അഭിജിത്ത് എസ് ഗാണപത്യം
തിരുവല്ല: ഇലന്തൂരില്‍ നരബലിയുടെ പേരില്‍ നടത്തിയ ഇരട്ടക്കൊലയില്‍ അവയവക്കച്ചവടലോബിയുടെ പങ്ക് വ്യക്തമായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. അവയവ ലോബിയുടെ ബന്ധത്തെക്കുറിച്ച് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജന്മഭൂമി കഴിഞ്ഞ വെള്ളിയാഴ്ച നല്കിയ അവയവ ലോബിയേയും ഷാഫി വിളിച്ചു എന്ന വാര്‍ത്തയിലെ വസ്തുതകള്‍ അന്വേഷണ സംഘം ശരിവയ്ക്കുകയാണ്.
അവയവലോബിക്കാരായ കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യസംഘടനയ്ക്ക് മുഖ്യപ്രതി ഷാഫിയുമായുള്ള ബന്ധവും കൃത്യനിര്‍വഹണത്തിലെ പ്രൊഫഷണലിസവുമാണ് സംശയത്തിന് ഇട നല്‍കുന്നത്. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇലന്തൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി.
രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങള്‍ ഇല്ലെന്ന് പോലീസും ഫോറന്‍സിക് വിഭാഗവും വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകങ്ങളുമായി അവയവ മാഫിയ്ക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സംശയിക്കാനുള്ള സാഹചര്യമുണ്ടെന്ന് പോലീസും സ്ഥിരീകരിക്കുന്നു. അറുത്ത് മാറ്റിയ അവയവങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ മറ്റൊരു ശരീരത്തില്‍ തുന്നിച്ചേര്‍ക്കാവുന്നത് ആകണമെന്നില്ല. ഇവയുടെ ദ്രവങ്ങളും മറ്റ് ഭാഗങ്ങളും വന്‍തോതില്‍ മരുന്ന് നിര്‍മ്മാണത്തിലും കോശചികിത്സാരംഗത്തും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലെ നിയമപ്രകാരം മനുഷ്യശരീരത്തില്‍ നിന്ന് ഇവ എടുക്കുന്നത് സാധ്യമല്ല. പകരം സമാന സ്വഭാവമുള്ള മറ്റ് ജീവജാലങ്ങളില്‍ നിന്നും സസ്യജാലങ്ങളില്‍ നിന്നും ഇവ ഉണ്ടാക്കിയെടുക്കുകയാണ്. എന്നാല്‍ ലോകത്തിന്റെ പലഭാഗത്തും അനധികൃതമായി മനുഷ്യശരീരത്തില്‍ നിന്ന് തന്നെ ഇവയെടുക്കുന്ന ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സാധ്യതയും അന്വേഷണ പരിധിയിലുണ്ട്.
പത്മയുടെ മൃതദേഹം കുഴിച്ചിടും മുന്‍പ് അവയവങ്ങള്‍ വേര്‍പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍സിങ്ങിനുംഭാര്യ ലൈലയ്ക്കും ഇത്തരത്തില്‍ അവയവങ്ങള്‍ വേര്‍പെടുത്താനുള്ള കഴിവുണ്ടെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ഒന്നില്‍ക്കൂടുതല്‍ കത്തികള്‍ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ എളുപ്പം വേര്‍പെടുത്താവുന്ന സന്ധികള്‍ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവര്‍ക്കു മാത്രമാണ് ഇതിനു കഴിയുക. രണ്ട് സര്‍ജിക്കല്‍ ബ്ലയ്ഡുകളും നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാംസം ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഫ്രിഡ്ജില്‍ നിന്ന് മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കിട്ടി. മുറിച്ചെടുത്ത മാംസം സൂക്ഷിക്കണം, വാങ്ങാന്‍ ബാംഗ്ലൂരുനിന്ന് ആളുവരും എന്ന് ഷാഫി പറഞ്ഞെന്ന ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും മൊഴിയും പോലീസ് ഗൗരവത്തിലാണ് കാണുന്നത്.
അതേസമയം, ഇലന്തൂരില്‍ കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ ആന്തരിക അവയവങ്ങള്‍ മുറിച്ചു മാറ്റിയെന്ന് ആദ്യഘട്ടത്തില്‍ പ്രതികള്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ പിന്നീട് കുഴിയില്‍ത്തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കണ്ടെടുത്തതോടെ കേസില്‍ വീണ്ടും വൈരുധ്യം നിറഞ്ഞു. ഷാഫിക്ക് കൊച്ചിയിലെ ഒരു സര്‍ക്കാര്‍ സര്‍ജനുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ ഷാഫിയും പങ്കാളിയായിട്ടുണ്ടെന്നുമാണ് ലൈല നല്കുന്ന മൊഴി. പോസ്റ്റുമോര്‍ട്ടത്തിന് തലയോട്ടി പൊട്ടിക്കുന്ന പ്രൊഫഷണല്‍ രീതിയിലാണ് രണ്ട്് സ്ത്രീകളുടേയും തലയോട്ടി കാണപ്പെട്ടത്. എന്നാല്‍ തലച്ചോര്‍ പാകം ചെയ്യുന്നത് രുചികരമാണെന്നും അതെടുക്കാനാണ് ഷാഫി ഇങ്ങനെ പൊട്ടിച്ചതെന്നും ഭഗവല്‍സിങും മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ കുക്കറില്‍ കണ്ട രക്തസാമ്പിളുകള്‍ ആന്തരിക അവയവങ്ങളുടേത് അല്ലെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: