തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് മണിച്ചൻ മോചിതനായത്. ജയിൽ കവാടത്തിൽ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും അവരോട് പ്രതികരിക്കാൻ മണിച്ചൻ കൂട്ടാക്കിയില്ല.
മണിച്ചനെ ഉടൻ മോചിപ്പിക്കാൻ ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണക്കോടതി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഈടാക്കരുതെന്നും ഉത്തരവുണ്ടായിരുന്നു. ബുധനാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കിയെങ്കിലും ആഭ്യന്തര വകുപ്പില്‍ എത്താൻ താമസിച്ചു. ഇതാണ് മോചനം ഇന്നത്തേയ്‌ക്കായത്. സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മേയ് 20ന് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനടക്കം 33 പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.
ഗവര്‍ണര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പിഴത്തുകയായ 30.45 ലക്ഷം അടയ്‌ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം കാരണം മോചനം മുടങ്ങി. തുടര്‍ന്ന്, പിഴ ഒഴിവാക്കി വിട്ടയയ്‌ക്കാന്‍ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാറിനെയും മണികണ്ഠനെയും പിഴ ഈടാക്കാതെ മോചിപ്പിച്ചിരുന്നു. ഇക്കാര്യം മണിച്ചന്റെ മോചനത്തിനായി ഹര്‍ജി നല്‍കിയ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ ചൂണ്ടിക്കാട്ടി. ഇതും കോടതി പരിഗണിച്ചു.
2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: