തൃശൂര്‍: നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന് പുനര്‍ജ്ജന്മം. പുന്നത്തൂര്‍ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ മാസത്തോടെ ആരംഭിക്കാനാണ് തീരുമാനം.
കോവിലകത്തിന്റെ തനിമ നിലനിര്‍ത്തി അതേപടി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദേവസ്വം നടപ്പാക്കുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി. കെ. വിജയന് പറഞ്ഞു. 18 ഏക്കറോളം വരുന്ന നിലവിലെ ആനക്കോട്ടയുടെ മധ്യത്തിലാണ് പുന്നത്തൂര്‍ കോവിലകം സ്ഥിതി ചെയ്യുന്നത്. കോവിലകത്തിന്റെ ചുമരുകളും തൂണുകളും നിലവില്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ഇതെല്ലാം പഴമ ചോരാതെ പുനര്‍നിര്‍മ്മിക്കുന്ന ഡിപിആര്‍ ആണ് ദേവസ്വം തയ്യാറാക്കിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നുവീണ പുന്നത്തൂര്‍ കോട്ടയിലെ വിശാലമായ നാടകശാലയും ഇതോടൊപ്പം പുതുക്കിപ്പണിയും. ഭാവിയില്‍ ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കണമെന്ന ആലോചനയും ദേവസ്വത്തിനുണ്ട്. നാലുകെട്ടും നടുമുറ്റവും കൊത്തുപണികളുമെല്ലാം പുന്നത്തൂര്‍ കോട്ടയുടെ സവിശേഷതയാണ്.
ഗുരുവായൂരിലെ പ്രധാന തീര്‍ത്ഥാടന ടൂറിസം കേന്ദ്രം കൂടിയാണ് പുന്നത്തൂര്‍ കോട്ട. ഇപ്പോള്‍ 43 ആനകളാണ് ഇവിടെയുള്ളത്. ആനക്കോട്ടയുടെ 1.07 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആനക്കോട്ടയിലെ റോഡ് നവീകരണവും സന്ദര്‍ശകര്‍ക്കുള്ള ഫുട്പാത്ത് നിര്‍മാണവുമാണ് ആരംഭിക്കുക. ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടറും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് ആനക്കോട്ട. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആന വളര്‍ത്തല്‍ കേന്ദ്രം കൂടിയാണ് ഗുരുവായൂരിലെ ആനക്കോട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: