സാധ്യതയുടെ കലയാണ് രാഷ്ട്രീയമെന്ന് പറയാറുണ്ടെങ്കിലും അസാധ്യമായത് സാധ്യമാക്കുന്ന ഒരിടമായി രാഷ്ട്രീയത്തെ ആരും കാണാറില്ല. ബ്രിട്ടന്റെ അന്പത്തിയേഴാമത് പ്രധാനമന്ത്രിയായി ഭാരത വംശജനായ ഋഷി സുനാക് അധികാരമേറ്റതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ നീളുന്ന ബ്രിട്ടന്റെ ചരിത്രത്തില്‍ വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയാവുകയെന്നതുതന്നെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ. അത് ഒരു ഭാരതീയ വംശജനാവുമ്പോഴത്തെ മഹാശ്ചര്യം വിവരിക്കാനാവില്ല. അവിഭക്ത ഭാരതത്തിലെ പഞ്ചാബില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും, അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയ ഒരു കുടുംബത്തില്‍പ്പെട്ട ഋഷി സുനാക് ആ രാജ്യത്തെ പൗരനാണെന്ന വസ്തുത മറക്കാതെതന്നെ പുതിയ സ്ഥാനാരോഹണത്തില്‍ ഓരോ ഭാരതീയനും അഭിമാനിക്കും. ബോറിസ് ജോണ്സണ് രാജിവച്ചതിനെത്തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിച്ചെങ്കിലും മതിയായ പിന്തുണ കിട്ടാതെ പിന്മാറേണ്ടി വന്നയാളാണ് ഋഷി. ലിസ് ട്രസാണ് പ്രധാനമന്ത്രിയായത്. വാഗ്ദാനം നിറവേറ്റാനാവാതെ പരാജയം സമ്മതിച്ച് ലിസ് പിന്മാറിയതോടെയാണ് രണ്ടാമൂഴത്തില്‍ ഋഷി ബ്രിട്ടന്റെ ഭരണാധികാരിയായി മാറിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംപിമാരുടെ പിന്തുണ ലഭിച്ച ഋഷി എതിരില്ലാതെയാണ് പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. ഒന്നരമാസത്തിനിടെയുള്ള ഈ കീഴ്മേല്‍ മറിച്ചില്‍ ഒരര്‍ത്ഥത്തില്‍ ഒരു മധുരപ്രതികാരമാണ്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നും, ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഫലമായും സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് ബ്രിട്ടന് നേരിടുന്നത്. ഇത് പരിഹരിക്കുന്നതിലാണ് ഋഷിയുടെ മുന്‍ഗാമിയായ ലിസിന് പരാജയം സമ്മതിക്കേണ്ടിവന്നത്. ഇക്കാര്യത്തില്‍ ഋഷിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നാല്‍ സാമ്പത്തിക വിദഗ്ധനും, ബോറിസ് ജോണ്‍സന്റെ സര്‍ക്കാരില്‍ ധനമന്ത്രിയുമായിരുന്ന ഋഷിക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവും. യാഥാര്‍ത്ഥ്യബോധമുള്ളയാളാണ് താനെന്ന് ഋഷിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. നികുതി കുറയ്ക്കില്ല എന്ന പ്രഖ്യാപനം തന്നെ മതി തെളിവായി. സര്‍ക്കാരിന് മൂന്നുവര്‍ഷത്തിലേറെ കാലാവധിയുള്ളതിനാല്‍ സ്ഥിതിഗതികള്‍ നേരെയാക്കാന്‍ ഋഷിക്ക് വേണ്ടത്ര സാവകാശം ലഭിക്കും. ഋഷി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ മന്ത്രിസഭയില്‍ വന്നിരിക്കുന്ന മാറ്റം തന്നെ പുതിയൊരു തുടക്കത്തിന്റെ സൂചനയാണ്. നേരത്തെ ധനമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച പ്രധാനമന്ത്രിയായ ഋഷിയില്‍നിന്നും പ്രതീക്ഷിക്കാം. യുവത്വത്തിന്റെ പ്രസരിപ്പ് നിലനിര്‍ത്തുന്ന നാല്‍പ്പത്തിരണ്ടുകാരനായ ഭരണാധികാരിയില്‍നിന്ന് ബ്രിട്ടീഷ് ജനത പലതും പ്രതീക്ഷിക്കുന്നുവെന്നതാണ് നേര്. മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ അംഗീകാരമായിരിക്കും. അതേസമയം പരാജയപ്പെടുകയോ പാളിപ്പോവുകയോ ചെയ്താല്‍ മുന്ഗാമികള്ക്ക് ലഭിച്ച പരിഗണന പോലും ഋഷിക്ക് കിട്ടണമെന്നില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി ആഗോള പ്രശ്നങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാരോഹണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് അര്‍ത്ഥപൂര്‍ണമാണ്. ബ്രിട്ടനില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നതിനെക്കാള്‍ ഋഷിയുടെ സ്ഥാനാരോഹണം ഭാരതത്തെ സംബന്ധിച്ചിടത്തോളം പല നിലയ്ക്കും പ്രസക്തമാണ്, ചരിത്രപരമാണ്. പ്രതീകാത്മകമായി വലിയ പ്രഭാവമാണ് ഇത് ഭാരതത്തിലെ ജനതയില്‍ ചെലുത്തുക. ഇത് എന്തുകൊണ്ടാണെന്ന് എടുത്തുപറയേണ്ടതില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ നയിച്ചിരുന്ന രാജ്യമാണ് ബ്രിട്ടന്. നീണ്ടകാലം അവരുടെ കോളനിയായിരുന്നുവല്ലോ ഭാരതം. ഭാരതീയ പാരമ്പര്യത്തില്‍പ്പെടുന്ന ഋഷി, അതും ഹിന്ദുവാണ് താനെന്ന് പറയാന്‍ മടിക്കാതിരിക്കുകയും, ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയും, ദീപാവലിയാഘോഷിക്കുകയുമൊക്കെ ചെയ്യുന്ന ഒരാള്‍ തീര്‍ച്ചയായും ഭാരതീയര്‍ക്ക് ഒരു അഭിമാനതാരമാണ്. സാമ്രാജ്യത്തിനുമേല്‍ അത് ഉദയം ചെയ്തിരിക്കുന്നു. ഭാരതീയരെ വെറുക്കുകയും, അവരെ പരിഹസിക്കുകയും, ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്ത വിന്സ്റ്റന് ചര്‍ച്ചിലിന്റെ നാട് ഒരു ഭാരതീയ വംശജന് ഭരിക്കുന്നത് യാദൃച്ഛികമാകാമെങ്കിലും അതിന് ചരിത്ര നിയോഗത്തിന്റെ സ്വഭാവമുണ്ട്. പൗരാണിക സംസ്കാരത്തില്‍ അഭിമാനിച്ചും, ആധുനികമായ ആവശ്യങ്ങളോട് പൊരുത്തപ്പെട്ടും സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ ഭാരതം മുന്നേറുമ്പോള്‍ ബ്രിട്ടനിലെ ഋഷിപ്രസാദ ത്തിന് അനുപമവും അന്യാദൃശവുമായ ചാരുതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: