കോട്ടയം: അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്ലു കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും, ബില്ലിന് അനുകൂലമായി പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയ സാഹചര്യത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍ ഹിന്ദു വിരുദ്ധ ബില്‍ ആകരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. സര്‍ക്കാരും, പ്രതിപക്ഷവും തുടര്‍ന്നു പോരുന്ന ഹിന്ദുവിരുദ്ധ നടപടികളുടെ അനുഭവത്തിലാണ് ഹിന്ദുഐക്യവേദി ഈ ആവശ്യമുന്നയിക്കുന്നത്.
ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഹിന്ദു സംഘടനകളുമായി ചര്‍ച്ച ചെയ്യണം. ഇലന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഭിചാരവും മാന്ത്രികവും നരബലിയും നടത്തുന്നത് ഹിന്ദുക്കളാണ് എന്ന തരത്തിലാണ് സംസ്ഥാനത്ത് പ്രചാരണങ്ങള്‍ നടത്തുന്നത്. ഹിന്ദുക്കളെ ഇകഴ്ത്തി കാട്ടി ഇതര മതസമൂഹങ്ങളെ പ്രീതിപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാലമത്രയും നടത്തിയത്.
ക്ഷേത്രത്തില്‍ സ്ത്രീകള്‍ പോകുന്നത് പൂജാരിയെയും പരപുരുഷന്മാരെയും ആകര്‍ഷിക്കാനാണെന്ന് എഴുതിയ അശ്ലീല സാഹിത്യകാരന് വയലാര്‍ അവാര്‍ഡും ഹിന്ദു ദേവി ദേവന്മാരെ നഗ്നരായി ചിത്രീകരിച്ച എം.എഫ്. ഹുസൈന് രാജാ രവിവര്‍മ്മയുടെ പേരില്‍ പുരസ്കാരവും നല്കി ആദരിച്ചുമാണ് ഹിന്ദുക്കളെ അവഹേളിച്ചത്. ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളില്‍ നിന്നും നടപടിക്രമങ്ങളില്‍ നിന്നും സര്‍ക്കാരും ജനപ്രതിനിധികളും പിന്തിരിയണം, ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ വേണമെന്നും എസ്. ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: