കണ്ണൂര്‍ : പ്രിയവര്‍ഗീസിനെ നിയമിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല. പ്രിയാ വര്‍ഗീസിനെതിരേയുള്ള യുജിസി നിലപാട് തള്ളിക്കൊണ്ട് സര്‍വ്വകലാശാല രജിസ്ട്രാറാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിനെ പരിഗണിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. അവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അപക്വമാണ്. ഹര്‍ജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികള്‍ ആയിട്ടില്ലെന്നും രജിസ്ട്രാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
നിലവില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. അസോസിയേറ്റ് പ്രൊഫസര്‍ പദവിക്കായി ചട്ടപ്രകാരമുള്ള യോഗ്യത അവര്‍ക്കില്ലെന്നും ഹര്‍ജി പരിഗണിക്കവേ യുജിസിയും കോടതിയെ അറിയിച്ചിരുന്നു.
പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രോഫസര്‍ ആക്കാനുള്ള നടപടിക്കെതിരെ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള പ്രൊഫസര്‍ ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം 20നുള്ളില്‍ മറുപടി നല്‍കാന്‍ പ്രിയ വര്‍ഗീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. അതുവരെ നിയനത്തിനെതിരെ സ്‌റ്റേ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: