സുമ വി. (ഫോണ്‍- 9074569476)
അച്ഛനെക്കുറിച്ച് എഴുതാന്‍ ഞാന്‍ ശക്തി ആര്‍ജ്ജിക്കുകയായിരുന്നു. പലവട്ടം ശ്രമിച്ചെങ്കിലും അതിനുള്ള ധൈര്യം കൈവന്നത് ഇപ്പോഴാണ്. അച്ഛന്റെ വേര്‍പിരിയലിന് ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. ഇതെഴുതുമ്പോള്‍ എന്റെ മനസ്സ് വിങ്ങുന്നു. കണ്ണുനീര്‍ ധാരയായി ഒഴുകുന്നു. അച്ഛനോട് അനുവാദം വാങ്ങിക്കൊണ്ടുതന്നെയാണ് ഇതുകുറിക്കുന്നത്.
അച്ഛന്‍ എന്ന അനുപമസങ്കല്‍പ്പത്തിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഓരോ വ്യക്തിയെ സംബന്ധിച്ചും അവന്റെ അനുഭവങ്ങളാണ് ആ സങ്കല്‍പ്പത്തിന് നിറമേകുന്നത്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ മിഴിവോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്വാധീനം പ്രകാശവീചികളെപ്പോലെ ഞങ്ങളുടെ കുടുംബത്തിനു ചുറ്റും വലയം ചെയ്തിരിക്കുന്നു.
എല്ലാ അച്ഛനമ്മമാരും കണ്വമഹര്‍ഷിയെപോലെ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്. പത്താംക്ലാസ്സില്‍ ടീച്ചറായിരുന്ന അമ്മ അഭിജ്ഞാന ശാകുന്തളം പഠിപ്പിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ ചിന്ത. വളരെ മനോഹരമായി, ഹൃദ്യമായി ഞങ്ങളെ ശകുന്തളയിലേക്കും ദുഷ്യന്തനിലേക്കും ആശ്രമത്തിലെ മുല്ലവള്ളിയിലേക്കും തേന്‍മാവിലേക്കുമെല്ലാം മാനസ സഞ്ചാരം നടത്തിക്കുവാന്‍ അമ്മയ്‌ക്ക് കഴിഞ്ഞിരുന്നു. ഈ കഥയുടെ അവസാനം ശകുന്തളയെ ഭര്‍ത്തൃഗൃഹത്തിലേക്ക് ആനയിക്കുന്ന കണ്വമഹര്‍ഷിയുടെ രംഗപ്രവേശമാണ് അച്ഛനെ ആ സ്ഥാനത്ത് കാണുവാന്‍ പ്രേരിപ്പിച്ചത്.
സര്‍വ്വസംഗപരിത്യാഗിയായ ആ വളര്‍ത്തച്ഛന്റെ നൊമ്പരം എന്റെ വിവാഹവേളയില്‍ ഞാനെന്റെ അച്ഛനില്‍ കണ്ടു. വിവാഹത്തലേന്ന് ബന്ധുക്കളെക്കൊണ്ടുനിറഞ്ഞ വീട്ടില്‍ ഒരു മുറിയില്‍ നിലത്ത് പായവിരിച്ച് ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. കണ്ണുകളടച്ചു കിടന്നു. കാല്‍പെരുമാറ്റം കേട്ട് ശ്രദ്ധിച്ചു. അച്ഛന്‍ എന്റെ അടുത്തു വന്നിരുന്ന് നെറ്റിയില്‍ തലോടുന്നു. പതുക്കെ കുനിഞ്ഞ് നെറ്റിയില്‍ ഒരു സ്‌നേഹ ചുംബനം നല്‍കി എഴുന്നേറ്റുപോയി. നടക്കുമ്പോള്‍ കണ്ണുനീര്‍ തുടയ്‌ക്കുന്നത് ഇടനെഞ്ചുപൊട്ടുന്ന വേദനയോടെ ഞാന്‍ ശ്രദ്ധിച്ചു. ഇതാണെന്റെ അച്ഛന്‍ എനിക്ക് തന്ന ഏറ്റവും അവിസ്മരണീയമായ അനുഭവം.
ഒരിക്കല്‍പ്പോലും പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും ആ മനസ്സിലെ സ്‌നേഹത്തിന്റെ ആഴങ്ങള്‍ മനസ്സിലാക്കിയിരുന്നു. സ്‌നേഹം നിറഞ്ഞ ശാന്തമായ മനസ്സായിരുന്നു അച്ഛന്റെ പ്രത്യേകത. മഹാഭാരത ദര്‍ശനങ്ങളും വേദങ്ങളും പുരാണങ്ങളും പഠിക്കുമ്പോഴും കാല്‍പനികതയെ പുല്‍കിയ മനസ്സായിരുന്നു അച്ഛന്റേത്.
ആ മനസ്സിലേക്ക് ഒരു കുന്ന് സ്‌നേഹവും ആകാശത്തോളം ശാന്തതയും നിറയ്‌ക്കുന്നതാകട്ടെ എന്റെ പ്രിയപ്പെട്ട അമ്മയും. പ്രൗഢമായ മഹാരാജകീയ കലാലയത്തില്‍ ഒരുമിച്ച് പഠിച്ച് പ്രണയിച്ച് വിവാഹിതരായവര്‍. അമ്മയെക്കുറിച്ച് അച്ഛന്‍ എഴുതിയിട്ടുള്ള കവിതകളില്‍ ചിലത് ‘കേരള കൗമുദി’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു ഗൗരവ പ്രകൃതക്കാരന്റെ മുഖാവരണം അണിയാന്‍ എല്ലായ്‌പ്പോഴും അച്ഛന്‍ ശ്രമിക്കാറുണ്ട്. സ്‌നേഹപ്രകൃതം ഞങ്ങള്‍ മക്കള്‍ മുതലാക്കുമോ എന്ന സന്ദേഹമായിരിക്കാം കാരണം. അച്ഛന്റെ ദൗര്‍ബല്യമായിരുന്നു അമ്മ. എനിക്കും അനുജത്തി മഞ്ജുവിനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആ സ്‌നേഹക്കടലിന്റെ ആഴം ബോദ്ധ്യമായത്.
ഭാരതീയ സംസ്‌കാരത്തിന്റെ കാതലായ സന്ദേശമാണ് മാതാ പിതാ ഗുരു ദൈവം എന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വിവിധ ധര്‍മ്മങ്ങള്‍ ഉണ്ട്. മാതാവും പിതാവും ഗുരുവും ഈശ്വരന്മാരെപോലെ എന്റെ വീട്ടിലുള്ളതായിരുന്നു എന്റെ പുണ്യം. പ്രസവിച്ചു പാലൂട്ടിയ അമ്മ ഗുരു, ജീവിതത്തിലുടനീളം സംരക്ഷിച്ചു മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന അച്ഛന്‍ ഗുരു. അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വിദ്യാര്‍ത്ഥിയായിരുന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണു ഞാന്‍. ഇത് എന്റെ മുജ്ജന്മസുകൃതം.
അച്ഛന്റെയോ അമ്മയുടെയോ, ആരുടെ അദ്ധ്യാപനമാണ് മികച്ചത്? രണ്ടുപേര്‍ക്കും മലയാള വിഷയത്തിലൂടെ വിദ്യാര്‍ത്ഥികളെ സാഹിത്യലോകത്തേയ്‌ക്ക് കൈപിടിച്ചുയര്‍ത്തുന്ന ഉദാത്തമായ അദ്ധ്യാപനശൈലി. സരസവും ആകര്‍ഷകവുമായ രീതിയില്‍ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ശൈലിയാണ് അമ്മയുടേത്. പ്രപഞ്ചത്തെ ക്ലാസ്സ് മുറിയുടെ നാലുചുമരുകള്‍ക്കുള്ളിലേയ്‌ക്ക് ആവാഹിക്കുന്നതാണ് അച്ഛന്റെ ശൈലി. സാധാരണ വിദ്യാര്‍ത്ഥിയെപ്പോലെ ഞാനും അച്ഛന്റെ ക്ലാസ്സിലിരുന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ള പാഠഭാഗം അത് ലേഖനമോ നോവലോ ഗദ്യമോ പദ്യമോ നാടകമോ എന്തുമാകട്ടെ, ഒരു ഖണ്ഡിക വായിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന വിവരണം അതീവ ഗംഭീരം തന്നെ. ശാസ്ത്രം, ചരിത്രം, കല, ഗണിതം, പുരാണം ഇവയുടെ സമഞ്ജസമായ സമ്മേളനമാകും ക്ലാസ്സ്മുറി. കാലോചിതവും സമയോചിതവുമായ വിവരണങ്ങള്‍ സമകാലീന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന അപൂര്‍വ്വമായ അദ്ധ്യാപന രീതിയാണിത്. എരിവും പുളിയും കയ്‌പ്പും മധുരവും നുണയാന്‍ പറ്റുന്ന രുചിയനുഭവം പകരുന്നതുപോലെ.
ആദരണീയനായ അച്ഛാ, വേദങ്ങള്‍ കുടികൊള്ളുന്നത് അവിടുത്തെ നാവിന്‍തുമ്പിലാകുന്നു. ഈ പ്രപഞ്ചത്തിലെ വിശുദ്ധമായതെല്ലാം ചേര്‍ന്ന സ്വരൂപമാണ് അങ്ങ്. ദുഃഖങ്ങളിലും ജീവിത ദുരന്തങ്ങളിലും തളരാതെ വസന്തകാലം സ്വപ്‌നം കണ്ട് അതുനേടിയെടുക്കാന്‍ പ്രേരണ നല്‍കുന്ന ധ്യാനബലമാണ് എനിക്ക് അച്ഛന്‍. പ്രതികരിക്കാനും അതിജീവിക്കാനും അഭിജാതമായി അടയാളപ്പെടുത്താനും എന്നെ പഠിപ്പിച്ച മഹാഗുരുവാണ് എന്റെ അച്ഛന്‍. കോപം നിയന്ത്രിക്കാന്‍ പഞ്ചാക്ഷരമന്ത്രം ജപിക്കാനും മനസ്സിനെ ശാന്തമാക്കുവാന്‍ ‘നിനക്ക് കണ്ണുംകാതും, നാവും ഇല്ലെന്ന് സങ്കല്‍പ്പിക്കുക അപ്പോള്‍ നീ ശാന്തയാകും’ എന്ന് പറഞ്ഞു പരിശീലിപ്പിക്കുവാനും ശ്രമിച്ച് എന്റെ സാധനാമാര്‍ഗ്ഗം തെളിയിച്ചു തന്ന ഋഷിയാണെന്റെ അച്ഛന്‍.
കഥയും കവിതയും എഴുതണമെന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് അച്ഛനെ കാണിച്ചു. അനുകമ്പയോടെ ആ കടലാസിലേക്ക് നോക്കി മൗനം ഭജിച്ച അച്ഛനോട് പ്രതിഷേധിച്ച് അകലെ മാറിയിരുന്നതോര്‍ക്കുന്നു ഞാന്‍. അച്ഛന്റെ പ്രോത്സാഹനം കിട്ടാത്തതില്‍ വിഷമിച്ചുനില്‍ക്കുമ്പോള്‍ മുഖത്ത് നേര്‍ത്ത ചിരിയുമായി നാലഞ്ച് പുസ്തകങ്ങളുമായി അച്ഛന്‍ പിന്നില്‍. എന്നെ പതുക്കെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പറഞ്ഞു, മോളെ യഥാര്‍ത്ഥ ചങ്ങാതി പുസ്തകങ്ങളാണ്. പുസ്തകം നമ്മളെ ചതിക്കില്ല. ധാരാളം വായിക്കാനും പഠിക്കാനും. ഓരോ താളും അതീവ ശ്രദ്ധയോടെ പഠിക്കണം. അതിനുശേഷം എഴുതാന്‍ ശ്രമിക്കണം. ഇത്രയും പറഞ്ഞ് അച്ഛന്‍ നടന്നകലുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
‘മഹാഭാരത പര്യടനം ഭാരതദര്‍ശനം ഒരു പുനര്‍വായന’ എന്ന ഗ്രന്ഥം രചിക്കാന്‍ അദ്ദേഹം അനുഭവിച്ച ത്യാഗം അതുല്യമാണ്. വേദപുരാണങ്ങളും ഇതിഹാസങ്ങളും ഒട്ടൊക്കെ ഹൃദിസ്ഥമായിരുന്ന അച്ഛന് ഈ ഗ്രന്ഥരചന ഒരു തപസ്യയായിരുന്നു. നമ്മുടെ ഇതിഹാസ ദര്‍ശനങ്ങളുടെ മഹത്വം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് അദ്ദേഹം ഈ രചനയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ രചനയ്‌ക്ക് അച്ഛന് താങ്ങും തണലുമായി നിന്ന അമ്മ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഓരോ പേജും എഴുതി അമ്മ വായിച്ചതിനുശേഷം മാത്രമാണ് അച്ഛന്‍ അടുത്ത പേജിലേയ്‌ക്ക് കടന്നിരുന്നത്. ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിയ്‌ക്കുന്നതും അമ്മ കാഞ്ചനയ്‌ക്കു തന്നെ.
അച്ഛന്‍ ഞങ്ങള്‍ക്കു നല്‍കിയ കരുത്ത് അക്ഷരങ്ങളിലൂടെ പകര്‍ത്താന്‍ സാധ്യമല്ല. ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അച്ഛന്റെ മകളായി പിറക്കാനാണ് ആഗ്രഹം. ഞാന്‍ എഴുതുന്ന ഈ സ്‌നേഹാക്ഷരങ്ങള്‍ക്കൊക്കെ അപ്പുറമാണ് അച്ഛന്റെ വ്യക്തിത്വം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി തന്നെ ഈ ഓര്‍മ്മക്കുറിപ്പിന് വിരാമമിടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: