ന്യൂദല്‍ഹി: ആം ആദ്മിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യലൈസന്‍സ് നല്കി കോടികള്‍ കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു. ആരോപണത്തില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഒക്ടോബര്‍ 17നാണ് മനീഷ് സിസോദിയയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഒന്നാം പ്രതികൂടിയാണ് മനീഷ് സിസോദിയ. 2021-22 കാലത്ത് മദ്യ ലൈസന്‍സ് അനുവദിച്ചതില്‍ നിയമം കാറ്റില്‍പറത്തിയെന്നും വേണ്ടപ്പെട്ടവര്‍ക്ക് കൈക്കൂലി വാങ്ങി ടെണ്ടര്‍ പ്രക്രിയ അട്ടിമറിച്ച് ലൈസന്‍സ് നല്‍കിയെന്നുമാണ് ആരോപണം. 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
ക്രിമിനല്‍ ഗൂഡാലോചന, അക്കൗണ്ട് തിരിമറി, അഴിമതി തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. മദ്യനയം രൂപീകരിക്കാന്‍ വേണ്ടി ആരൊക്കെ ഉള്‍പ്പെട്ടിരുന്നു എന്നതും എങ്ങിനെയൊക്കെ പണം കൈമാറി എന്നതും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്ന രണ്ട് വീഡിയോകള്‍ ബിജെപി പുറത്തിറക്കിയിരുന്നു. പഞ്ചാബിലും ഗോവയിലും ആം ആദ്മി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഈ അഴിമതിപ്പണം ഉപയോഗിച്ചുവെന്നും ഇതില്‍ പ്രതികളായ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തി മദ്യ ലൈസന്‍സ് നല്‍കുക വഴി ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
ഒന്നിനു പുറകെ ഒന്നായി ആം ആദ്മി പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്രകുമാര്‍ ജെയിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി. 10,000 ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്ന ചടങ്ങില്‍ ഹിന്ദുവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എന്ന വിവാദത്തെ തുടര്‍ന്ന് രാജേന്ദ്ര പാല് ഗൗതം എന്ന എംഎല്‍എ കഴിഞ്ഞ ദിവസം രാജിവെയ്ക്കേണ്ടിവന്നു. മോദിയ്ക്കും മോദിയുടെ അമ്മയ്ക്കും എതിരെ ഗുജറാത്തില്‍ വിവാദ പ്രസ്തവാനകള്‍ നടത്തിയ ആം ആദ്മിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ വിവാദപുരുഷനായി മാറി. ഇവിടെ ആം ആദ്മി വലിയ തിരിച്ചടി നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: