ന്യൂദല്‍ഹി: നേപ്പാള്‍ സ്വദേശിനിനായ ബുദ്ധ സന്യാസിനി ആണെന്ന തരത്തില്‍ ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞ് ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ചൈനീസ് യുവതി അറസ്റ്റില്‍. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.
പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇവര്‍ പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കഴിഞ്ഞിരുന്ന ഇവരെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദല്‍ഹിയിലെ മജ്നു കാ തിലയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പല ഉദ്യോഗസ്ഥരെയും കുടുക്കി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് കണ്ടെത്തല്‍.
ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്നു കാ തില ദല്‍ഹി സര്‍വകലാശാലയുടെ വടക്കന്‍ ക്യാംപസിനടുത്താണ്. ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. ഇവര്‍ 2019ല്‍ ഇന്ത്യയിലേക്ക് എത്തിയതാണെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിദേശി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: