കണ്ണൂര്‍: ഗവര്‍ണര്‍ ആജ്ഞാപിച്ചതുകൊണ്ടൊന്നും രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്. കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാര്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് മുമ്പായി രാജിവെയ്ക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്നെ പുറത്താക്കുന്നുവെങ്കില്‍ പുറത്താക്കട്ടെ. നിയമപരമായി എനിക്കെതിരെ നടപടിയെടുക്കട്ടെ. എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ വിശദീകരണം നല്‍കാനുള്ള സമയവും അവസരവുമാണ് നല്‍കേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും രാജിവെയ്ക്കില്ല”- വിസി. ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വിസിമാരില്‍ ഒരാളാണ് ഗോപിനാഥ് രവീന്ദ്രന്. വിസിയായി കാലാവധി കഴിഞ്ഞ ശേഷം പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയതോടെ രണ്ടാമത് ഒരിയ്ക്കല്‍ കൂടി കണ്ണൂര്‍ സര്‍വ്വകലാശാല വിസി കസേരയില്‍ എത്തിയ വ്യക്തിയാണ് ഗോപിനാഥ് രവീന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടലംഘനം നടത്തി നിയമനം നല്‍കിയെന്നതിന്റെ പേരില്‍ ഗോപിനാഥ് രവീന്ദ്രനും ഗവര്‍ണ്ണറും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: