ഇസ്താംബൂള്‍ : ഇറാനില്‍ മത പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേ മരിച്ച് മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാനെത്തിയവര്ക്ക് നേരെ പോലീസ് വെടിവെപ്പ്. ചരമദിനം ആഘോഷിക്കാനായി കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെയാണ് പോലീസ് വെടിയുതിര്‍ത്തത്. നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്.
അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുകയും അവര്‍ തങ്ങളുടെ ശിരോവസ്ത്രം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ‘ഏകാധിപത്യം തുലയട്ടെ’, ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നും സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പലയിടത്തും പ്രക്ഷോഭകരും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഇതോടെ ശവകുടീരത്തിന് മുമ്പാകെ തടിച്ചുകൂടിയവര്‍ക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു.
വെടിവെപ്പില്‍ മരണം ഉണ്ടായിട്ടുണ്ടോ എന്നതും എത്രപേര്‍ക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരിക്കുകയായിരുന്നു.
അമിനി എന്ന 22 വയസ്സുകാരി സെപ്തംബര്‍ 17നാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്സയെ ടെഹ്റാനില്‍നിന്ന് ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്’ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്സ മരണപ്പെട്ടു. പോലീസിന്റെ മര്‍ദ്ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദ്ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: