സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്ക്കരിക്കാന്‍ ഖാദര്‍ കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മത സംഘടനകള്‍ ഉന്നയിച്ച എതിര്‍പ്പിനെത്തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗം ഒരു കുടക്കീഴിലാക്കുക വഴി സാമൂഹ്യനീതിയും അവസരസമത്വവും ഗുണമേന്മയും ഉറപ്പു വരുത്താന്‍ ലക്ഷ്യം വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത്. കേന്ദ്ര ഗവണ്മണ്ടിന്റെ സര്‍വ്വശിക്ഷാ അഭിയാന്, രാഷ്ട്രീയ മാദ്ധ്യമിക് അഭിയാന് എന്നീ പദ്ധതികള്‍ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്ക്കാരം. ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ മേഖലയുടെ ശോചനീയാവസ്ഥയെക്കുറിച്ച് രാഷ്ടീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. പാവപ്പെട്ടവര്‍ പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരമുയര്‍ത്തി അവരുടെ ജീവിത നിലവാരമുയര്ത്തുകയെന്നതാണ് ലക്ഷ്യം. അദ്ധ്യാപകരുടെ യോഗ്യത പരിശീലനം ഭരണനിര്‍വഹണം കലാ-കായികം തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം റിസോഴ്സ് ലൈബ്രറി തുടങ്ങി 14 വിഷയങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇതില്‍ ക്ലാസ് രാവിലെ 8 മണിക്ക് ആരംഭിക്കുകയെന്ന നിര്‍ദ്ദേശം മദ്രസ്സാ പഠനത്തിന് തടസ്സമാകുമെന്ന് പറഞ്ഞ് ചില മത സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുകയാണ്. സംഘടിത മതവിഭാഗങ്ങളുടെ വികാരത്തിന്നു മുന്നില്‍ മുട്ടുമടക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന ഇടതു സര്‍ക്കാര്‍ ഇവിടെയും ചരിത്രം ആവര്‍ത്തിക്കുകയാണ്. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്സി വഴിയാക്കണമെന്ന് ലീഗ് പോലും പിന്തുണച്ച തീരുമാനം ഇക്കൂട്ടരുടെ ഭീഷണിയെത്തുടര്‍ന്ന് ഒറ്റയടിക്ക് പിന്‍വലിച്ചത് മറക്കാറായിട്ടില്ല. ഇവിടെ പ്രസക്തമായ ചോദ്യമിതാണ്. അക്കാദമിക്ക് വിഷയങ്ങള്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്യട്ടെ. ജനവികാരം മാനിച്ച് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഉച്ചകഴിഞ്ഞിട്ടും നേരം പുലരാത്ത മതസംഘടനകള്‍ക്ക് ഇവിടെ എന്തുകാര്യം?
എന്താണ് ഈ റിപ്പോര്‍ട്ടിന്റെ കാലികപ്രസക്തി? സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നിലവില്‍ വന്ന കോത്താരി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞതു പോലെ 10+2+3 എന്ന വിദ്യാഭ്യാസഘടന പറയത്തക്ക മാറ്റമൊന്നും കൂടാതെ ഇപ്പോഴും തുടരുകയാണ്. പിന്നിട്ട അരനൂറ്റാണ്ടിനിടയിലെ കുറ്റകരമായ നിസ്സംഗതക്കും ഡിപിഇപി പോലുള്ള വികലമായ പരീക്ഷണങ്ങള്‍ക്കും കേരളത്തിന് വലിയ വില നല്‍കേണ്ടി വന്നു. ഒരു തലമുറയെ ഗിനിപ്പന്നികളാക്കിയവര് ഇന്ന് കാണാമറയത്ത് സുരക്ഷിതരാണ്. വിദ്യാഭ്യാസരംഗത്ത് നടന്ന പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് +2 പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി നിലനിര്‍ത്തണമെന്നാണ്. +3 യുടെ കാര്യത്തില്‍പ്പോലും ഘടനയുടെയും ഉള്ളടക്കത്തിന്റെയും കാര്യത്തില്‍ അടിമുടി മാറ്റം വേണമെന്ന അഭിപ്രായം ഇന്നു ശക്തമാണ്. അപ്പോഴും സാക്ഷര കേരളത്തില്‍ വഞ്ചി തിരുനക്കരതന്നെ. അന്തര്‍സംസ്ഥാനതല മത്സര പരീക്ഷകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി പിന്തള്ളപ്പെടുന്നതുപതിവായിട്ട് കാലമേറെയായി. കേരളം നമ്പര്‍വണ്‍ എന്ന മേനി പറച്ചിലിന് കുറവൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി +2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാവണമെന്ന നിര്‍ദ്ദേശം ഖാദര്‍ കമ്മീഷന് മുന്നോട്ട് വെക്കുന്നത്.
പ്രീ സ്കൂളും പ്രൈമറിയും സെക്കന്‍ഡറിയുമായി പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പുനഃക്രമീകരിക്കണമെന്നാണ് ഘടനാപരമായ പ്രധാന നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും വൊക്കേഷണല്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും ലയിച്ച് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആയി മാറും. വിദ്യാഭ്യാസ നയങ്ങളും തീരുമാനങ്ങളും എളുപ്പത്തില്‍ ഏകോപിപ്പിക്കാന്‍ ഈ സംവിധാനം വഴി സാദ്ധ്യമാവും. നിലവിലുള്ള സങ്കീര്‍ണ്ണതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇതുഗുണപരമായ കാല് വെപ്പാണെന്നതില് തര്‍ക്കമില്ല. അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കായിക പരിശീലനവും ശാസ്ത്രീയമായ തൊഴില്‍ പരിശീലനവും നല്‍കണം. നിലവിലുള്ള വെര്‍ബല്‍ എഡ്യുക്കേഷനില്‍ നിന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള ചുവടുമാറ്റം നിര്‍ണ്ണായകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരുള്ള സംസ്ഥാനമെന്ന നിലക്ക് പ്രത്യേകിച്ചും. പ്രീ സ്കൂളിനായി നയവും നിയമവും വഴി സര്‍ക്കാര്‍ ഏജന്‍സിയുടെ പങ്കാളിത്തമുള്ള റഗുലേറ്ററി സംവിധാനം നിലവില്‍ വരും. മൂന്ന് വയസ്സ് മുതല്‍ സ്കൂള്‍ പ്രവേശന പ്രായം വരെ കുട്ടികള്‍ക്ക് പ്രീ സ്കൂളിങ് സംവിധാനം ഒരുക്കണം. യാതൊരു നിയന്ത്രണവും നിലവാരവുമില്ലാതെ മുളച്ചു പൊങ്ങുന്ന താങ്ങാനാവാത്ത ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് കൂച്ചുവിലങ്ങാവും.
വിദ്യാഭ്യാസ നിലവാരമുയരാന്‍ അടിസ്ഥാന സൗകര്യ വികസനം മാത്രം പോര. അനുഭവം അതാണ് നമ്മളെ പഠിപ്പിക്കുന്നത്. അദ്ധ്യാപകരുടെ യോഗ്യതയും ആത്മാര്‍ഥതയും ഉയര്‍ന്നേ തീരൂ. അദ്ധ്യാപകന്മാരുടെ നിലവാരക്കുറവ് വിദ്യാഭ്യാസ മേഖലയുടെ മുഖത്ത് കരിതേച്ച സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രീ സ്കൂളിന് വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ യോഗ്യതയാവണം. പ്രൈമറി തലത്തില്‍ (ഒന്നു മുതല്‍ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയും ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും സെക്കന്‍ഡറി തലത്തില്‍ ബിരുദാനന്തരബിരുദം അടിസ്ഥാന യോഗ്യതയും പ്രൊഫഷണല്‍ യോഗ്യതയും വേണമെന്ന് കമ്മീഷന് നിഷ്ക്കര്‍ഷിക്കുന്നു. സ്ഥാപന മേധാവികള്‍ പ്രിന്‍സിപ്പല്‍ എന്നറിയപ്പെടും. പ്രിന്‍സിപ്പല്‍ (സെക്കന്‍ഡറി) പ്രിന്‍സിപ്പല്‍ (ലോവര്‍ സെക്കന്‍ഡറി) പ്രിന്‍സിപ്പല്‍ (പ്രൈമറി) പ്രിന്‍സിപ്പല്‍ (ലോവര്‍ പ്രൈമറി) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും.
ഈ കമ്മീഷന് കേന്ദ്രഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നിലവില്‍ വന്നതാണ്. എസ്സിഇആര്ടി മുന്‍ ഡയറക്ടറും എന്‍സിഇആര്‍ടിയിലും നാഷണല്‍ കരിക്കുലം ഫ്രെയിംഗ് വര്‍ക്കിലെ സ്റ്റീയറിംഗ് കമ്മറ്റിയിലും സേവനമനുഷ്ടിച്ച് കഴിവു തെളിയിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് കമ്മിറ്റിയുടെ ചെയര്മാന്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്കുയരണമെങ്കില്‍ ദേശീയ തലത്തില്‍ രൂപം കൊണ്ട വിദ്യാഭ്യാസ പദ്ധതിയിലേക്ക് മാറിയേ മതിയാവൂ. സ്കൂള്‍ തലം തൊട്ട് ഹയര്‍ സെക്കന്‍ഡറി തലംവരെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഉള്‍പ്പെടണമെങ്കില്‍ ഈ പരിഷ്കാരങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ തീരുമാനമനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ എന്‍സിടിഇ മാനദണ്ഡപ്രകാരമുള്ള അദ്ധ്യാപക യോഗ്യത ഉറപ്പു വരുത്തണം. നിര്‍ദ്ദേശങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലായി പരാമര്‍ശിച്ച സ്കൂള്‍ സമയമാറ്റമാണ് മത സംഘടനകള്‍ ഏറ്റെടുത്തു വിവാദമാക്കുന്നത്. മലയാളികള്‍ അഡ്മിഷന് കിട്ടാനായി നെട്ടോട്ടമോടുന്ന ഒട്ടേറെ സെന്‍ട്രല്‍ സ്കൂളിലെയും സമയക്രമം ഇതാണ്. അവിടെ അതിന്റെ ഗുണവുമുണ്ട്. വികസിത രാജ്യങ്ങളില്‍ അദ്ധ്യയനത്തോടൊപ്പം അധ്വാനവും എന്ന ആശയം ഉണ്ട്. രക്ഷിതാക്കളെ ആശ്രയിക്കാതെ പഠനാവശ്യങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ സ്വയംപണം കണ്ടെത്തുന്നതും അങ്ങിനെയാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന വിഐപികളുടെ മക്കള്‍ പോലും മാതൃകാപരമായ ഈ മാര്‍ഗ്ഗം അംഗീകരിക്കുന്നതായി കാണാം. അതിന്നാവുന്നത് പഠന സമയ ക്രമീകരണമാണെന്നു കാണാം. കേരളത്തിന്റെ കാലാവസ്ഥയും അതിന് അനുയോജ്യമാണ്. സമാജനന്മക്കുവേണ്ടി നടക്കുന്ന യജ്ഞത്തിന്റെ ഹോമകുണ്ഠത്തിലേക്ക് ഇങ്ങനെ മാലിന്യം വലിച്ചെറിയുന്ന അസുരന്മാരുടെ ചെയ്തികള്‍ അംഗീകരിക്കാനാവില്ല.
മത രാഷ്ട്രീയം പിടിമുറുക്കിയ കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം എക്കാലവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച അവധിയും വെള്ളിയാഴ്ച ദിവസത്തെ സമയക്രമീകരണവും അതാണ് കാണിക്കുന്നത്. ബാക്കിയാവുന്നതു കൊണ്ട് തൃപ്തിപ്പെടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം. അവര്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമാണ്. ദേവീ ഭക്തന്മാര്ക്ക് ചൊവ്വയും വെള്ളിയും വിശേഷപ്പെട്ട ദിവസങ്ങളാണ്. അങ്ങിനെ എല്ലാവരും ചേര്‍ന്ന് അദ്ധ്യയന ദിവസങ്ങള്‍ പങ്കിട്ടെടുക്കാന്‍ തുടങ്ങിയാല്‍ ഭാവി കേരളത്തെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ മേഖലയുടെ ഗതിയെന്താവും? മറ്റു ചില ശകുനം മുടക്കികളും ഇവരോട് കൈകോര്‍ത്തിട്ടുണ്ട്. പരിഷ്ക്കാരങ്ങള്‍ വരുമ്പോള്‍ ഇരിക്കുന്ന കസേരയുടെ ഉയരം കുറയുമോ എന്നു ശങ്കിക്കുന്ന അദ്ധ്യാപകസംഘടനാ നേതാക്കള്‍. വിദ്യാഭ്യാസരംഗത്തെ തീരാശാപങ്ങള്‍. ഒപ്പം ഒഴിവു വരുന്ന തസ്തികകള്‍ ലേലം വിളിച്ച് വിറ്റ് വിദ്യാലയങ്ങളെ അങ്ങാടി നിലവാരത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ജാതി സംഘടനകളും. പരിഷ്കൃത സമൂഹത്തിനിതൊന്നും അംഗീകരിക്കാനാവില്ല. ബന്ധപ്പെട്ട മേഖലകളില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ അവശ്യം വേണ്ട മാറ്റം വരുത്തി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ട ഊര്‍ജ്ജിതമായ നടപടികളാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: