ടി.പി. ജോര്‍ജുകുട്ടി
(റബര്‍ ബോര്‍ഡ് മെമ്പര്‍)
കേരളത്തില്‍ റബര്‍ കൃഷിക്കാര്‍ ഏറെക്കാലമായി അസ്വസ്ഥരാണ്. പന്ത്രണ്ടുലക്ഷംപേര് വരെ ഒരു കാലത്ത് റബര്‍കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഓരോ വര്‍ഷവും ആ സംഖ്യ കുറഞ്ഞുവരികയാണ്. കേരള ഗവണ്മെന്റിന്റെ റബര്‍ വില ഇന്‍സെന്റീവ് പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നവരുടെ എണ്ണം ആറുലക്ഷത്തില്‍ താഴെയാണ്. ആ സ്കീമില്‍ ചേരാത്തവരും ചേര്‍ന്നതിനുശേഷം കൃഷി നിര്‍ത്തിയവരുമുണ്ട്. ഇപ്പോള്‍ ഉത്പാദനം ഇല്ലാത്തവര്‍ക്ക് അംഗത്വത്തിന്റെ ആവശ്യവുമില്ല. എന്തായാലും റബര്‍കൃഷിക്കാരുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത് വര്‍ധിച്ചുവരികയുമാണ്. ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതും തൊഴിലാളികളുടെ അഭാവവും പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യക്കുറവും ഇതിനു കാരണങ്ങളാണ്. റബര്‍ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ റബര്‍ ഉത്പാദനം 775000 ടണ്‍ ആണ്. ഉപഭോഗം 1238000 ടണ്ണും. ഉപഭോഗം കൂടി നില്ക്കുന്നതിനാല് ഇറക്കുമതി ഒഴിവാക്കാനാവില്ല എന്നതാണ് വസ്തുത. ചുരുക്കത്തില്‍ ആഗോള വിപണിക്ക് അനുസൃതമായി മാത്രമേ ഇന്ത്യയിലും റബറിന് വില ലഭിക്കൂ.
ചുരുക്കത്തില്‍ കേരളത്തിലെ റബര്‍ കൃഷിക്കാര്‍ നേരിടുന്ന വിലക്കുറവ് എന്ന പ്രതിഭാസത്തിന് സ്വാഭാവികമായ പരിഹാരം ഉണ്ടാകാന്‍ പോകുന്നില്ല. ഗവണ്മെന്റുകളുടെ ശക്തമായ ഇടപെടലില്കൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. അതുപോലെ തൊഴിലുറപ്പു പദ്ധതിയുമായി റബര്‍ കൃഷിയെ ബന്ധപ്പെടുത്തുകയും കര്‍ഷകര്‍ക്കു നല്കുന്ന വേതനത്തിനു പുറമേ തൊഴിലുറപ്പു വേതനംകൂടി റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയും, നിലവിലുള്ള തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളുടെ സേവനം റബര്‍ഷീറ്റ് നിര്‍മ്മാണ മേഖലയില്‍ ഉറപ്പുവരുത്തുകയും ചെയ്താല്‍ തൊഴിലാളിക്ഷാമം എന്ന പ്രശ്നത്തിനും പരിഹാരമായി. നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി തൊഴിലുറപ്പു മേഖലയുടെ പ്രവര്‍ത്തനം ഉത്പാദനക്ഷമമാക്കുവാന് കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ സഹായിക്കുന്ന ഘടകമായിമാറും.
കേരളത്തിലെ റബര്‍കൃഷിയുടെ നിലനില്‍പ്പ് രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തെ അനുകൂലമായി പിന്തുണയ്ക്കും എന്നതുമാത്രമല്ല, അത് രാജ്യസുരക്ഷയെ സംബന്ധിച്ചും അതിപ്രധാനമാണ്. കേരളത്തില്‍ ലാഭകരമായി കൊണ്ടുപോകാന്‍ സാധിക്കുന്ന കൃഷികളില്‍ ഏറ്റവും വ്യാപകവും ശ്രദ്ധേയവുമായത് റബര്‍ കൃഷിയാണ്. റബര്‍ കൃഷി കേരളത്തില്‍നിന്ന് മാറ്റപ്പെട്ടാല്‍, അത്രയും സ്ഥലത്ത് മറ്റ് കൃഷിയൊന്നും പ്രായോഗികമായി നടപ്പില്വരികയില്ല. ആ ഭൂമി മുഴുവന്‍ കൃഷിയോടു ബന്ധമില്ലാത്ത ശക്തികളുടെയും വ്യക്തികളുടെയും കൈവശം ചെന്നുചേരുകതന്നെ ചെയ്യും. മധ്യതിരുവിതാംകൂറില്‍നിന്ന് വന്‍തോതില്‍ ഇന്ന് യുവജനശോഷണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മറ്റു നാടുകളില്‍നിന്നും ദേശങ്ങളില്‍നിന്നും കൃഷി ആവശ്യത്തിനല്ലാതെ ആളുകള്‍ വന്ന് ഈ ഭൂമി കൈവശപ്പെടുത്താന്‍ ഇടയാവുന്ന സാഹചര്യം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വലിയ വിപത്തായി അത് മാറും.
കേരളത്തില്‍ റബര്‍കൃഷി ആരംഭിക്കുന്നത് 1902 ല്‍ ആണ്. മര്‍ഫി സായിപ്പ് എന്നറിയപ്പെടുന്ന ഇംഗ്ലീഷുകാരന്റെ ദീര്‍ഘദര്‍ശനത്തെ നമിക്കാതെവയ്യ. 1950 ഓടുകൂടി കോട്ടയം – ഇടുക്കി – പത്തനംതിട്ട ജില്ലകള്‍ റബര്‍ മേഖലകളായി മാറി. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ നേടിയ സാമ്പത്തിക അഭിവൃദ്ധിക്കും സാമൂഹ്യപുരോഗതിക്കും പിന്നില്‍ റബര്‍പാലിന്റെ ധവളനിറം കാണാനാവും. കേരളത്തിനു പുറത്ത് റബര്‍ കൃഷിചെയ്യുന്നത് കൂടുതലും സര്‍ക്കാര്‍ പ്രോത്സാഹനം ലഭിക്കുന്ന ഭൂമികളിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെയുള്ള കൃഷിയാണ് നടക്കുന്നത്. കേരളത്തിലെ റബര്‍ കൃഷിക്കാര്‍ക്ക് കേന്ദ്രത്തില്‍നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നത്, അത് കിട്ടാതെവന്നാല്‍ ഇവിടെ റബര്‍ കൃഷി ഇല്ലാതാവും എന്ന സാഹചര്യത്തിലാണ്. അത് ഏതാനും വര്‍ഷത്തേക്കുള്ള പ്രത്യേക പാക്കേജ് ആയി മാത്രം അനുവദിച്ചാല്‍ മതിയാവുന്നതാണ്.
കേരളത്തില്‍ ഉല്പാദനക്ഷമമായ തോട്ടങ്ങളില്‍ മൂന്നിലൊന്നും ടാപ്പിംഗുകാരുടെ അഭാവത്താലും ഉടമസ്ഥരുടെ താല്പര്യക്കുറവുംമൂലവും വെറുതെ കിടക്കുകയാണ്. ഇത്തരം തോട്ടങ്ങളുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. സ്ഥിരവരുമാനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തി റബര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഉല്പാദക സംഘങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ടാപ്പേഴ്സ് ബാങ്ക് ഉണ്ടാവണം. ഇപ്പോള്‍ പല ആര്.പി.എസ്-കളിലും ടാപ്പേഴ്സ് ബാങ്ക് ഉണ്ടെങ്കിലും അതൊക്കെ ഒരു ഡയറക്ടറിയുടെ പ്രയോജനം മാത്രമേ ചെയ്യുന്നുള്ളൂ. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ആകര്‍ഷകമായി തോന്നത്തക്കവിധം ഈ മേഖലയില്‍നിന്ന് സര്‍ക്കാര്‍ സഹായത്തോടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാവണം.
റബര്‍കൃഷി കേരളത്തില്‍ ഒരു ജീവിതരീതി ആയിരുന്നു. രാവിലെ ടാപ്പു ചെയ്തശേഷം സ്കൂളില്‍പോയി വൈകുന്നേരം ഷീറ്റ് അടിച്ചുകൊണ്ടുവന്ന് പഠിച്ച് ജോലി സമ്പാദിച്ച വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍നിന്ന് റിട്ടയര്‍ ചെയ്തുകഴിഞ്ഞ് അവരുടെ അടുത്ത തലമുറയില്‍ പലര്‍ക്കും റബര്‍തോട്ടം ഒരു ആകര്‍ഷകവസ്തുവല്ല. എന്നാല്‍ തൊഴിലും വേതനവും സമ്പാദ്യവും റബര്‍ കൃഷിയില്‍നിന്നു മാത്രം ലഭിക്കേണ്ട ഒരു വലിയ ജനസമൂഹം ഇന്നും ഈ നാട്ടിലുണ്ട്. ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ ശൈലിയും സമീപനവും പ്രായോഗികമാക്കിയാല്‍, റബര്‍ വീണ്ടും നമ്മുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ അടിത്തറയായി വീണ്ടും നിലവില്‍ വരികതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: