കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്ക് ലോകായുക്ത നോട്ടീസയച്ചത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന നടപടിയാണ്. കിറ്റൊന്നിന് 500 രൂപമാത്രം വിലയുള്ളപ്പോള്‍ മഹാരാഷ്ട്രയിലെ ഒരു കമ്പനിയില്‍നിന്ന് 1500 രൂപയ്ക്ക് വാങ്ങാനും, മുഴുവന്‍ തുകയായ പത്ത് കോടിയോളം രൂപ മുന്‍കൂറായി നല്‍കാനും തീരുമാനിക്കുകയായിരുന്നു. സാന്‍ഫാര്‍മ എന്ന പേരിലുള്ള വിശ്വാസ്യതയില്ലാത്ത ഒരു കമ്പനിയില്‍നിന്നാണ് പിപിഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇ-മെയിലായി ക്വട്ടേഷന്‍ ലഭിച്ചതിന്റെ പിറ്റേദിവസം തന്നെ ഈ കമ്പനിക്ക് കരാര്‍ നല്‍കിയത് വലിയ വിവാദം സൃഷ്ടിച്ചതാണ്. മുഴുവന്‍ തുകയും മുന്‍കൂറായി നല്കുന്നതില് ഒരു ഉദ്യോഗസ്ഥന് ഫയലില്‍ വിയോജനക്കുറിപ്പെഴുതിയിട്ടും 50 ശതമാനം തുകയും നല്കി. ഇടപാടില്‍ അഴിമതിയുണ്ടെന്ന് പ്രത്യേക്ഷത്തില്‍തന്നെ വ്യക്തമാണ്. പക്ഷേ സര്‍ക്കാര്‍ അത് നിഷേധിക്കുകയായിരുന്നു. കൊവിഡ് മഹാമാരിയില്‍പ്പെട്ട ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ന്യായീകരിക്കുകയും ചെയ്തു. ഇടപാടില്‍ ഒരുതരത്തിലുള്ള ക്രമക്കേടുമില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട മെയിലിന്റെയും, അസാധാരണ വേഗത്തില്‍ തീരുമാനമെടുത്തതിന്റെയും വിവരങ്ങള്‍ പുറത്തായതോടെ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിയുകയായിരുന്നു.
ലോകായുക്തയ്ക്ക് മറുപടി നല്‍കേണ്ട ബാധ്യത ആരോഗ്യ മന്ത്രിയായിരുന്ന ശൈലജയ്ക്കുണ്ടെങ്കിലും സര്‍ക്കാര്‍ മൊത്തം പ്രതിക്കൂട്ടിലാണ്. മഹാരാഷ്ട്ര കമ്പനിയില്‍നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ കരാര്‍ നല്കുന്ന ഫയലില്‍ ശൈലജ ഒപ്പുവച്ച ദിവസംതന്നെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ഒപ്പുവച്ചു. പിറ്റേദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പുവച്ചു. അപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അറിയേണ്ടവരെല്ലാം അറിഞ്ഞാണ് ഈ തീരുമാനമെന്ന് വ്യക്തം. ലോകായുക്തയുടെ നോട്ടീസിനോട് പ്രതികരിച്ച് കെ.കെ. ശൈലജ പറയുന്നതും ഇതുതന്നെയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നിട്ടുള്ളതെന്നും, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതെന്നും ശൈലജ വിശദീകരിക്കുമ്പോള്‍ ചിത്രം വ്യക്തമാണ്. അഴിമതി നടന്നതായി കരുതപ്പെടുന്ന ഇടപാടിന്റെ ഫയലില്‍ ഒപ്പുവച്ചിട്ടുള്ള മുഖ്യമന്ത്രിക്ക് ഒരുതരത്തിലും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഇത്രയും വലിയ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങണോയെന്നുപോലും മുഖ്യമന്ത്രിയോട് ചോദിച്ചുവെന്നും, എവിടെക്കിട്ടിയാലും വാങ്ങി ശേഖരിക്കണമെന്നും പൈസയൊന്നും നോക്കേണ്ടതില്ലെന്നും മറുപടി ലഭിച്ചതായും ശൈലജ വെളിപ്പെടുത്തുന്നു. കൊവിഡ് മഹാമാരിയില്‍നിന്ന് മനുഷ്യരുടെ ജീവന് രക്ഷിക്കാനുള്ള വ്യഗ്രതയായി ഇത് വ്യാഖ്യാനിക്കാമെങ്കിലും കാര്യങ്ങള്‍ അത്ര നിഷ്കളങ്കമല്ല. മൂന്നിലൊന്നില്‍ കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് ലഭ്യമാണെന്നിരിക്കെ സര്‍ക്കാരിന്റെ അന്നത്തെ തിടുക്കത്തിനു പിന്നില്‍ അഴിമതിയോടുള്ള ആഭിമുഖ്യമാണെന്ന് തെളിയുന്നു.
കൊവിഡ് പ്രതിരോധത്തിലെ വിജയം മന്ത്രിയുടെ വ്യക്തിപരമായ നേട്ടമല്ലെന്നും, സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തിന്റെ ഫലമാണെന്നും പറഞ്ഞുകൊണ്ടായിരുന്നുവല്ലോ ശൈലജ മാഗ്സസെ അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന് സിപിഎമ്മും സര്‍ക്കാരും തീരുമാനിച്ചത്. അഴിമതിയുടെ കാര്യത്തിലും ഈ കൂട്ടുത്തരവാദിത്വമുണ്ട്. അതിന് ശൈലജയെ മാത്രം കുറ്റപ്പെടുത്തിയാല്‍ അതിന്റെ യുക്തി സിപിഎമ്മുകാര്‍ക്കുപോലും ബോധ്യപ്പെടില്ല. ലോകായുക്തയിലെ അഴിമതിക്കേസില്‍ തന്നെ ബലിയാടാക്കാമെന്ന് ആരും കരുതേണ്ടന്ന വ്യക്തമായ സൂചനയാണ് ശൈലജയുടെ പ്രതികരണം. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും അനഭിമതയായ നിലയ്ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ വരാനും, തന്നെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ശൈലജ വളരെ വേഗം പ്രതികരിച്ചിട്ടുള്ളത്. പിപിഇ കിറ്റ് അമിതവിലയ്ക്ക് വാങ്ങിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമൊന്നുമില്ലെന്ന് വ്യക്തമായിത്തന്നെ അവര്‍ പറഞ്ഞിരിക്കുകയാണ്. ഇനിയെന്താണ് ഉണ്ടാകാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം. എന്തുകൊണ്ടാണ് ഓര്‍ഡിനന്‍സുകൊണ്ടുവന്നും, നിയമനിര്‍മാണം നടത്തിയും ലോകായുക്തയുടെ കഴുത്തുഞെരിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗിച്ചുവെന്ന കേസിനു പുറമെ കൊവിഡ് അഴിമതിപോലുള്ള മറ്റനേകം അസ്ഥികൂടങ്ങള്‍ സര്‍ക്കാരിന്റെ അലമാരയിലുണ്ടെന്നും, അത് കയ്യോടെ പിടികൂടുമെന്നും തിരിച്ചറിഞ്ഞാണ് ലോകായുക്തയുടെ പല്ലുപറിക്കാന്‍ ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: