ന്യൂദല്‍ഹി: ഐടി നിയമഭേദഗതി സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണ്ണമായ ഇന്റര്‍നെറ്റ് ഉപയോഗം രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്ര ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 80 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും. ഇന്ത്യന്‍ പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളെ ചോദ്യം ചെയ്യാനോ ലംഘിക്കാനോ ഒരു സാമൂഹ്യ മാധ്യമങ്ങള്‍ക്കും അവകാശമില്ല. മാത്രമല്ല ഭരണഘടനയെ മാനിച്ചായിരിക്കണം അവരുടെ പ്രവര്‍ത്തനമെന്നതും പുതിയ ഭേദഗതി ഉറപ്പാക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റി എന്ന പേരിലുള്ള സമിതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും. ആരെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ലയിത്. സാമൂഹ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ട്. ഭൂരിഭാഗം പരാതികളും സ്ഥാപനങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നതാണ്. പരാതികള്‍ സാമൂഹ്യമാധ്യമങ്ങളുടെ സംവിധാനങ്ങളില്‍ പരിഹരിക്കപ്പടുന്നില്ലെങ്കില്‍ ഈ സമിതിയെ സമീപിക്കാം. തുടര്‍ന്ന് വേണമെങ്കില്‍ കോടതിയെ സമീപിക്കാം.
ഭേദഗതി സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കാന്‍ വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉള്ളടക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിക്ക് സ്വമേധയാ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: