കൊച്ചി: ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ മഞ്ഞപ്പടയക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ഐഎസ്എല്‍ ക്ലാസിക് ഹെവിവെയ്റ്റ് പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനാണ് എതിരാളികള്‍.
മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പ് തന്നെ വിറ്റുപോയതിനാല്‍ ഇന്ന് നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുക. ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോട് 2-1ന് തോറ്റാണ് ബഗാന്റെ വരവ്. എങ്കിലും തിരിച്ചുവരവിനു കരുത്തുള്ള താരനിരയാണ് ബഗാന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇതുവരെ നാലു മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഒരു മത്സരവും ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. എടികെ മൂന്നില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനില.
ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന് കലിയൂഷ്നിയിലായിരിക്കും ഇന്ന് ഗാലറിയുടെ നോട്ടം. ഒറ്റ മത്സരം കൊണ്ട് ഉക്രെയ്ന് താരമായ ഈ ചെറുപ്പക്കാരന് താരം ആരാധകരുടെ ഹീറോയായി മാറി. കലിയൂഷ്നി ആദ്യ ഇലവനില്‍ കളിക്കാനിറങ്ങുമോ എന്നകാര്യത്തില്‍ കോച്ച് വുകുമനോവിച്ച് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കലിയൂഷ്നി ആദ്യ ഇലവനില്‍ ഇറങ്ങുകയാണെങ്കില്‍ ഗ്രീക് താരം ദിമിത്രിയോസ് പുറത്തിരുന്നേക്കും. മധ്യനിരയില്‍ കലിയുഷ്നിയും അഡ്രിയാന്‍ ലൂണയും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് വീര്യംകൂടും. പ്രതിരോധമതിലിന്റെ കടിഞ്ഞാണ്‍ മാര്‍കോ ലെസ്കോവിച്ചിന് തന്നെയാകും. പുട്ടിയയും ജീക്സണ് സിങ്ങും ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ കുപ്പായമണിയും.
ഇവാന് മാത്രമല്ല, എല്ലാ വിദേശ താരങ്ങളുടെ പ്രകടനത്തിലും താന്‍ സംതൃപ്തനാണെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ വുകുമനോവിച്ച് പ്രതികരണം. ആദ്യ കളിയില്‍ പ്രതിരോധത്തിലുണ്ടായ പിഴവുകള്‍ ഇന്നത്തെ മത്സരത്തില്‍ പരിഹരിക്കും. യുവതാരം ആയുഷ് അധികാരിയുടെ പരിക്ക് ഗുരുതരമല്ല. എല്ലാ താരങ്ങളും സജ്ജരാണ്. ഐഎസ്എല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് എടികെ. ആദ്യ മത്സരത്തില്‍ അവര്‍ തോറ്റെങ്കിലും കുറച്ചു കാണുന്നില്ല ഇവാന് പറഞ്ഞു.
ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് തോല്‍വി വഴങ്ങിയെങ്കിലും ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് എടികെ മോഹന്ബഗാന് പരിശീലകന് യുവാന്‍ ഫെറാന്‍ഡോ പറയുന്നത്. തന്റെ ടീമിനെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതൊരു ഒരു പ്രധാന മത്സരമാണ്, മൂന്ന് പോയിന്റുകള്‍ നേടാനാണ് ഞങ്ങള്‍ ഇവിടെ വന്നത്, അതാണ് പ്രധാനം. ബ്ലാസ്റ്റേഴ്സിനെതിരെ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും സ്പാനിഷ് പരിശീലകന് കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: