ഭീകരവാദികളുടെയും വിഘടനവാദികളുടെയും, ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന അഞ്ചാംപത്തികളുടെയും ആഗ്രഹത്തിന് വിരുദ്ധമായ സാഹചര്യം ജമ്മുകശ്മീരില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ആഹ്ലാദകരവും അഭിമാനകരവുമായ കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ഇസ്ലാമിക ഭീകരര്‍ പുരണ്‍ കൃഷന് ഭട്ട് എന്ന യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദുക്കളായ പണ്ഡിറ്റുകള്‍ തെരുവിലിറങ്ങിയത് കശ്മീര്‍ മാറുകയാണ് എന്നതിന്റെ വ്യക്തമായ ചിത്രം നല്കുന്നു. ഇനി ആരെയും ഭയക്കില്ലെന്നും പലായനം ചെയ്യില്ലെന്നും പ്രഖ്യാപിച്ച് റോഡ് ഉപരോധിച്ച പണ്ഡിറ്റുകളില്‍ പുതിയൊരു ആത്മവിശ്വാസം പ്രകടമാണ്. കശ്മീര്‍ തങ്ങളുടെ മണ്ണാണെന്നു വിളിച്ചു പറഞ്ഞ അവര്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പിന്തുണ നല്കുന്ന ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും, അതിന്റെ കവാടം തകര്‍ത്ത് ഇന്ത്യ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പൗരപ്രമുഖന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും അണിചേര്‍ന്ന മാര്‍ച്ച് കശ്മീരിലെ ഭീകരരുടെ ചോരക്കളിക്കെതിരെയും വിഘടനവാദികള്‍ക്കെതിരെയും, ഇക്കൂട്ടരെ ഇതിന് സഹായിക്കുന്ന പാകിസ്ഥാനെതിരെയും ശക്തമായ മുദ്രാവാക്യമാണ് ഉയര്‍ന്നത്. വിഘടനവാദികളുടെ ഓഫീസ് ഏറ്റെടുത്ത് അനാഥമന്ദിരം നടത്തുമെന്നുവരെ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ഭീകരതയും ചോരയുമല്ല, സമാധാനമാണ് കശ്മീരിനു വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഒരു സമൂഹം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നത് മനോഭാവത്തില്‍ വന്ന വലിയ മാറ്റം തന്നെയാണ്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കശ്മീര്‍ താഴ്വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ് ഹിന്ദു പണ്ഡിറ്റുകള്‍. പാക് പിന്തുണയുള്ള ഭീകരവാദികള്‍ പണ്ഡിറ്റുകളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് നിഷ്കരുണം വെടിവച്ചുകൊല്ലുകയായിരുന്നു. ഈ മതഭ്രാന്തന്മാരായ രക്തദാഹികളെ അടിച്ചമര്‍ത്താനോ ഇരകളെ സംരക്ഷിക്കാനോ ഭരണകൂടം തയ്യാറായില്ല. കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമൊക്കെ ഈ നരഹത്യകളെ ശക്തമായി അപലപിക്കുക പോലും ചെയ്തില്ല. താഴ്വരയില്‍നിന്ന് പലായനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞുകൂടേണ്ടി വന്ന പണ്ഡിറ്റുകളുടെ ആവലാതികള്‍ കേള്‍ക്കാനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഇവരാരും മുന്നോട്ടുവന്നില്ല. കശ്മീരിനെ ഹിന്ദുമുക്തമാക്കുകയെന്നത് പാകിസ്ഥാനെയും വിഘടനവാദികളെയും പോലെ ഇവരുടെയും അജണ്ടയായിരുന്നു. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് ഇനിയൊരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഇക്കൂട്ടര്‍ സ്വപ്നം കണ്ടു. ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ മുതലക്കണ്ണീരൊഴുക്കിയ ‘മതേതരപാര്‍ട്ടികള്‍’ സന്തോഷം പുറത്തറിയിക്കാതെ ഉള്ളില്‍ ചിരിച്ചു. ഭീകരര്‍ നടത്തിയ മനുഷ്യക്കശാപ്പുകളെ അപലപിച്ചതും, പലായനം ചെയ്ത പണ്ഡിറ്റുകളെ കശ്മീരില്‍ പുനരധിവസിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെട്ടതും ബിജെപി മാത്രമാണ്. തെരഞ്ഞെടുപ്പു പത്രികകളിലും ഇക്കാര്യം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു. ഒരിക്കലും നടക്കാത്ത കാര്യമെന്ന രീതിയില്‍ മറ്റുപാര്‍ട്ടികള്‍ പരിഹാസത്തോടെയാണ് ഇതിനെ കണ്ടത്. കശ്മീരി പണ്ഡിറ്റുകള്‍ സ്വമേധയാ താഴ്വര വിട്ടതാണെന്നും, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്നും പറഞ്ഞ് കറകളഞ്ഞ കാപട്യവും ഹിന്ദുവിരുദ്ധരായ ഇവര്‍ പുറത്തെടുത്തു.
ദേശീയോദ്ഗ്രഥനത്തിന് എതിരായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയതോടെയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചതും, ആശാവഹമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതും. വിഘടനവാദികളെ സഹായിക്കുകയും പാകിസ്ഥാനെ സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഈ വകുപ്പ് റദ്ദാക്കിയതിനെതിരെ വലിയ കോലാഹലമുയര്‍ന്നെങ്കിലും അതിനു ചെവികൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. അമര്‍ഷവും രോഷവുമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് ഒരുകാലത്ത് അലമുറയിട്ടവര്ക്കും ഇപ്പോള്‍ യാഥാര്‍ത്ഥ്യബോധം കൈവന്നിരിക്കുകയാണ്. ഭരണഘടനയില്‍നിന്ന് നീക്കം ചെയ്ത ഈ വകുപ്പ് ഇനിയൊരിക്കലും തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരോടു പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നു. കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും, ഭരണസൗകര്യത്തിനായി സംസ്ഥാനത്തെ രണ്ടാക്കുകയും ചെയ്തശേഷം ഭീകരവാദത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതോടെ വലിയ തോതില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കേന്ദ്രത്തിന്റെ ഉറപ്പില്‍ നൂറുകണക്കിന് പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയില്‍ പങ്കാളികളായി ഇവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പണ്ഡിറ്റുകള്‍ തന്നെ ധീരമായി രംഗത്തുവരുന്നത് ‘നയാ കശ്മീര്‍’ രൂപപ്പെടുന്നതിന്റെ സൂചനയാണ്. ഭാരതീയ സംസ്കാരത്തിന്റെ ഊര്‍ജസ്രോതസ്സായ ആ പുണ്യഭൂമിയുടെ മഹത്വം സമ്പൂര്‍ണമായി വീണ്ടെടുക്കുന്നതിന്റെ തുടക്കമായി ഇതിനെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: