരില്‍11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസിമാരുടെ യോഗ്യതയിലല്ല അവരുടെ നിയമന രീതിയിലാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. ചുമതല നിര്‍വഹിക്കാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണ്. മറ്റ് ഉദ്ദേശ്യങ്ങള്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. നിസാര തർക്കങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ല. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസനയത്തിലും സാമൂഹിക പരിവർത്തനത്തിലും മുന്നിൽ നിൽക്കുന്നവരാണ് കേരളീയർ.
കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫ്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: