ന്യൂദല്‍ഹി: ഇന്ത്യയിൽ ഇറക്കുന്ന എല്ലാ കറന്‍സി നോട്ടുകളിലും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായാൽ രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ കൂടി അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ വേണ്ട ഫലം ഉണ്ടാകൂ. സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കേണ്ടതുണ്ട്. ഞങ്ങളും ശ്രമിക്കുന്നു, പക്ഷേ ഫലം വരുന്നില്ല. ഇതിനായി നമ്മൾ പല വിധത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ. ഇന്ത്യ ഒരു സമ്പന്ന രാജ്യമായി മാറണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും സമ്പന്ന കുടുംബങ്ങളായി മാറണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി നാം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.
എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണം. ബിസിനസുകാർ അവരുടെ ഓഫീസുകളിലും മുറികളിലും ശ്രീലക്ഷ്മിയുടെയും-ഗണേശന്റെയും വിഗ്രഹങ്ങൾ സൂക്ഷിക്കുന്നു. അതിനാൽ ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം അച്ചടിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോൾ തനിക്ക് തോന്നിയ ആശയമാണിതെന്നും കേന്ദ്രസർക്കാരിനെ ഇത് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: