തൃശൂര്‍: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ രോഗ ഉറവിടം സ്ഥിരീകരിക്കാനാവാതെ മൃഗസംരക്ഷണ വകുപ്പ്. ജില്ലയില്‍ സെപ്തംബര്‍ ആദ്യമാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. അന്ന് ആയിരത്തിലധികം പന്നികളെയാണ് കൊന്നൊടുക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് ജൂലൈയില്‍ വയനാട് മാനന്തവാടിയിലായിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച നിരവധി പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.
പിന്നീട് മൂന്ന് മാസത്തിനകം ജില്ലയിലുമെത്തി. സംസ്ഥാനത്ത് കോഴിക്കോടും വയനാടും തൃശൂരിലുമായി രണ്ടായിരത്തിലധികം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കരുവന്നൂരില്‍ പന്നികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ 10 കേന്ദ്രങ്ങള്‍ നിരീക്ഷണ പരിധിയിലുള്‍പ്പെടുത്തിയിരുന്നു. എങ്ങനെയാണ് ആഫ്രിക്കന്‍ പന്നിപ്പനി ജില്ലയിലെ പന്നി ഫാമുകളില്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പനി 64 പന്നികള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇവിടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. അതിരപ്പള്ളി പഞ്ചായത്തിലെ നിരീക്ഷണത്തിലുള്ള മറ്റ് ഫാമുകളിലെ പന്നികളുടെ സാമ്പിള്‍ അടുത്തദിവസങ്ങളില്‍ പരിശോധിക്കും. അതേസമയം സംസ്ഥാനത്ത് വന്‍തോതില്‍ പന്നികളെ കൊണ്ടുവരുകയും വളര്‍ത്തുകയും കൊണ്ടുപോവുകയും പന്നി മാംസം വിനിയോഗിക്കുകയും ചെയ്യുന്ന അങ്കമാലി മേഖലയിലാവട്ടെ ഈ ആശങ്കയില്ലെന്നതാണ് മൃഗസംരക്ഷണ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ല എന്നതാണ് ആശ്വാസം. ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിലില്ല. രോഗം ബാധിച്ചാല്‍ പന്നികളെ കൊന്നാടുക്കുകയേ നിവൃത്തിയുള്ളൂ. തെക്കുകിഴക്കന്‍ ഏഷ്യയില്‍ പന്നിവളര്‍ത്തല്‍ മേഖലയെ പിടിച്ചുലച്ച ആഫ്രിക്കന്‍ പന്നിപ്പനി തൃശൂരിലെത്തിയത് ഉത്തരേന്ത്യയില്‍ നിന്നാകാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. ബീഹാറില്‍ ആറുമാസത്തോളം പന്നിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയും ആയിരക്കണക്കിന് പന്നികള്‍ ചത്തൊടുങ്ങുകയും ചെയ്തിരുന്നു. മിസോറം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: