പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഈ തീര്‍ത്ഥാടനകാലത്ത് ബെംഗളൂരുവില്‍ നിന്ന് ഇതാദ്യമായി സ്പെഷല്‍ ട്രെയിന്‍ ഓടിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരുടെ തിരക്ക് ഇക്കൊല്ലം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളില്‍ നിന്നും ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.
ചെന്നൈയില്‍ നിന്നുള്ള സ്പെഷല്‍ ട്രെയിന്‍ ആഴ്ചയില്‍ മൂന്നുദിവസം ഉണ്ടാകും. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും റെയില്‍വേ തയ്യാറാണ്. സ്പെഷല്‍ ട്രെയിനുകള്‍ കൊല്ലത്ത് അവസാനിപ്പിക്കണമോ തിരുവനന്തപുരം വരെ ഉണ്ടാകുമോയെന്നതു സംബന്ധിച്ചും ആലോചന നടക്കുകയാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ റെയില്‍വേ ക്രമീകരിക്കുന്നുണ്ട്.
റെയില്‍വേ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇവിടെ ഉള്ള സൗകര്യങ്ങള്‍ കൂടി ഇല്ലാതാക്കുകയാണ്. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന റെയില്‍വേ റിസര്വ്വേഷന് കേന്ദ്രം ഒഴിഞ്ഞുകൊടുക്കണമെന്നാണ് ദേവസ്വംബോര്‍ഡ് ആവശ്യപ്പെടുന്നത്. പമ്പയിലെ റിസര്‍വേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ സ്ഥലസൗകര്യം ലഭിച്ചാല്‍ റെയില്‍വേ തയാറാണ്. തീവണ്ടിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു പമ്പയിലെ റിസര്‍വേഷന്‍ കേന്ദ്രമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: