മണ്ണാര്‍ക്കാട്: ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിളൊന്നാണ് തിരുവിഴാംകുന്ന് മുതലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും 15 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് പൊരുതല്‍ മലയുടെ താഴ്വാരത്താണ് ക്ഷേത്രം. മേല്‍ക്കൂര വെട്ടുകല്ലു കൊണ്ട് വട്ടത്തില്‍ നിര്‍മിച്ച കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലെന്ന് പഴമക്കാര്‍ പറയുന്നു. ചുവരും നിലവും കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രീകോവിലിനകത്ത് ഒരു പീഠം മാത്രമാണ് ഇപ്പോഴുള്ളത്. ക്ഷേത്രിത്തിനടുത്ത് ഒരു കിണറുമുണ്ട്. ഇത് അടുത്ത കാലത്ത് വൃത്തിയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് ഒരുകിലോമീറ്റോളം അകലെ നരസിംഹമൂര്‍ത്തി ക്ഷേത്രവും അഞ്ഞൂറ് മീറ്ററോളം അകലെ ഒരു അയ്യപ്പക്ഷേത്രവുമുണ്ട്.
പണ്ടുകാലത്ത് ക്ഷേത്രം കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്നുവത്രെ. പിന്നീട് ട്രസ്റ്റി രൂപീകരിച്ചു. തുലാ മാസത്തിലെ കറുത്ത വാവ് ദിവസമാണ് പൊരുതല്‍ മല കയറ്റം നടക്കുന്നത്. അതിപുരാതന കാലത്ത് ഇവിടെ വസിച്ചിരുന്ന ബ്രാഹ്മണകുടുംബമാണ് പൊരുതല്‍ മല കയറിയിരുന്നതെന്നും പിന്നീട് ക്ഷേത്ര ഭഞ്ജന സമയത്ത് ഇവിടെ നിന്ന് മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വന്ന് താമസം തുടങ്ങിയെന്നും കരുതുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഗോവിന്ദന് ക്ഷേത്രത്തില്‍ നിന്ന് വ്രതമെടുത്ത് ഇവര്‍ പൊരുതല്‍ മലകയറാന്‍പോയിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. സുബ്രഹ്മണ്യ ക്ഷേത്രം, നരസിംഹ മൂര്‍ത്തി ക്ഷേത്രം, അയ്യപ്പ ക്ഷേത്രം എന്നിവയെല്ലാം ജീര്‍ണിക്കാന്‍ കാരണം ക്ഷേത്രഭഞ്ജനമാണെന്ന് പഴമക്കാര്‍ പറയുന്നു.
പൊരുതല്‍ മല കയറാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്താറുണ്ട്. തുലാം മാസം കറുത്തവാവിലാണ് മലകയറ്റം. ഈ വര്‍ഷത്തെ മലകയറ്റം 25ന് രാവിലെ 6.30ന് തുടങ്ങും.
ഈ ക്ഷേത്രം നില്ക്കുന്ന സ്ഥലത്തിന് ‘ഇല്ലത്ത് പടം’ എന്നാണ് പറയപ്പെടുന്നത്. ഇവി നിന്നും പടിഞ്ഞാറ് മാറി രണ്ട് കിലോമീറ്റര്‍ അകലെ ‘അപ്പാരില്ലം’ ഉണ്ടായിരുന്നു. അപ്പാരില്ലം മുതല്‍ ഇല്ലത്തു പാടം വരെ അന്തര്‍ജനങ്ങള്‍ക്ക്’ മറക്കുട ചൂടാതെ നടന്നെത്താമായിരുന്നത്രെ. അപ്പാരില്ലങ്ങളുടെ തറയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. അജ്ഞാത വാസകാലത്ത് കുറച്ചു കാലം കുന്തിദേവിയുമൊത്ത് പഞ്ചപാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ഈ സുബ്രമഹ്ണ്യ ക്ഷേത്രത്തിനു മുകളിലായി കാണുന്ന പൊരുതല്‍ മലയില്‍ ‘ബകന്’ എന്ന രാക്ഷസന് താമസിച്ചിരുന്നുവെന്നും ഈ ഗ്രാമങ്ങളിലെ ഒരോ വീട്ടുകാരും രാക്ഷസന് ചോറ് എത്തിച്ചു കൊടുക്കുമായിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നവരെയും രാക്ഷസന് ഭക്ഷിക്കും.
ഒരിക്കല്‍ ഊഴക്കാരനായി പോകേണ്ടിയിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ദുഖം കണ്ട് കുന്തിദേവി ഭീമനെ പകരം പറഞ്ഞയക്കുകയും വഴിയില്‍ വെച്ച് ഭക്ഷണം രാക്ഷസന് നല്‍കാതെ ഭീമന് കഴിക്കുകയും ചെയ്തു. ഇത് കണ്ട രാക്ഷസന് ഇരിക്കുന്ന പലക കോപത്തോടെ ഭീമസേനനു നേരെ മലമുകളില്‍ നിന്ന് എറിയുകയും ആ പലക വന്ന് വീണ സ്ഥലം കുളമായി തീരുകയും ചെയ്തു വെന്നാണ് ഐതീഹ്യം.
ഇവിടെയുള്ള ഈ കുളത്തിന് പലകക്കുളം എന്നാണ് പറയുന്നത്. കുന്തിപ്പുഴയുടെ തുടക്കം ഇതിനടുത്താണ്. ഭീമനാട്, അരക്കു പറമ്പ് (അരക്കില്ലം ഉണ്ടായിരുന്ന സ്ഥലം) എന്നിങ്ങനെ ഇന്നറിയപ്പെടുന്ന തിരുവിഴാംകുന്ന് എന്ന സ്ഥലം ശ്രീവാഴം കുന്ന് ആയിരുന്നുവത്രെ. പൊരുതല്‍ മല കയറുമ്പോള്‍ വനം വകുപ്പിന്റെ കൈവശമുള്ള ഭാഗത്ത് എഴുത്തുപളളി എന്ന സ്ഥലമുണ്ട്. ഈ മലമുകളില്‍ ഒരു കൂറ്റന്‍ പാറ പിളര്‍ന്നുണ്ടായ വിടവില്‍ മഴയും വെയിലും ഏല്ക്കാതെ മുപ്പതോളം പേര്‍ക്ക് ഇരിക്കാം ഇവിടെ ഒരു എഴുത്താശാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ. ഈ ക്ഷേത്രത്തിന്റെ ചുറ്റുഭാഗമെല്ലാം സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പറയുന്നു.
ക്ഷേത്രത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനം നടത്തിയാല്‍ ഈ പ്രദേശത്ത് ഐശ്വര്യമുണ്ടാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ഭക്ത ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ മാത്രമെ പുന:രുദ്ധാരണം സാധ്യമാകൂയെന്ന് ഇപ്പോള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരുവിഴംകുന്ന് കാഞ്ഞിരങ്ങാട്ടില്‍ സ്വാമിനാഥന്, സി.എം. സൂര്യാനന്ദന്‍ എന്നിവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: