ന്യൂദല്‍ഹി : കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ തീവ്രവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി എന്‍ഐഎയ്ക്ക് ചുമതല നല്കി കേന്ദ്ര സര്‍ക്കാര്‍. സ്ഫോടനത്തില്‍ കൊലപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി ജമേഷ മുബീന് ചാവേര്‍ ആയിരുന്നോയെന്ന സംശയമാണ് കേസിലെ തീവ്രവാദി ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎയ്്ക്് കൈമാറുന്നത്.
കേസില്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കേസില്‍ ഇതുവരെ അഞ്ച് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രത്തിന് ശുപാര്‍ശ കൈമാറിയത്.
എന്‍ഐഎ സംഘം ബുധനാഴ്ച തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക അന്വേഷണത്തിനായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബീന് മുമ്പും ഐഎസ്് ബന്ധം ഉള്ളതായി സംശയം ഉയര്‍ന്നിരുന്നു.
മുബീന്റെ ബന്ധു അഫ്സ്ഖര്‍ ഖാന് എന്നയാളെ കൂടി അന്വേഷണ വിധേയമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടിലാണ് പൊട്ടിത്തെറിച്ച കാര്‍ പാര്‍ക്ക് ചെയ്യാറുള്ളത്. ഓണ്‍ലൈനായി സ്ഫോടനക്കൂട്ടുകള്‍ ഓര്‍ഡര്‍ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ്പുകളും അഫ്സ്ഖറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവകള്‍ പലപ്പോഴായി ഓണ്‍ലൈനായി വാങ്ങി സൂക്ഷിച്ചു എന്നാണ് പോലീസ് കണ്ടെത്തല്‍.
വിശദ വിവരങ്ങള്‍ക്കായി ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയ്ക്ക് പോലീസ് കത്തെഴുതിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ കോയമ്പത്തൂരില്‍ വിറ്റ സ്ഫോടക വസ്തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുക്കാല്‍ ക്വിന്റല്‍ സ്ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വേണ്ടിയാണ് എന്നാണ് പോലീസ് സംശയം. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: