തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ തീവ്രമാകും. 23ന് അതി തീവ്രമാകുന്ന ന്യൂനമര്‍ദം ഇതിന് ശേഷം വടക്ക് ദിശയിലേക്ക് സഞ്ചരിച്ച് ചുഴലിക്കൊടുങ്കാറ്റാകും.
ഇത്തരത്തില്‍ വന്നാല്‍ സിട്രാങ്ങ് എന്നാകും അത് അറിയപ്പെടുക. പിന്നീട് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ തീരത്തിന് സമീപത്തൂടെ 25ന് പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് എത്തും. ഇതിനൊപ്പം തന്നെ അറബിക്കടലില്‍ കേരള തീരത്ത് അന്തരീക്ഷച്ചുഴി തുടരുന്നുണ്ട്. തീരമേഖലകളിലും മലയോര ജില്ലകളിലും കുറച്ച് ദിവസം കൂടി മഴ തുടരും.
പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴ പ്രതീക്ഷിക്കാം. 22ന് ശേഷം മഴയുടെ ശക്തിയില്‍ കുറവുണ്ടാകും. കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ രാജ്യത്തിന്റെ പാതി പിന്നിട്ടെങ്കിലും ചുഴലിക്കാറ്റെത്തിയത് ഇത് വൈകിപ്പിക്കും. തുലാമഴ വേഗത്തിലെത്താന്‍ ഇത് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: