തൃശൂര്‍: നാറാണത്ത് ഭ്രാന്തന്റെ സ്മരണകള്‍ നിറയുന്ന രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. ഓരോവര്‍ഷവും തുലാം മാസം ഒന്നാം തീയതിയാണ് ഐതിഹ്യപ്പെരുമയില്‍ ചരിത്രപ്രസിദ്ധമായ രായിരനല്ലൂരില്‍ ആയിരങ്ങള്‍ മല കയറാറുള്ളത്. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയും പ്രധാനിയുമായ നാറാണത്ത് ഭ്രാന്തന് മലമുകളില്‍ ദുര്‍ഗ്ഗാദേവി ദര്‍ശനപുണ്യം ലഭിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് രായിരനല്ലൂര്‍ മലകയറ്റം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രായിരനല്ലൂരിലെ മലകയറാന്‍ ഭക്തക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആയിരങ്ങള്‍ രായിരനല്ലൂരിലെത്തുമെന്നാണ് പ്രതീക്ഷ. നാരായണമംഗലത്ത് എന്ന ആമയൂര്‍ ഇല്ലത്തിന്റെ ദ്വാദശാക്ഷരീ ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല. പതിവുപോലെ തുലാം ഒന്നിനു മൂന്നുദിവസം മുമ്പേ ഇവിടെ ലക്ഷാര്‍ച്ചന ആരംഭിച്ചു. ദുര്‍ഗാദേവിയുടേതായ പാദമുദ്രകള്‍ ശ്രീകോവിലിനകത്ത് ഇപ്പോഴും കാണാം. ഈ ഒമ്പതു ചുവടുകളാണ് യഥാര്‍ഥത്തില്‍ ശ്രോകോവിലിനകത്തെ പ്രതിഷ്ഠ. ഇതില്‍ ഏഴുചുവടുകള്‍മാത്രമാണ് ക്ഷേത്രത്തിന്റെ പുറത്തുനിന്നും കാണാനാവുക. രണ്ടു ചുവടുകള്‍ കുറച്ച് ഉള്ളിലേക്ക് വലിഞ്ഞാണ്. ഇതിലെ ഒരുപാദത്തിന്റെ കുഴിയില്‍ ഏതുസമയത്തും ജലം ഉണ്ടാകും. ഇതാണ് ഇവിടത്തെ തീര്‍ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. പൂജക്കും നിവേദ്യത്തിനുമുള്ള ജലം മലയുടെ ഏതാനും മുകളിലായുള്ള ചെറിയ കിണറില്‍ നിന്നാണ് എടുക്കുന്നത്.
ശ്രീലകത്തിന്റെ ഉള്ളിലെ പാറയില്‍ കാലടികള്ക്കടുത്തായി വാല്‍ക്കണ്ണാടി വച്ചാണ് പൂജ നടക്കുന്നത്. ക്ഷേത്രസമക്ഷത്തിലെ പാലമരം എറെ ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രധാനവിശേഷങ്ങള്‍ തുലാം ഒന്നിനും വൃശ്ചികം ഒന്നിനുമാണ്. വൃശ്ചികം ഒന്നിന് ദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് കാര്ത്തികവാരവും നടക്കാറുണ്ട്. തുലാംഒന്നിനുള്ളത്ര ഭക്തര്‍ വൃശ്ചികത്തില് മലകയറാന്‍ എത്താറില്ല. സാധാരണദിവസങ്ങളില്‍ നിത്യവും രാവിലെ മാത്രമാണ് പൂജ നടക്കുന്നത്. രാവിലെ 6 മുതല്‍ 8 വരെയാണ് ദര്‍ശനസൗകര്യമുള്ളത്. ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, പൂജ എന്നിവയാണ് നിത്യവും നടക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 500 അടി ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.
പട്ടാമ്പിയില്‍നിന്നും കൊപ്പം- വളാഞ്ചേരി റൂട്ടില്‍ നടുവട്ടത്ത് ഇറങ്ങി പ്രധാന കവാടത്തിലൂടെ പടികള്‍ കയറിയും ഒന്നാന്തിപ്പടി എന്ന സ്റ്റോപ്പില്‍ നിന്നും ഒറ്റയടി പാതയിലൂടെ മലകയറിയും ഇവിടെയെത്താം. നടുവട്ടത്തു നിന്നും കയറി വന്നാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കും ഒന്നാന്തിപ്പടിയിലൂടെ മലകയറിവന്നാല് തെക്കുഭാഗത്തേക്കുമാണ് പ്രവേശിക്കുക. നടുവട്ടംവഴി പ്രവേശിക്കുമ്പോഴാണ് താഴെയുള്ള ദുര്‍ഗാക്ഷേത്രവും അമ്പലക്കുളവും കാണാന്‍ സാധിക്കുകയുള്ളൂ. താഴെയുള്ള ദുര്‍ഗ്ഗാക്ഷേത്രം കോഴിക്കോടു സാമൂതിരിയുടെ വകയാണ്.
മലമുകളിലെ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും തന്ത്രവും പൂജാധികാരങ്ങളുമെല്ലാം നാരായണമംഗലത്ത് എന്ന ആമയൂര്‍ ഇല്ലത്തുകാര്‍ക്കാണ്. ഇവിടത്തെ രാമന്‍ഭട്ടതിരിപ്പാട്, മധുസൂദനന് ഭട്ടതിരിപ്പാട്, കുമാരസ്വാമി ഭട്ടതിരിപ്പാട്, ശശിഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റാണ് ഭരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: