ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘കരളോ വെറുതെ’ എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശബരീഷ് വര്‍മ്മ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറായിരുന്നു അത്.. ഇടിപടമെല്ലാം വിട്ട് ആന്റണി വര്‍ഗീസ് പെപ്പെ അല്‍പം റൊമാന്റിക്കായിയെത്തുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല. ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലൈലാസുരന്‍ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആന്റണിക്കൊപ്പം, സോന ഒലിക്കല്‍, നന്ദന രാജന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.
















