എ. വിനോദ്
(കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗമാണ് ലേഖകന്‍)
ചിരിക്കുന്ന ബാല്യം, ആത്മവിശ്വാസം സ്ഫുരിക്കന്ന കൗമാരം, കരുണയും സേവന സന്നദ്ധതയും പ്രകടിപ്പിക്കുന്ന യുവത്വം; ഇതാണ് പുതിയ ഭാരതത്തിന്റെ മുഖശ്രീയായി നാം വിഭാവനം ചെയ്യുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയം അങ്ങിനെയുള്ള പുതിയ സ്വയംപര്യാപ്ത ഭാരതത്തെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസമാണ് ആസൂത്രണം ചെയ്തു വരുന്നത്.
ബ്രിട്ടിഷ് വിദ്യാഭ്യാസം സൃഷ്ടിച്ച നിഷേധത്തിന്റെയും അപകര്‍ഷതയുടേയും മനോഭാവത്തില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തിന്റെ പ്രജണ്ഡാന്തരീക്ഷമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ നമുക്ക് ആത്മവീര്യവും സ്ഥിരോത്സാഹവും നാടിനായി സര്‍വ്വസ്വവും സമര്‍പ്പിക്കാനുള്ള മനോഭാവവും സൃഷ്ടിച്ചത്. ബ്രിട്ടിഷ് വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റിയില്ലെങ്കിലും ഉള്ളടക്കത്തിലും ഉള്‍ക്കാഴ്ചയിലും പ്രതീക്ഷയും പ്രേരണയും നല്ക്കുന്ന പാഠപുസ്തകങ്ങളും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ തലമുറകളെ സൃഷ്ടിച്ചത്. അതാണ് നമ്മെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കിയത്.
ഒരാളുടെ ബാല്യത്തിലും അനാഥത്വബോധം ജനിപ്പിക്കരുത്, കുട്ടികളെ ലാളിക്കാനും സ്നേഹത്തോടെ വളര്‍ത്തിയെടുക്കാനും എല്ലാവര്ക്കും ബാധ്യതയുണ്ടെന്ന സന്ദേശം സമൂഹത്തിലും ചിരിക്കുന്ന മുഖവും വളരുമ്പോള്‍ വലിയവനാകണമെന്ന കാഴ്ചപ്പാടും കുട്ടികളിലും നല്‍കാനാണ് ശിശുദിനം ആചരിക്കാന്‍ തുടങ്ങിയത്. ഒപ്പം തന്നെ തങ്ങളനുഭവിക്കുന്ന ജീവിത സൗകര്യങ്ങളും സുഖങ്ങളും അനുഭവിക്കാത്ത കുട്ടികളും ഉണ്ടെന്ന തിരിച്ചറിവും അവരുടെ ഉന്നമനത്തില്‍ തന്നെപോലുള്ള ഓരോ കുട്ടിക്കും പങ്ക് വഹിക്കാന്‍ കഴിയും എന്ന ചിന്തയും വളര്‍ത്തുകയും, അതില്‍ പ്രത്യക്ഷത്തില്‍ പങ്കാളികളാക്കാനുമാണ് ‘ശിശുക്ഷേമ ഫണ്ട്’ സമാഹരണത്തിന് ഓരോ സംസ്ഥാനവും പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് തുക മാറ്റി വക്കാന്‍ ഇല്ലാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല, ഇങ്ങനെ ഒരു സങ്കല്പം വിഭാവനം ചെയ്തത്. വളരുന്ന കുട്ടികളില്‍ നാടിനോടും നാട്ടുകാരോടും മറ്റ് സഹജീവികളോടും സഹാനുഭൂതിയും സഹകരണവും പരസ്പരം പങ്കുവച്ച് വളരണം എന്ന മനോഭാവം വളര്‍ത്തുകയും സഹജീവനം ഒരു ശീലമായി മാറ്റികൊണ്ടുവരാനുമാണ്.
ഒരു തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് സമാഹരിക്കുക മാത്രമല്ല, ആ ആശയ പ്രചരണത്തിന്റെ ഉപാധിയായി ശിശുക്ഷേമ സമിതി ഇറക്കുന്ന ശിശുദിന സ്റ്റാമ്പിന്റെ ആശയവും വിദ്യാര്‍ത്ഥികളുടെ തന്നെ രചനകളായി ക്ഷണിക്കുന്ന രീതിയാണ് നിലനിന്നുപോരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അപ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും പുറത്തിറക്കിയ നിരവധി സ്റ്റാമ്പുകള്‍ നമ്മുടെ സ്മൃതിപഥത്തില്‍ ഇന്നും ഒളിമങ്ങാതെ നില്ക്കുന്നുണ്ടാവും. ചിലതൊക്കെ വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാമ്പിനുവേണ്ടി കേരളത്തില്‍ രചനകള്‍ ക്ഷണിച്ചപ്പോള്‍ ‘ഇന്ത്യയിലെ കര്‍ഷകന്റെ ഒരു നേര്‍ക്കാഴ്ച’ എന്ന വിഷയം നല്കി കുട്ടികളുടെ ഇളം മനസ്സിലേക്ക് കക്ഷിരാഷ്ട്രീയത്തിന്റെ വിഷം കുത്തികയറ്റാന് ശ്രമിച്ചു എന്നത് ഖേദകരമാണ്. അക്ഷന്തവ്യമായ അപരാധമാണ്. കഴിഞ്ഞ വര്‍ഷം എത്ര രചനകള്‍ വന്നുവെന്നോ അരാണ് ചിത്രം തിരഞ്ഞെടുത്തതെന്നോ വ്യക്തമല്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം സമയത്തിന് സ്റ്റാമ്പ് പുറത്തിറക്കാന്‍ കഴിയാതെ, ധനസമാഹരണം തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ സ്റ്റാമ്പാണ് കാലം മാറി പെയ്യുന്ന മഴ പോലെ ഈ വര്‍ഷം രംഗത്തിറക്കിയിരിക്കുന്നത്. ശിശുദിന സന്ദേശവുമായി പുലബന്ധം പോലുമില്ലാത്ത ചിത്രത്തിന്, ഏതോ രാഷ്ട്രീയ യുവജന -വിദ്യാര്‍ത്ഥി സംഘടനയുടെ സമ്മേളന പ്രചരണാര്‍ഥം നടത്തുന്ന ചിത്രരചനാ മത്സരത്തിലെ ഒരു സൃഷ്ടിയുടെ നിലവാരമേയുള്ളു. ഇതിന്റെ പ്രചാരണത്തിലൂടെ എന്തു സന്ദേശമാണ് ശിശുക്ഷേമ വകുപ്പ് കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്? കൃഷി ഒന്നിനും കൊള്ളാത്തവന്റെ തൊഴിലാണ് എന്നോ, കൃഷി കൊണ്ട് ഒരു മെച്ചവും ഉണ്ടാവില്ല എന്നോ, ഭാരതം ഭാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നോ? അതൊ കര്‍ഷകനെ സഹായിക്കാനാണ് ഈ വര്‍ഷത്തെ ശിശുക്ഷേമ ഫണ്ട് ചെലവഴിക്കാന്‍ പോകുന്നതെന്നോ?
ഭാരതത്തിലെ സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സംസ്ക്കാരത്തിന്റേയും ആധാരം കൃഷിയാണ്. ആ കൃഷിയും കാര്‍ഷികാധിഷ്ഠിത സമ്പദ് വ്യവസ്ഥയും പുനഃസ്ഥാപിച്ച് പുതിയ ഭാരതം സൃഷ്ടിക്കാനാണ് എല്ലാ തലത്തിലും ആസൂത്രണങ്ങള്‍ നടന്നു വരുന്നത്. അതാണ് ആത്മനിര്‍ഭര ഭാരതം അഥവാ സ്വയംപര്യാപ്ത സ്വാശ്രയ ഭാരതം. അതിനുള്ള ദീര്‍ഘകാല വീക്ഷണവും വൈവിധ്യമാര്‍ന്ന നൈപുണ്യ വികസനവുമാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. വെള്ള കോളര്‍ തൊഴിലന്വേഷകരെ സൃഷ്ടിക്കാനല്ല, ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കൃഷിയിലേക്കും, കൈത്തൊഴിലിലേക്കും, ചെറുകിട- ഗ്രാമീണ -വികേന്ദ്രീകൃത വ്യവസായ-വാണിജ്യ സേവന രംഗങ്ങളിലേക്കും സംരംഭകരായി കടന്നു വരാന്‍ മനസ്സും വൈദഗ്ധ്യവുമുള്ള വിദ്യാര്ത്ഥികളെയായിരിക്കും പുതിയ പാഠ്യപദ്ധതിയിലൂടെ സൃഷ്ടിക്കുക. പാടശേഖരങ്ങളും പണിശാലകളും പാഠശാലകളാക്കുന്ന, ചുരുങ്ങിയത് പത്ത് ദിവസങ്ങള്‍ ഓരോ കുട്ടിക്കും ഉറപ്പു വരുത്തുന്ന അനുഭവവും ആനന്ദവും നല്കുന്ന അക്കാദമിക വര്‍ഷം അവരെ കാത്തിരിക്കയാണ്.
ഒപ്പം അവരുടെ മുമ്പില്‍ ചിരിക്കുന്ന കര്‍ഷകന്റെ ചിത്രം പ്രതിഷ്ഠിക്കാനും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ നമ്മള് കണ്ടു തുടങ്ങിക്കഴിഞ്ഞു. വിള ഇന്‍ഷുറന്‍സ്, താങ്ങുവില, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പ്രാദേശിക ഉല്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്, ലളിതമായ സംഭരണ-സംസ്ക്കരണ സംവിധാനങ്ങള്‍, ഓരോ കര്‍ഷകനും ഈടില്ലാതെ കടം എടുക്കാന്‍ കഴിയുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, അക്കൗണ്ടില്‍ നേരിട്ട് പണം കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കുന്ന സഹായ പദ്ധതി, അണമുറിയാത്ത വൈദ്യുതിയും ജലധാരയും.
ഭാരതത്തിലെ കര്‍ഷകന്റെ നേര് ചിത്രം മന്ദഹസിക്കുന്നതാണ്. അവര്‍ ആത്മവിശ്വാസം നേടിയെടുത്തുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ വര്‍ഷങ്ങളിലെ ഉല്പാദനത്തിലും കയറ്റുമതിയിലും ദേശീയ സാമ്പത്തിക വളര്‍ച്ചാ നിരക്കിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന യുഎന്‍ഡിപി റിപ്പോര്‍ട്ടിലും ഐഎംഎഫ് റിപ്പോര്‍ട്ടിലും ഭാരതത്തിലെ ദാരിദ്ര്യം കുറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ അവസരത്തിലാണ് മനഃശാസ്ത്രപരമായി വളരെ അപകടകരവും സത്യവുമായി ചേര്‍ന്നുപോകാത്തതും ശിശുദിനവുമായി പുലബന്ധമില്ലാത്തതുമായ സ്റ്റാമ്പ് ഇറക്കി ഒരു സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സംവിധാനം കുട്ടികളില്‍ വിഭ്രമം സൃഷ്ടിക്കുന്നത്. ഈ സ്റ്റാമ്പ് പിന്‍വലിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്. സാമ്പത്തിക നഷ്ടം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഉപദേശകരില്‍ നിന്നും ഈടാക്കണം.
ഇതായിരുന്നു നമ്മുടെ കുട്ടികളുടെ പ്രാര്‍ത്ഥന:
‘ഭദ്രം കര്‍ണേഭി ശൃണുയാമ ദേവാ:
ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാ’
ഭദ്രമായതു മാത്രം ഞങ്ങള്‍ കേള്‍ക്കുമാറാകട്ടെ! ഭദ്രമായതുമാത്രം ഞങ്ങള്‍ കാണുമാറാകട്ടെ!’ അതു തന്നെയാവട്ടെ ഇനിയുള്ള പ്രാര്‍ത്ഥനയും. ഇതു തന്നെയാണ് ശരിയായ, ശാസ്ത്രീയമായ ശിശു വിദ്യാഭ്യാസ മനഃശാസ്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: