ഏറണകുളം: ഓരോരുത്തരും സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും മറ്റുളളവരെ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ. എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം ശ്രദ്ധയില്‍ പെടുന്ന സാഹചര്യത്തില്‍ പോലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും ലഹരി ഉപയോഗിക്കുന്നവരുടെ ബന്ധുക്കളെയും യഥാസമയം വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള ലഘു ലേഖയുടെ പ്രകാശനവും കൊച്ചി മെട്രോ എം.ഡി നിര്‍വഹിച്ചു.
ഒരു മാസം നീണ്ടു നില്ക്കുന്ന തീവ്ര യജ്ഞ പരിപാടിയാണ് കൊച്ചി മെട്രോയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
എക്സൈസ് പ്രിവെന്റ്റീവ് ഓഫീസര്‍ വി. ജയരാജ് ലഹരിക്കെതിരെ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു. ചടങ്ങില്‍ കൊച്ചി മെട്രോ പബ്ലിസിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ജനറല്‍ മാനേജര്‍ സി നിരീഷ്, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സി. സുനു, എക്സൈസ് എറണാകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ബാബു, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദ്ദനന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: