തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ രാഷ്‌ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ധ്വനിയില്‍ രാമായണത്തിലെ കഥയെ ദുര്‍വ്യാഖ്യാനം ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം പിന്‍വലിച്ചു.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സത്യസന്ധതയും, നേര്‍വഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള രാഷ്‌ട്രീയക്കാര്‍ക്കുള്ള മേന്മകളെന്ന് കെ സുധാകരന്‍ പറഞ്ഞു.ഒപ്പം കേരളത്തിലെ തെക്ക്‌വടക്ക് മേഖലയില്‍ നിന്നുള്ള രാഷ്‌ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും ഉദാഹരണത്തിന് രാമായണത്തെ കൂട്ടുപിടിക്കുകയുമായിരുന്നു സുധാകരന്‍.
‘ രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്‌ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു തോന്നല്‍. പക്ഷെ അതിന്റെ ഭവിഷ്യത്ത് ആലോചിച്ചപ്പോഴേക്കും തൃശൂര്‍ എത്തി. പിന്നെ ലക്ഷ്മണന്റെ ചിന്ത മാറുകയും തെറ്റായ ചിന്ത വന്നതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടാവുകയും ചെയ്തു. പക്ഷെ ഇത് മനസ്സിലായ രാമന്‍ ലക്ഷ്മണനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ‘ഞാന്‍ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നുമായിരുന്നു രാമന്‍ പറഞ്ഞത്’ എന്നായിരുന്നു സുധാകരന്റെ കഥ പറച്ചില്‍.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറാവണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു.
തുടര്‍ന്ന് വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്‍ രംഗത്തു വന്നു. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന്‍ പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ഇങ്ങനെയൊരു കഥ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട. ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താന്‍ ലക്ഷമിട്ടായിരുന്നില്ല പരാമര്‍ശമെന്നും അങ്ങനെയാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നതായും സുധാകരന്‍ പറഞ്ഞു.
ഒരു വിഭാഗത്തെ അപമാനിച്ചും താഴ്‌ത്തിക്കെട്ടിയും രാഷ്‌ട്രീയം നടത്താന്‍ കേരളം പോലെ ഒരു സംസ്ഥാനത്ത് സാധിക്കില്ലെന്ന സാമാന്യബുദ്ധി തങ്ങള്‍ക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: