തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിഗുളികകള്‍ വില്‍പ്പന നടത്തിവന്ന അഞ്ച് പേര് പിടിയിലായി. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്‍്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
മയക്കുമരുന്ന്, ലഹരിക്കുപയോഗിക്കുന്ന ഗുളികകള്‍ എന്നിവയുമായി അഞ്ചുപേര്‍ രണ്ട് സ്ഥലങ്ങളിലായി പിടിയിലായത്. കാരയ്ക്കാമണ്ഡപത്തിന് അടുത്തായി മേലാംകോട് റോഡില്‍ സമാധി ക്ഷേത്രത്തിന് സമീപത്തായി ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകള്‍ വില്‍പ്പന നടത്തിവന്ന നടുവത്തുവിള പുത്തന്‍വീട്ടില്‍ അതുല്‍ എസ് കുമാര്‍ (19), കോളിയൂര്‍ ചാണക്കര കൃപാഭവനില്‍ അനീഷ് (25) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 42 ഗുളികകള്‍ പിടിച്ചെടുത്തു. അതുലിന്റെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരും ഒത്തുകൂടുക പതിവായിരുന്നു. അതുല്‍ മോഷണക്കേസിലെ പ്രതിയുമാണ്.
തിരുവനന്തപുരം മുട്ടടയാണ് മറ്റൊരു സംഭവം. മുട്ടട ചാത്തിയോട് റോഡില്‍ രാത്രി വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും 0.23 ഗ്രാം എം ഡിഎംഎയും കഞ്ചാവും പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജന് നിവാസില്‍ അരവിന്ദ് (24), ഇടവക്കോട് സജി ഭവനില്‍ ജിത്ത് ജി എസ് (26), മുട്ടട കുശവര്‍ക്കല്‍ ദീപം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന റാഫ ടി പ്രദീപ് (23) എന്നിവര്‍ അറസ്റ്റിലായി.
പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നിന്ന് ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറുടെ വ്യാജ സീല്‍ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്. റാഫ എന്ന യുവതിയാണ് ഇത്തരത്തില്‍ മരുന്ന് വാങ്ങുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. ഇവര്‍ നഴ്സിംഗ് പഠിച്ചിട്ടുണ്ട്. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒപി ടിക്കറ്റില്‍ കുറിപ്പടി എഴുതിച്ചേര്‍ക്കുന്നത് ഇവരാണ്.
വ്യാജ സീലും ജില്ലാ ആശുപത്രിയിലെ ഒ പി ടിക്കറ്റും ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ അരവിന്ദ് പോക്സോ കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: